ലിംഗ സമത്വം ഉറപ്പാക്കാന്‍ ഐ.സി.സി; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചു
Cricket news
ലിംഗ സമത്വം ഉറപ്പാക്കാന്‍ ഐ.സി.സി; നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചു
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th July 2023, 11:58 pm

ന്യൂദല്‍ഹി: ഐ.സി.സി ഇനങ്ങളില്‍ മത്സരിക്കുന്ന പുരുഷ-വനിതാ ടീമുകള്‍ക്ക് തുല്യമായ സമ്മാനത്തുക പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ നടന്ന ഐസിസിയുടെ വാര്‍ഷിക സമ്മേളനത്തിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

2017 മുതല്‍ ഈ ലക്ഷ്യം നടപ്പാക്കാന്‍ ശ്രമം തുടങ്ങിയിരുന്നെന്നും അതിന്റെ ഭാഗമായി എല്ലാ വര്‍ഷവും വനിതാ ഇവന്റുകളില്‍ സമ്മാനത്തുക വര്‍ധിപ്പിച്ച് വരുന്നുണ്ടെന്ന്
ഐ.സി.സി ചെയര്‍മാന്‍ ഗ്രെഗ് ബാര്‍ക്ലേ പ്രസ്താവനയില്‍ പറഞ്ഞു. ചരിത്രപരമായ ഈ തീരുമാനം നടപ്പാക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ബാര്‍ക്ലെ കൂട്ടിച്ചേര്‍ത്തു.

 

ഐ.സി.സിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ബി.സി.സി.ഐയും അറിയിച്ചു. ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഐ.സി.സിയുടെ തീരുമാനമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജെയ് ഷാ ട്വീറ്റ് ചെയ്തു.

‘ഈ സുപ്രധാന ഉദ്യമം കൈവരിക്കുന്നതിന് സഹായിച്ച ബോര്‍ഡ് അംഗങ്ങള്‍ക്ക് നന്ദി പറയുന്നു. ലോകമെമ്പാടും ക്രിക്കറ്റ് തഴച്ചുവളരുന്ന ഒരു ഭാവിക്കായി നമുക്ക് പ്രവര്‍ത്തിക്കാം,’ ജയ് ഷാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വനിതാ, പുരുഷ താരങ്ങള്‍ക്ക് ഒരേ മാച്ച് ഫീ നല്‍കാന്‍ ബി.സി.സി.ഐ തീരുമാനമെടുത്തിരുന്നു. ടെസ്റ്റില്‍ 15 ലക്ഷം രൂപ, ഏകദിനത്തില്‍ ആറ് ലക്ഷം, ടി20 യില്‍ മൂന്ന് ലക്ഷം എന്നിങ്ങനെയാണ് ബി.സി.സി.ഐ നല്‍കുന്ന മാച്ച് ഫീ.

Content Highlight:  International Cricket Council has announced equal prize money for men’s and women’s teams competing in ICC events