| Friday, 29th March 2024, 11:39 am

ഗസയില്‍ അടിയന്തര സഹായമെത്തിക്കണം; ഇസ്രഈലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഇസ്രഈലിന് കര്‍ശന നിര്‍ദേശവുമായി അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസയിലേക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിക്കാന്‍ ഇസ്രഈല്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം. പോഷകാഹാരക്കുറവ് മൂലം ഗസയിലെ മരണസംഖ്യ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്.

ഗസ പൂര്‍ണമായും പട്ടിണിയിലായി കഴിഞ്ഞെന്നും ഇസ്രഈലിന്റെ പക്ഷത്ത് നിന്ന് ഉടന്‍ നടപടി വേണമെന്നുമാണ് ഉത്തരവ്. ദക്ഷിണാഫ്രിക്ക ഫയല്‍ ചെയ്ത വംശഹത്യാ കേസിലെ ആദ്യ വിധിയെ തുടര്‍ന്ന് ഗസയില്‍ സ്വീകരിച്ച നടപടികള്‍ ഒരു മാസത്തിന് ശേഷം ഇസ്രഈല്‍ വിശദീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

‘ഗസയില്‍ പട്ടിണി പടരുകയാണ്. ഭക്ഷണം, വെള്ളം, വൈദ്യുതി, വൈദ്യസഹായം എന്നിവ ഉള്‍പ്പെടെയുള്ള മാനുഷിക സഹായങ്ങള്‍ തടസമില്ലാതെ ഉറപ്പാക്കണം. വംശഹത്യാ കണ്‍വെന്‍ഷന്റെ പരിധിയില്‍ വരുന്ന നടപടികളില്‍ നിന്ന് ഇസ്രഈല്‍ വിട്ടുനില്‍ക്കണം, കൂടാതെ വംശഹത്യ നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തണം,’ എന്നും കര്‍ശനമായി കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ അടിയന്തര ഇടപെടല്‍ ഇസ്രഈലിന് നിലവില്‍ വെല്ലുവിളി ഉണ്ടാക്കിയിരിക്കുകയാണ്.
കോടതിയിലെ ജഡ്ജിമാര്‍ ഐക്യകണ്ഠമായാണ് ഇസ്രഈലിനോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഗസയിലെ ദുരന്താവസ്ഥ കണ്ട് ഞെട്ടിപ്പോയെന്ന് ഇന്തോനേഷ്യന്‍ മെഡിക്കല്‍ ജീവനക്കാര്‍ അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം 11 ഇന്തോനേഷ്യന്‍ ഡോക്ടര്‍മാരാണ് ഗസയില്‍ എത്തിയിരിക്കുന്നത്.

നിലവിലെ കണക്കുകള്‍ പ്രകാരം ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 32,552 വര്‍ധിച്ചിരിക്കുകയാണ്.

Content Highlight: International Court of Justice warning to Israel

We use cookies to give you the best possible experience. Learn more