| Sunday, 30th June 2013, 5:06 pm

ടൂറിസത്തിന്റെ വിജയം സഞ്ചാരികളുടെ എണ്ണത്തിലല്ല: ഉത്തരവാദിത്ത ടൂറിസം വിദഗ്ധര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]കോട്ടയം: ##ടൂറിസം മേഖലയുടെ വിജയം അളക്കേണ്ടത് സന്ദര്‍ശകരുടെ എണ്ണത്തിലല്ലെന്ന് ഉത്തരവാദിത്ത ടൂറിസം വിദഗ്ധര്‍. ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട് കുമരകത്ത് നടന്ന രാജ്യാന്തര സമ്മേളനത്തിലാണ് വിദേശ പ്രതിനിധികള്‍ ഇങ്ങനെയൊരു നിര്‍ദേശം കേരളത്തിന് മുന്നില്‍ വെച്ചത്.

സംസ്ഥാന ടൂറിസം വകുപ്പും ആര്‍ടി സ്‌കൂള്‍ അറ്റ് കിറ്റ്‌സും ചേര്‍ന്നാണ് രാജ്യത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചത്.[]

ടൂറിസം മേഖലയുടെ വിജയം സന്ദര്‍ശകരുടെ എണ്ണത്തിലല്ല, സമൂഹത്തിന്റെ നേട്ടത്തിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളത്തില്‍ ഉത്തരവാദിത്ത ടൂറിസം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്ന് ലീഡ്‌സ് മെട്രോപൊളിറ്റന്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറും ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഡയറക്ടറുമായ ശ്രീ ഹാരോള്‍ഡ് ഗുഡ്‌വിന്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കേരളത്തിലെ പഞ്ചായത്തുകളും സ്വയം സഹായ സംഘങ്ങളും പ്രാദേശിക ജനസമൂഹവും വിനോദ സഞ്ചാരമേഖലയുമെല്ലാം പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്നുണ്ട്.

മികച്ച തുടക്കം നേടാനായത് ഇനി സഞ്ചാരികളുടെ എണ്ണത്തിലുപരി അവരുടെ സന്ദര്‍ശനത്തിലൂടെ സമൂഹത്തിന് ലഭിക്കുന്ന സാമ്പത്തികനേട്ടത്തിന്റെയും മൂല്യമാണ് പരിശോധിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസം മേഖലയില്‍ ഊര്‍ജ്ജ പാരിസ്ഥിതിക സൗഹൃദ നിര്‍മാണപ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന് റെസ്‌പോണ്‍സിബിള്‍ ടൂറിസം ഇനിഷ്യേറ്റീവ് പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ശ്രീ ബി.കെ.സരൂപ് റോയ് പറഞ്ഞു.

ഉത്തരവാദിത്ത ടൂറിസം രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കാനായി കിറ്റ്‌സ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങുമെന്നും സരൂപ് റോയ് പറഞ്ഞു.

വിദേശ പ്രതിനിധികളായ ഡോ. അദമാ ബാ, കിറ്റ്‌സ് ഡയറക്ടര്‍ ഡോ.രാജശ്രീ അജിത്, കിറ്റ്‌സ് പ്രിന്‍സിപ്പല്‍ ഡോ. ബി.വിജയകുമാര്‍ തുടങ്ങിയവരും സമാപനചര്‍ച്ചകളില്‍ പങ്കെടുത്തു.

Latest Stories

We use cookies to give you the best possible experience. Learn more