| Sunday, 3rd May 2020, 9:57 am

വില്‍ സ്മിത്തും മിക്ക് ജാഗ്ഗറുമുണ്ട്; കൊവിഡ് ദുരിതമനുഭവിക്കുന്നവര്‍ക്കായി ഫണ്ട് കണ്ടെത്താന്‍ ബോളിവുഡിനൊപ്പം ഹോളിവുഡും

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: രാജ്യത്ത് കൊവിഡ് ബാധിതര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഫണ്ട് കണ്ടെത്തുന്നതിനായി വീടുകളില്‍ നിന്ന് കലാപ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ അന്താരാഷ്ട്ര-ഇന്ത്യന്‍ കലാകാരന്മാര്‍ ഒന്നിക്കുന്നു. മെയ് മൂന്നിന് സംഘടിപ്പിക്കുന്ന പരിപാടിയില്‍ റോക്ക് സിംഗറും നടനുമായ മിക്ക് ജാഗ്ഗറും ഹോളിവുഡ് നടന്‍ വില്‍ സ്മിത്തും അടക്കം നിരവധി പ്രമുഖരാണ് അണിചേരുന്നത്.

നാലുണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന മേള കൊവിഡ് മൂലം ദുരിതമനുഭവിക്കുന്നവര്‍ക്ക് ആദരമര്‍പ്പിച്ചുകൊണ്ടാണ് നടത്തുക. ഫേസ്ബുക്കലൂടെ ലൈവ് സ്ട്രീമിംഗ് വഴിയാവും നടത്തുക.

ക്രിക്കറ്റ് താരം വിരാട് കോഹ് ലിയും ബോളിവുഡ് നടീ-നടന്മാരായ പ്രിയങ്കാ ചോപ്രയും ഷാരൂഖ് ഖാനും അവരുടെ പ്രകടനം കാഴ്ച വെക്കും.

ബോളിവുഡ് ഡയറക്ടര്‍മാരായ കരണ്‍ ജോഹറും സോയാ അക്തറുമാണ് പരിപാടിയുടെ സംഘാടകര്‍.

പരിപാടി വഴി ലക്ഷക്കണക്കിന് തുക സമാഹരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഈ തുക കൊവിഡിന്റെ പശ്ചാത്തലത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും നല്‍കുന്ന രാജ്യത്തെ നിരവധി വരുന്ന ഗ്രൂപ്പുകളെ സഹായിക്കാനാണ് പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നത്.

‘ജോലിയില്ലാത്തവരും വീടില്ലാത്തവരും തുടങ്ങി ഭക്ഷണം ലഭിക്കുമോ എന്നുകൂടി അറിയാത്തവര്‍ക്കു വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്,’ സംഘാടകര്‍ പറഞ്ഞു.

മാര്‍ച്ച് 25 മുതല്‍ ഇന്ത്യ ലോക്ക് ഡൗണിലാണ്. ഇളവുകള്‍ പ്രഖ്യാപിച്ചെങ്കിലും മെയ് 17 വരെ രാജ്യത്ത് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരും.

രാജ്യത്ത് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്ന അന്തര്‍ സംസ്ഥാന തൊഴിലാളികളടക്കം നിരവധി പേര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ദുരിതത്തിലാണ്.

രാജ്യത്ത് ഇതുവരെ 37000ത്തിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. 1,218 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more