| Friday, 18th January 2019, 8:35 pm

സഖാവ് ആനന്ദ് എന്നുള്ള കത്താണോ നിങ്ങളുടെ തെളിവ്; തെല്‍തുംബ്‌ഡേയ്‌ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര അംബദ്കറൈറ്റ് സംഘടനകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. ആനന്ദ് തെല്‍തുംബ്‌ഡെക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ ചുമത്തിയ കേസുകള്‍ പിന്‍വലിക്കണമെന്ന് അന്താരാഷ്ട്ര അംബദ്കറൈറ്റ് സംഘടനകള്‍. ലോകത്താകമാനമുള്ള സര്‍വകലാശാലകളില്‍ തെല്‍തുംബ്‌ഡേയുടെ എഴുത്തുകള്‍ പാഠഭാഗമാണെന്നും സാമൂഹ്യനീതിക്കായാണ് അദ്ദേഹം ശബ്ദമുയര്‍ത്തുന്നതെന്നും സംഘടനകള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

“തെല്‍തുംബ്‌ഡേയടക്കം പത്തോളം ദളിത്-മനുഷ്യാവകാശപ്രവര്‍ത്തകര്‍ക്കെതിരെ കൃത്രിമമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൂനെ പൊലീസിന്റെ നടപടി അപഹാസ്യമാണ്.”

സഖാവ് ആനന്ദ് എന്ന പേരിലുള്ള ഒരു കത്തിനെ തെളിവായി അവകാശപ്പെടുന്ന പൂനെ പൊലീസിന്റെ നടപടിയേയും സംഘടനകള്‍ വിമര്‍ശിച്ചു. നിര്‍മ്മിക്കപ്പെട്ട തെളിവുകളുമായി അദ്ദേഹത്തെ നിശബ്ദനാക്കാനാണ് പൂനെ പൊലീസ് ശ്രമിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

ALSO READ: ആലപ്പാട് കരിമണല്‍ ഖനനം: വി.എസിന്റെ നിലപാട് തള്ളി സി.പി.ഐ.എം; ഖനനം നിര്‍ത്തേണ്ടതില്ലെന്ന് തീരുമാനം

അംബേദ്കര്‍ ഇന്‍ര്‍നാഷണല്‍ മിഷന്റെ അമേരിക്ക, ആസ്‌ട്രേലിയ, കാനഡ, ഒമാന്‍, യു.എ.ഇ, ജപ്പാന്‍ തുടങ്ങി 23 സംഘടനകളാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.

കഴിഞ്ഞ വര്‍ഷം ജനുവരി ഒന്നിന് പുണെയിലെ ഭീമ കൊറേഗാവിലുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ അഭിഭാഷകരെയും സാമൂഹ്യപ്രവര്‍ത്തകരെയും ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുന്നതിന്റെ ഭാഗമായാണ് തെല്‍തുംബ്‌ഡെയെയും പീഡിപ്പിക്കുന്നത്. ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ സീനിയര്‍ പ്രൊഫസറായ തെല്‍തുംബ്‌ഡെയെ ഊമക്കത്തുകളുടെ പേരിലാണ് യു.എ.പി.എ പ്രകാരം കള്ളക്കേസില്‍ കുടുക്കിയത്.

200 വര്‍ഷം മുമ്പ് പേര്‍ഷ്വാ ബാജിറാവു രണ്ടാമനെതിരെ നേടിയ കൊറേഗാവ് യുദ്ധവിജയത്തെ ദളിതരുടെ ആത്മാഭിമാനത്തിന്റെ വീണ്ടെടുക്കലായി പ്രഖ്യാപിച്ചാണ് കഴിഞ്ഞവര്‍ഷം പുതുവര്‍ഷപ്പുലരിയില്‍ എല്‍ഗര്‍ പരിഷത്ത് എന്ന സംഘടന സംഗമം സംഘടിപ്പിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷവും ആക്രമണങ്ങളും ആസൂത്രിതമായിരുന്നെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

ALSO READ: ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി മാര്‍ച്ചില്‍ അറിയാം; അങ്കത്തിനൊരുങ്ങി മുന്നണികള്‍

സംഭവത്തില്‍ പങ്കുണ്ടെന്ന് കാട്ടി പ്രൊഫ. സുധ ഭരദ്വാജ്, ഗൗതം നവ്ലഖ, അരുണ്‍ ഫെരേര, പ്രൊഫ. സത്യനാരായണ, വരവര റാവു, സ്റ്റാന്‍ സ്വാമി, വെര്‍ണന്‍ ഗൊണ്‍സാലസ് തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തു. ഇവരുടെ താമസസ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. റെയ്ഡില്‍ അഞ്ച് കത്തുകള്‍ കണ്ടെത്തിയെന്നും ഇവയില്‍ “സ ആനന്ദ്”, “ആനന്ദ് ടി”, “ആനന്ദ്” എന്നിങ്ങനെ പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നും ആരോപിച്ചാണ് തെല്‍തുംബ്ഡെയ്‌ക്കെതിരെ കേസെടുത്തത്.

കത്തുകളില്‍ ഒന്നുപോലും തെല്‍തുംബ്‌ഡെയുടെ വസതിയില്‍നിന്ന് കണ്ടെടുത്തതല്ല. തെല്‍തുംബ്‌ഡെ താമസിക്കുന്ന, ഗോവ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്വാര്‍ട്ടേഴ്‌സില്‍ ആഗസ്ത് 28ന് പൊലീസ് റെയ്ഡിനായി എത്തുമ്പോള്‍ അദ്ദേഹവും ഭാര്യയും ഒരു സെമിനാറില്‍ പങ്കെടുക്കാനായി മുംബൈയിലായിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more