ജനങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞാല്‍ തങ്ങളുടെ ഹിന്ദുത്വവര്‍ഗീയ താല്പര്യങ്ങള്‍ നടപ്പിലാവില്ലെന്ന് സംഘപരിവാറിനറിയാം; ലക്ഷദ്വീപിനെ പിന്തുണച്ച് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍
Lakshadweep
ജനങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞാല്‍ തങ്ങളുടെ ഹിന്ദുത്വവര്‍ഗീയ താല്പര്യങ്ങള്‍ നടപ്പിലാവില്ലെന്ന് സംഘപരിവാറിനറിയാം; ലക്ഷദ്വീപിനെ പിന്തുണച്ച് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th May 2021, 7:50 pm

കൊച്ചി: ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍(ഐ.സി.യു). കശ്മീര്‍ ജനതയെ വരിഞ്ഞുമുറുക്കി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതുപോലെ, ബി.ജെ.പി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാണെന്നും അതിനു പിന്നിലെ പ്രധാന കാരണം നൂറുശതമാനവും അതൊരു മുസ്‌ലിം ജനതയാണെന്നതാണെന്നും ഐ.സി.യു ഫേസ്ബുക്ക് പോസ്റ്റിലെഴുതി.

‘രാജ്യത്തെ ജനങ്ങള്‍ സമാധാനമായും സാഹോദര്യത്തോടെയും കഴിഞ്ഞാല്‍ തങ്ങളുടെ ഹിന്ദുത്വവര്‍ഗീയ താല്പര്യങ്ങള്‍ നടപ്പിലാവില്ലെന്ന് സംഘപരിവാറിനറിയാം. അവ നടപ്പിലാക്കാനുള്ള എളുപ്പവഴിയാണ് മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ച് രാജ്യത്ത് ധ്രുവീകരണം വളര്‍ത്തുകയും അങ്ങനെ പുതിയ സംഘര്‍ഷസാധ്യതകള്‍ തുറക്കുകയുമെന്നത്,’ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെയും വംശീയ ഉന്മൂലനശ്രമങ്ങളെയും ഐ.സി.യു ശക്തമായി അപലപിക്കുന്നുവെന്നും അവരുടെ അതിജീവനത്തിനായുള്ള സമരത്തിനു ഐ.സി.യുവിന്റെ ഐക്യദാര്‍ഢ്യം അറിയിക്കുന്നുവെന്നും പോസ്റ്റില്‍ പറയുന്നു.

ദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

ഇതിനിടെ ജീവനക്കാരുടെ അധ്യാപകരുടെയും കുറവ് ചൂണ്ടിക്കാട്ടി 15ഓളം സ്‌കൂളുകളാണ് ലക്ഷദ്വീപില്‍ പൂട്ടിയത്. കില്‍ത്താനില്‍ മാത്രം അഞ്ച് സ്‌കൂളുകള്‍ പൂട്ടി. ഫിഷറീസ് വകുപ്പിലെ 39 ഉദ്യോഗസ്ഥരെ മറ്റു ദ്വീപുകളിലേക്ക് അടിയന്തരമായി സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്.

ലക്ഷദ്വീപിലെ മുന്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ദിനേശ്വര്‍ ശര്‍മ്മ ശ്വാസകോശ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതോടെയാണ് കഴിഞ്ഞ ഡിസംബറില്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രി പ്രഫുല്‍ പട്ടേലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ചുമതല ഏല്‍പ്പിക്കുന്നത്.

ചുമതലയേറ്റത് മുതല്‍ പ്രഫുല്‍ പട്ടേല്‍ ഏകാധിപത്യഭരണം നടത്താനാണ് ശ്രമിച്ചിരുന്നത്. പദവി ഏറ്റെടുത്ത ശേഷമുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ആദ്യ നിയമപരിഷ്‌കാരം ഗുണ്ടാ ആക്ട് നടപ്പിലാക്കിയതായിരുന്നു.

കുറ്റകൃത്യങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യാറില്ലാത്ത ദ്വീപില്‍ ഗുണ്ടാ ആക്ട് പാസാക്കിയ നടപടി ജനാധിപത്യവിരുദ്ധമാണെന്നാണ് ദ്വീപ് നിവാസികള്‍ ആരോപിക്കുന്നത്.

മാത്രമല്ല കൊവിഡ് പ്രോട്ടോകോളില്‍ ഇളവ് നല്‍കിയതോടെ ദ്വീപില്‍ കൊവിഡ് വ്യാപിക്കുകയാണ്. രാജ്യം മുഴുവന്‍ കൊവിഡില്‍ മുങ്ങിയപ്പോഴും ഒരു വര്‍ഷത്തോളം രോഗത്തെ കടലിനപ്പുറം നിര്‍ത്തിയ ലക്ഷദ്വീപിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 68 ശതമാനമാണ്.

കൊച്ചിയില്‍ ക്വാറന്റീനില്‍ ഇരുന്നവര്‍ക്ക് മാത്രം ദ്വീപിലേക്ക് പ്രവേശനം നല്‍കി പാലിച്ച് പോന്ന നിയന്ത്രണങ്ങള്‍ക്കാണ് ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ ഇളവുകളനുവദിച്ചത്.

അതേസമയം ലക്ഷദ്വീപിലെ അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ചതാണ് കോടതി തടഞ്ഞത്.

കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ച നടപടിയാണ് ഇതെന്നും ഭരണകൂടം വിശദീകരണം നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ലക്ഷദ്വീപില്‍ നടക്കുന്നത് അറിയുന്നുണ്ടെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

ഐ.സി.യു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

 

നമ്മില്‍ പെട്ടവരെന്ന യാതൊരു പരിഗണനയുമില്ലാതെ കശ്മീര്‍ ജനതയെ വരിഞ്ഞുമുറുക്കി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതുപോലെ, ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്. അതിനു പിന്നിലെ പ്രധാന കാരണം നൂറുശതമാനവും അതൊരു മുസ്ലീം ജനതയാണെന്നതാണ്.

രാജ്യത്തെ ജനങ്ങള്‍ സമാധാനമായും സാഹോദര്യത്തോടെയും കഴിഞ്ഞാല്‍ തങ്ങളുടെ ഹിന്ദുത്വവര്‍ഗ്ഗീയ താല്പര്യങ്ങള്‍ നടപ്പിലാവില്ലെന്ന് സംഘപരിവാറിനറിയാം. അവ നടപ്പിലാക്കാനുള്ള എളുപ്പവഴിയാണ് മതന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ച് രാജ്യത്ത് ധ്രുവീകരണം വളര്‍ത്തുകയും അങ്ങനെ പുതിയ സംഘര്‍ഷസാധ്യതകള്‍ തുറക്കുകയുമെന്നത്.

ദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ വികസനത്തിനെന്ന വ്യാജേന കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണ പരിഷ്‌ക്കാരങ്ങള്‍ ആ ദ്വീപുകളിലെ സൈ്വര്യജീവിതം അമ്പേ തകര്‍ക്കുകയാണ്. ഒരു വലിയ ഗൂഢലക്ഷ്യം മുന്നില്‍ കണ്ട് സാമ്പത്തികമായും സാംസ്‌ക്കാരികമായും മതപരമായും ദ്വീപുനിവാസികളെ അരക്ഷിതരാക്കുക എന്ന ആദ്യ പടിയാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
അതിനായി ദ്വീപുനിവാസികളെ സര്‍ക്കാര്‍ ജോലികളില്‍ നിന്നും കൂട്ടത്തോടെ പുറത്താക്കുക, അവര്‍ക്ക് തദ്ദേശ കരാര്‍ ജോലികള്‍ നിഷേധിക്കുക, മത്സ്യബന്ധനം മുഖ്യവരുമാനമായ അവരുടെ തൊഴില്‍ സൗകര്യങ്ങള്‍ ഇല്ലായ്മ ചെയ്യുക, സ്വന്തം ഭൂമിമേലുള്ള അവരുടെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്തുക തുടങ്ങിയ നടപടികള്‍ നടപ്പിലായിക്കഴിഞ്ഞു. ഒപ്പം, കുറ്റകൃത്യങ്ങള്‍ കുറവുള്ള ആ ദേശത്ത്, ദുരുപയോഗം ചെയ്യപ്പെടാന്‍ എളുപ്പമുള്ള ഗുണ്ടാ ആക്ട് പോലൊരു ഇരുതലവാള്‍ നിയമം കൊണ്ടുവന്ന് അവരെ ഭയപ്പെടുത്തി അസ്വസ്ഥരാക്കുന്നു. മെച്ചപ്പെട്ട മാലിന്യസംസ്‌ക്കരണവും ആരോഗ്യവും എന്ന മുഖപടമിട്ട് ബീഫ് നിരോധിക്കുവാന്‍ നിയമം കൊണ്ടുവരുന്നു.

ബീഫ് ഒരു വലിയ രാഷ്ട്രീയ സാംസ്‌ക്കാരിക വിഷയമായ ഇന്ത്യയില്‍, അത് തീന്‍മേശയിലെ മുഖ്യ ഇനമായ ഒരു ജനതയ്ക്കു മുന്നിലേയ്ക്ക് എന്തിന്റെ പേരില്‍ ബീഫ് നിരോധനം ഒളിച്ചുകടത്തിയാലും അതൊരു സാംസ്‌ക്കാരികാധിനിവേശം തന്നെയാണ്. ജനങ്ങളുടെ തീന്‍മേശയിലേക്കുള്ള ഭരണകൂടത്തിന്റെ എത്തിനോട്ടം മെയിന്‍ലാന്‍ഡും കടന്ന് ദ്വീപുകളിലേയ്ക്ക് എത്തിയിരിക്കുന്നു.

വിദൂരമായ കപ്പല്‍ച്ചാലിലൂടെ ദ്വീപുമായോ ദ്വീപുനിവാസികളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു കപ്പലില്‍ വിദേശികള്‍ കൊണ്ടുപോയ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തെ ദ്വീപുമായി കൂട്ടിക്കെട്ടി, അവിടെ ഭീകര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട് എന്ന വ്യാജപ്രതീതി സൃഷ്ടിച്ച്, അതിന്റെ പേരിലാണ് ദ്വീപില്‍ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നത്. നമ്മുടെ സഹോദരായ ദ്വീപുനിവാസികളെ ഒരു സുപ്രഭാതത്തില്‍ രാജ്യദ്രോഹികളായി ചാപ്പയടിക്കുന്നതിനു തുല്യമാണത്. ഇപ്പോള്‍ സര്‍ക്കാര്‍ ദ്വീപില്‍ നടത്തിവരുന്ന അപരവല്‍ക്കരണത്തിനും അതുവഴി ലക്ഷ്യമിടുന്ന ഗൂഢലക്ഷ്യങ്ങളുടെ ഫലപ്രാപ്തിക്കുമെതിരെ ഉണ്ടാവാന്‍ സാധ്യതയുള്ള സമരശബ്ദങ്ങളെയെല്ലാം അടിച്ചമര്‍ത്താനുള്ള മുന്നൊരുക്കം കൂടിയാണത്.

വര്‍ഗ്ഗീയ ലക്ഷ്യങ്ങള്‍ക്കൊപ്പം, മനുഷ്യ ജീവിതങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത കോര്‍പ്പറേറ്റുകള്‍ക്ക് ദാസ്യപ്പണി ചെയ്തുവരുന്ന കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക താല്പര്യങ്ങളും പുതിയ നടപടികള്‍ക്ക് പിന്നിലുണ്ട്. ബി.ജെ.പിയെ സംബന്ധിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുല്‍ പട്ടേലിനെ നിയമിക്കാനുള്ള ഏറ്റവും വലിയ യോഗ്യതതന്നെ അദ്ദേഹത്തിന്റെ പൂര്‍വ്വ ചരിത്രമാണ്. മുന്‍പ് തീരദേശസംരക്ഷണമെന്ന പേരില്‍ ദാമന്‍ ദിയുവിന്റെ വലിയൊരു ഭാഗം തീരം ഒഴിപ്പിച്ചെടുത്തയാളാണ് പട്ടേല്‍. തദ്ദേശീയരായ മത്സ്യത്തൊഴിലാളി ജനത ജീവിച്ചിരുന്ന ആ മനോഹരതീരം ഇന്ന് ടൂറിസം മേഖലയില്‍നിന്ന് പണം വാരുന്ന കോര്‍പ്പറേറ്റുകളുടെ അധീശത്വത്തിലാണ്.

ഇതേ ഒഴിപ്പിക്കലും അധിനിവേശവും ദ്വീപിലും നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിപ്പോള്‍ ദ്വീപിന്റെ തീരത്തെ മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ സൗകര്യങ്ങള്‍ ഇല്ലായ്മ ചെയ്യുന്നത്. ദ്വീപിലെ കോണ്‍ട്രാക്ട് പണികളില്‍ നിന്ന് തദ്ദേശീയരെ വിലക്കുകയും പകരം ഗുജറാത്തില്‍ നിന്നുള്ള വന്‍കിട കോണ്‍ട്രാക്ടര്‍മാര്‍ക്ക് ആ ജോലികള്‍ ഏല്‍പ്പിച്ചു നല്‍കുകയും ചെയ്യുന്ന പ്രഫുല്‍ പട്ടേല്‍ മുന്‍പ് ഗുജറാത്തിലെ ഒരു പ്രമുഖ മരാമത്ത് കോണ്ട്രാക്ടര്‍ ആയിരുന്നുവെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.

ദ്വീപുനിവാസികളെ ഇല്ലായ്മ ചെയ്തുകൊണ്ട്, ടൂറിസം, നിര്‍മ്മാണ മേഖലകളിലെ കോര്‍പ്പറേറ്റുകള്‍ക്ക് ദ്വീപിലേയ്ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. അതിമനോഹരമായ തീരങ്ങളുള്ള ദ്വീപുകളുടെ ടൂറിസം സാധ്യതകള്‍ തിരിച്ചറിഞ്ഞ്, ജനങ്ങളെ സംരക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന്, യാതൊരു എത്തിക്‌സുമില്ലാതെ ആ തീരങ്ങള്‍ കച്ചവടമാക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ ചെയ്യുന്നത്.
രാജ്യത്തേറ്റവും ഫലപ്രദമായി വര്‍ഗ്ഗീയതയെ ചെറുത്തുനില്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളവുമായി സാഹോദര്യം പുലര്‍ത്തിവരുന്ന ദ്വീപുനിവാസികളെ കേരളവുമായി അകറ്റുക എന്ന ലക്ഷ്യവും ഇതിനിടയില്‍ കൂടി നടപ്പിലാക്കി വരുന്നു. പകരം ബി.ജെ.പി ഭരിക്കുന്ന കര്‍ണാടകയുടെ സ്വാധീനത്തില്‍ ദ്വീപിനെ കൊണ്ടുവരുന്നതിലേയ്ക്കായി, ദ്വീപില്‍ നിന്ന് കേരളത്തേക്കാള്‍ മൂന്നിരട്ടി ദൂരക്കൂടുതലുള്ള, ദ്വീപുമായി സാമൂഹ്യ സാംസ്‌ക്കാരിക ബന്ധങ്ങളൊന്നുമില്ലാത്ത മംഗലാപുരത്തേക്ക് മെയിന്‍ലാന്‍ഡുമായുള്ള ബന്ധം മാറ്റാനാണ് നീക്കം. ഇതിനായി ബേപ്പൂരും കൊച്ചിയിലുമുള്ള അഡ്മിനിസ്‌ട്രേഷ്ന്‍ ഓഫീസുകള്‍ പൂട്ടുകയാണ്.

ബി.ജെ.പി ആഗ്രഹിച്ചതുപോലെതന്നെ ദ്വീപ് അസ്വസ്ഥമാണ് ഇപ്പോള്‍. അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ബി.ജെ.പിയുടെ സ്ഥിരം തന്ത്രം നടപ്പിലായി തുടങ്ങിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററോട് പ്രതിഷേധമറിയിച്ച പലരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു.

ഭൂമിക്ക് മേലുള്ള അവകാശം, തൊഴില്‍ ചെയ്യാനുള്ള അവകാശം, ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശം, സൈ്വര്യജീവിതത്തിനുള്ള അവകാശം, ആത്മാഭിമാനത്തിനുള്ള അവകാശം, ഇങ്ങനെ മനുഷ്യര്‍ക്ക് വേണ്ട അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും ദ്വീപില്‍ നിഷേധിക്കപ്പെടുകയാണ്.
ദ്വീപുനിവാസികള്‍ മലയാളികളാണ്. ഇത് നമുക്കെതിരെയുള്ള അധിനിവേശമാണ്. ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്ന എല്ലാ അവകാശങ്ങളും എല്ലാവരെയും പോലെ ദ്വീപുവാസികള്‍ക്കും കിട്ടേണ്ടതുണ്ട്. ജീവിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളൊരുക്കി മറ്റൊരു കാശ്മീരാക്കരുത് ഈ നാടെന്ന് ആ തീരമപ്പാടെ രാജ്യത്തോട് ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യത്തോടൊപ്പം നില്‍ക്കേണ്ട കടമ സഹോദരരെന്ന നിലയിലും കേവലം മനുഷ്യരെന്ന നിലയിലും നമുക്കുണ്ട്.

ലക്ഷദ്വീപില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെയും വംശീയ ഉന്മൂലനശ്രമങ്ങളെയും ഐ.സി.യു ശക്തമായി അപലപിക്കുന്നു. അവരുടെ അതിജീവനത്തിനായുള്ള സമരത്തിനു ഐ.സി.യുവിന്റെ ഐക്യദാര്‍ഡ്യം അറിയിക്കുന്നു, ആ സമരത്തില്‍ സമ്പൂര്‍ണമായി പങ്കുചേരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlights: International Chalu Union Supports Lakshadweep