ടെഹ്‌റാന്‍: പൊതുസ്ഥലങ്ങളില്‍ ഹിജാബ് ധരിക്കാത്ത സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇറാന്‍ അധികാരികള്‍ അടിച്ചമര്‍ത്തുകയാണെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. ഇറാനിലെ സദാചാര പൊലീസിങ് തിരിച്ചെത്തിയിരിക്കുന്നുവെന്നും ഹിജാബ് ധരിക്കാത്ത നിരവധി പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഇറാനിലെ സദാചാര പൊലീസിങ് തിരിച്ചെത്തിയിരിക്കുന്നു. മഹ്‌സ അമിനിയെ കൊലപ്പെടുത്തിയ, ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ സ്ത്രീകളെയും പെണ്‍കുട്ടികളെയും അടിച്ചമര്‍ത്തുകയും കീഴ്‌പ്പെടുത്തുകയും ചെയ്യുന്ന സദാചാര പൊലീസിങ്ങിന്റെ ചിഹ്നം യൂണിഫോമില്‍ നിന്നും പട്രോളിങ് വാനുകളില്‍ നിന്നും നീക്കം ചെയ്യാന്‍ പോലും അധികാരികള്‍ തയ്യാറായില്ല,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
ഏപ്രില്‍ 15 മുതല്‍ ഇറാനിലെ ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഹിജാബോ മതപരമായ ശിരോവസ്ത്രമോ ധരിക്കാതെയുള്ള ചിത്രം ഏതെങ്കിലും ക്യമറയില്‍ പതിഞ്ഞാല്‍ അവരുടെ കാറുകള്‍ കണ്ടുകെട്ടുമെന്ന സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് ആംനസ്റ്റി റിപ്പോര്‍ട്ട് പറയുന്നു.
‘ഏപ്രില്‍ 15 മുതല്‍ ഇറാനിലെ ദശലക്ഷത്തിലധികം സ്ത്രീകള്‍ക്ക് ഹിജാബോ മതപരമായ ശിരോവസ്ത്രമോ ധരിക്കാതെയുള്ള ചിത്രം ഏതെങ്കിലും ക്യമറയില്‍ പതിഞ്ഞാല്‍ അവരുടെ കാറുകള്‍ കണ്ടുകെട്ടുമെന്ന സന്ദേശം ലഭിച്ചിട്ടുണ്ട്. ഈ തരത്തില്‍ ഏപ്രില്‍ മുതല്‍ 2,000 കാറുകള്‍ കണ്ടുകെട്ടുകയും 4,000ത്തിലധികം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
നിര്‍ബന്ധിത ഹിജാബ് നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ചുള്ള 108,211 റിപ്പോര്‍ട്ടുകള്‍ ശേഖരിച്ചുവെന്നും തുടര്‍ന്ന് 300 ‘കുറ്റവാളികളെ’ കണ്ടെത്തി അറസ്റ്റ് ചെയ്‌തെന്നും പൊലീസ് വക്താവ് പറയുന്നു.
ഇറാനിയന്‍ അധികാരികളുടെ ശക്തമായ അടിച്ചമര്‍ത്തലിലൂടെ സ്ത്രീകളോടും പെണ്‍കുട്ടികളോടുമുള്ള സ്വയംഭരണാവകാശം, സ്വകാര്യത, അഭിപ്രായ സ്വാതന്ത്ര്യം, മതം, വിശ്വാസം എന്നിവയോടുള്ള അവഗണനയാണ് വ്യക്തമാകുന്നത്.
ഇറാനിലെ അധികാരികള്‍ക്കെതിരെ ഒരു നിലപാട് സ്വീകരിക്കാന്‍ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. രാജ്യങ്ങളുടെ പ്രതികരണം പൊതു പ്രസ്താവനകളില്‍ മാത്രം ഒതുങ്ങരുത്. ഇറാനിലെ ലിംഗാധിഷ്ഠിത പീഡനങ്ങളില്‍ നിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും രക്ഷപെടുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുണയ്ക്കാന്‍ എല്ലാ സര്‍ക്കാരുകളും തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യണം,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
ഈ നിയമം പ്രകാരം ഹിജാബ് ധരിക്കാതെ പരസ്യമായോ സാമൂഹ്യ മാധ്യമത്തിലൂടെയോ പ്രത്യക്ഷപ്പെടുന്നതും ശരീര ഭാഗങ്ങള്‍ കാണിക്കുക, ഇറക്കം കുറഞ്ഞതോ, ഇറുങ്ങിയതോ ആയ വസ്ത്രം ധരിക്കുന്നതും പിഴ ഈടാക്കുന്ന കുറ്റമാണ്. പണപ്പിഴ, കാറുകളും ആശയവിനിമയ ഉപകരണങ്ങളും കണ്ടുകെട്ടല്‍, ഡ്രൈവിങ് നിരോധനം, ശമ്പളത്തില്‍ നിന്നും തൊഴില്‍ ആനുകൂല്യത്തില്‍ നിന്നും കിഴിവ്, ജോലിയില്‍ നിന്ന് പിരിച്ചുവിടല്‍, ബാങ്കിങ് സേവനങ്ങള്‍ നിരോധിക്കല്‍ തുടങ്ങിയവയാണ് പിഴയായി കണക്കാക്കുന്നത്.
അതേസമയം ജൂലൈ 23ന് നിയമനിര്‍മാണ സമിതി, 70 ഉപാധികളടങ്ങിയ ഭേദഗതി ചെയ്ത ഈ ബില്ല് വിലയിരുത്താനായി പാര്‍ലമെന്റിന് കൈമാറിയിരുന്നു. എന്നാല്‍ ഇതുവരെ പുതുക്കിയ ബില്ല് അധികാരികള്‍ പുറത്തിറക്കിയില്ല.
ഹിജാബ് നിര്‍ബന്ധമാക്കുന്നത് ഇറാനില്‍ സമൂഹത്തിലിറങ്ങി പ്രവര്‍ത്തിക്കുന്നതില്‍ നിന്നും പല സ്ത്രീകളെയും വിലക്കാനുള്ള കാരണമാകുന്നുവെന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സംഘടനകള്‍ പറയുന്നു. എന്നാല്‍ ഇറാന്റെ പരമ്പരാഗതമായ നിയമങ്ങള്‍ പരിപാലിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് സദാചാര പൊലീസിങ്ങിനെ സപ്പോര്‍ട്ട് ചെയ്യുന്നവരുടെ വാദം.
content highlights: International community must protect women fleeing human rights abuses in Iran: Amnesty