റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണം; ഇസ്രഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
World News
റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണം; ഇസ്രഈലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2024, 7:43 pm

 

ഹേഗ്: റഫയിലെ സൈനിക നടപടി ഇസ്രഈല്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി. ഗസയിലെ വംശഹത്യക്കെതിരെ ദക്ഷിണാഫ്രിക്ക നല്‍കിയ ഹരജിയിലാണ് വിധി.

രണ്ടിനെതിരെ 13 ജഡ്ജിമാരാണ് റഫയിലെ സൈനിക നടപടി അവസാനിപ്പിക്കമെന്ന വിധിയെ പിന്തുണച്ചത്. ഗസയിലേക്ക് സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ഹമാസ് നിരുപാധികം ബന്ദികളെ വിട്ടയക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടു. ഗസയിലെ ഫലസ്തീനികളുടെ അവസ്ഥയെ വിനാശകരമെന്നും കോടതി ചൂണ്ടിക്കാട്ടി. നിലവില്‍ എട്ട് ലക്ഷത്തിലേറെ ഫലസ്തീനികള്‍ അഭയാര്‍ത്ഥികളായി മാറിയിട്ടുണ്ട്. റഫയിലെ ഇസ്രഈല്‍ ആക്രമണം ഒരു സമൂഹത്തെ മുഴുവനായും നശിപ്പിച്ചേക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഇസ്രഈലിനെതിരെയുള്ള വംശഹത്യ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ യു.എന്നിന്റെ നിയന്ത്രണത്തില്‍ അന്വേഷണ കമ്മീഷന്‍ രൂപീകരിക്കണമെന്നും ഐ.സി.ജെ ഉത്തരവിട്ടു. വസ്തുതാന്വേഷത്തിനായി എത്തുന്ന സംഘത്തിന്റെ ഗസയിലേക്കുള്ള പ്രവേശനം ഉറപ്പുവരുത്താന്‍ ഇസ്രഈല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കോടതി വ്യക്തമാക്കി.

ഒരു മാസത്തിനുള്ളില്‍ കോടതി വിധിയില്‍ ഇസ്രഈല്‍ കൈക്കൊണ്ട നടപടികള്‍ അറിയിക്കണമെന്നും ഐ.സി.ജെ ഉത്തരവില്‍ പറയുന്നു.

കഴിഞ്ഞ മാസങ്ങളില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവുകളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ ഇസ്രഈല്‍ പരാജയപ്പെട്ടുവെന്ന് പാനല്‍ ബോഡി പ്രസിഡന്റ് ജസ്റ്റിസ് നവാം സലാം ചൂണ്ടിക്കാട്ടി.

റഫയിലെ സൈനിക നടപടി അവസാനിപ്പിക്കണമെന്ന കോടതി വിധിയെ ഫലസ്തീന്‍ അതോറിറ്റി സ്വാഗതം ചെയ്തു. എന്നാല്‍ വിധി വിലയിരുത്തുന്നതിനായി ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അടിയന്തിര യോഗം വിളിച്ചുചേര്‍ത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുദ്ധത്തില്‍ സമ്പൂര്‍ണ വിജയം കൈവരിക്കുന്നത് വരെ റഫ അധിനിവേശം, സൈനിക സമ്മര്‍ദം വര്‍ധിപ്പിക്കല്‍, ഹമാസിന്റെ പരാജയം എന്നിവ മാത്രമാണ് ലക്ഷ്യമെന്ന് ഇസ്രഈല്‍ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍ ഗ്വിര്‍ പ്രതികരിച്ചതായി ഇസ്രഈലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദക്ഷിണാഫ്രിക്കയുടെ കേസ് വസ്തുതാരഹിതമാണെന്നും വംശഹഹത്യാ ആരോപണങ്ങള്‍ ഉന്നയിച്ച് പരിഹസിക്കാനാണ് ശ്രമിക്കുന്നതെന്നും ഇസ്രഈല്‍ പ്രതിനിധികള്‍ അന്താരാഷ്ട്ര കോടതിയില്‍ നേരത്തെ പറഞ്ഞിരുന്നു.

ഹമാസിന്റെ ഒരു പ്രതിനിധി സംഘവുമായി ദക്ഷിണാഫ്രിക്ക കൂടിക്കാഴ്ച നടത്തിയെന്നും അവിടെ ബന്ദികളെ മോചിപ്പിക്കാനോ സാധാരണക്കാരുടെ സംരക്ഷണത്തിനോ വേണ്ടി അവര്‍ വാദിച്ചില്ലെന്നും ഇസ്രഈല്‍ ആരോപിച്ചിരുന്നു.

മെയ് 17ന് നടന്ന വാദത്തില്‍ റഫയില്‍ നിന്ന് ഇസ്രഈല്‍ സേന പിന്‍മാറാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഉത്തരവിടണമെന്നായിരുന്നു ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ പ്രധാന ആവശ്യം.

Content Highlight: International Court of Justice calls for Israel to end military operation in Rafah