ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു പോലെ ഇഷ്ടമുള്ള ഫ്രാഞ്ചൈസി ലീഗാണ് ബിഗ് ബാഷ് ലീഗ്. ഓസ്‌ട്രേലിയന്‍ ടി-20 ലീഗായ ബി.ബി.എല്‍ ‘ക്വാളിറ്റി ഓഫ് ക്രിക്കറ്റി’ന്റെ പേരില്‍ കൂടിയാണ് പ്രസിദ്ധമായത്.
എന്നാല്‍ ക്വാളിറ്റി ഓഫ് ക്രിക്കറ്റിന് പേരു കേട്ട ബി.ബി.എല്ലിലെ രസരവും ചിരിയുണര്‍ത്തുന്നതുമായ സംഭവത്തിനാണ് വെള്ളിയാഴ്ച നടന്ന മത്സരം സാക്ഷിയായത്.
ക്രിക്കറ്റിലെ അടിസ്ഥാന നിയമം മറന്ന അന്താരാഷ്ട്ര താരത്തിന്റെ പ്രകടനവും തുടര്‍ന്ന് അംപയര്‍ നല്‍കിയ പിഴയുമാണ് ക്രിക്കറ്റ് ലോകം ചര്‍ച്ചയാക്കിയത്.
മെല്‍ബണ്‍ സ്റ്റാര്‍സും ഹൊബാര്‍ട്ട് ഹറികെയ്ന്‍സും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു സംഭവം. സിംഗിളെടുക്കുമ്പോള്‍ ക്രീസിനുള്ളിലെത്തണമെന്ന അടിസ്ഥാന നിയമമായിരുന്നു ഹൊബാര്‍ട്ട് താരം മറന്നത്.
രണ്ടാം റണ്ണിനായി ഓടിയപ്പോള്‍ ബൗളിംഗ് എന്‍ഡിലെ ക്രീസിലെത്താതെ തിരിച്ചോടുകയായിരുന്നു. അംപയറും ബൗളറും നോക്കി നില്‍ക്കെയായിരുന്നു താരത്തിന്റെ ഈ ‘പ്രകടനം’. വിക്കറ്റിന് മൂന്ന് മീറ്ററോളം മുന്നേ ബാറ്റ് കുത്തിയായിരുന്നു താരം രണ്ടാം റണ്ണിനായി ഓടിയത്.
എന്നാല്‍ ഈ അവസരം മുതലാക്കാന്‍ സ്റ്റാര്‍സിന് കഴിഞ്ഞില്ല. ഹറികെയ്ന്‍സ് ഉയര്‍ത്തിയ 180 റണ്‍സിന്റെ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സ്റ്റാര്‍സ് 24 റണ്‍സകലെ കാലിടറി വീഴുകയായിരുന്നു. നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാന്‍ മാത്രമാണ് മെല്‍ബണ്‍ സ്റ്റാര്‍സിന് സാധിച്ചത്.