| Friday, 18th November 2016, 5:01 pm

നോട്ടു നിരോധനത്തില്‍ മോദിയെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തിയെന്ന് സംഘപരിവാര്‍ പ്രചരണം; വാസ്തവത്തില്‍ സംഭവിച്ചത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്

എന്നാല്‍ ഇന്ത്യയിലെ നോട്ടു നിരോധനത്തെ കുറിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയ ഇതിന് മറുപടി നല്‍കുന്നത്.


കോഴിക്കോട്:   നോട്ടു നിരോധനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനത്തെ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുകഴ്ത്തുകയാണെന്ന സംഘി പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയ. വിദേശ രാജ്യങ്ങളിലെ പത്രങ്ങള്‍ മോദിയെ പുകഴ്ത്തുമ്പോള്‍ കേരളത്തിലെയടക്കം മാധ്യമങ്ങള്‍ കുത്തിതിരിപ്പ് ഉണ്ടാക്കുകയാണെന്നുണ് വാട്‌സ്ആപ്പിലൂടെയടക്കം മോദി അനുകൂലികള്‍ പ്രചരിപ്പിക്കുന്നത്.


എന്നാല്‍ ഇന്ത്യയിലെ നോട്ടു നിരോധനത്തെ കുറിച്ച് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ നല്‍കിയാണ് സോഷ്യല്‍ മീഡിയ ഇതിന് മറുപടി നല്‍കുന്നത്.

സര്‍ക്കാരിന്റെ നീക്കം ജനങ്ങളെ എങ്ങനെയാണ് വെറുപ്പിക്കുന്നതെന്നും മോദിയുടെ തീരുമാനത്തെ അഴിമതിക്കാര്‍ മാത്രമാണ് സ്വീകരിക്കുന്നതടക്കമുള്ള തലക്കെട്ടുകളാണ് റിപ്പോര്‍ട്ടുകളിലുള്ളത്.

നോട്ടു നിരോധനം കൊണ്ട് രാജ്യത്തെ ബാങ്കുകളില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നോട്ടുദുരിതത്തില്‍പ്പെട്ട ജനങ്ങളുടെ പ്രസ്താവനകളടക്കം ഉള്‍പ്പെടുത്തിയാണ് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട്.



നോട്ടു നിരോധനം ജനദ്രോഹപരമായ നടപടിയാണെന്ന് ബി.ബി.സി ഇന്ത്യ കറസ്‌പോണ്ടന്റ് സൗതിക് ബിശ്വാസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.


ബാങ്കുകളിലെ അവസ്ഥയെ കുറിച്ചുള്ള ബി.ബി.സി റിപ്പോര്‍ട്ട്


സര്‍ക്കാരിന്റെ നടപടിയെ മോശം സാമ്പത്തിക ശാസ്ത്രമെന്ന് വിലയിരുത്തിക്കൊണ്ടുള്ള ബി.ബി.സി റിപ്പോര്‍ട്ട്


മോദിയുടെ തീരുമാനത്തെ അഴിമതിക്കാരായ പണക്കാര്‍ മാത്രം എന്തുകൊണ്ട് സ്വാഗതം ചെയ്യുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് വിലയിരുത്തുന്നു.


നോട്ടു നിരോധനം ഏര്‍പ്പെടുത്തി 6 ദിവസത്തിനുള്ളില്‍ 25 പേര്‍ മരിച്ച വാര്‍ത്ത ഹഫിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


നോട്ടുനിരോധനം ജനരോഷം ഉയര്‍ത്തുന്നുവെന്നും എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ ജനങ്ങള്‍ പണത്തിനായി കാത്തു നില്‍ക്കുമ്പോള്‍ അവ അടഞ്ഞു കിടക്കുന്നുവെന്നും അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു



നോട്ട് മാറാന്‍ ആളുകള്‍ കൂട്ടത്തോടെ ബാങ്കിന് മുന്നിലെത്തിയതോടെ ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തിയും ആശങ്കയും പടരുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.


പണം മാറ്റത്തിനായി ആളുകള്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ തടിച്ചു കൂടുന്നുവെന്ന് ഇന്‍ഡിപ്പെന്‍ഡന്റിന്റെ റിപ്പോര്‍ട്ടും പറയുന്നു.


56 ഇഞ്ച് നെഞ്ചളവിന്റെ വീമ്പു പറയുന്ന മോദി 96 വയസുള്ള അമ്മയെ ബാങ്കില്‍ വരി നിര്‍ത്തിയെന്നും  എങ്ങനെയുള്ള മകനാണ് മോദിയെന്നും ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചോദിക്കുന്നു.

We use cookies to give you the best possible experience. Learn more