| Tuesday, 30th October 2018, 4:53 pm

നര്‍മദയുടെ തീരത്ത് ഉയരുന്നത് ഒരുമയുടെ പ്രതിമയല്ല; വിമര്‍ശനവുമായി അന്താരാഷ്ട്ര മാധ്യമങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹ്മദാബാദ്: ലോകത്തിലെ ഏറ്റവും വലിയ പ്രതിമ “സ്റ്റാച്യു ഓഫ് യുനിറ്റി” നാളെ അനാഛാദനം ചെയ്യാനിരിക്കെ കടുത്ത വിമര്‍ശനവുമായി രാജ്യാന്തര മാധ്യമങ്ങള്‍. അടിയന്തര ഇടപെടല്‍ ആവശ്യമുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞ് സര്‍ക്കാര്‍ പ്രതിമാ നിര്‍മാണത്തിനായി ദൂര്‍ത്തടിക്കുന്നുവെന്ന് ബി.ബി.സി.അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുജറാത്തിലെ ദരിദ്ര മേഖലയായ പിപാലിയയിലാണ് കേന്ദ്രം 3000 കോടി ചിലവില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ നിര്‍മിച്ചത്.

ഇന്ത്യയില്‍ കാര്‍ഷികരംഗം നേരിടുന്ന പ്രതിസന്ധികളെ ചൂണ്ടിക്കാട്ടിയാണ് ആഗോള മാധ്യമങ്ങളുടെ വിമര്‍ശനം. 2016ലെ പഠനറിപ്പോര്‍ട്ട് പ്രകാരം ഗുജറാത്തില്‍ ഏറ്റവും ദരിദ്രമുള്ള, പോഷകാഹാരക്കുറവ് നേരിടുന്ന പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത നര്‍മദ ജില്ലയിലാണ് വന്‍ തോതില്‍ ഭൂമി ഏറ്റെടുത്ത് സര്‍ക്കാര്‍ ദൂര്‍ത്ത് പദ്ധതി നടപ്പിലാക്കിയതെന്ന് ബി.ബി.സി.പറയുന്നു. വിലയും വിളസംരക്ഷണവും ലഭിക്കാതെ ദുരിതം അനുഭവിക്കുമ്പോള്‍ സര്‍ക്കാര്‍ പ്രതിമനിര്‍മാണത്തില്‍ ശ്രദ്ധയൂന്നുകയാണെന്നും ബി.ബി.സി. ചൂണ്ടിക്കാണിക്കുന്നു.

ALSO READ: മുസ്‌ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും; ഹിന്ദുക്കള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ബി.ജെ.പി മന്ത്രി

നര്‍മദാ പരിസരത്ത് ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ വനവാസികള്‍ അടക്കമുള്ളവര്‍ക്ക് പുനരധിവാസം നടപ്പിലാക്കിയിട്ടില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഇതില്‍ പ്രതിഷേധിച്ച് അനാഛാദന ദിവസമായ നാളെ പട്ടിണിസമരത്തിന് ഒരുങ്ങുകയാണ് വനവാസികള്‍.

പൂര്‍ണമായും വെങ്കലത്തില്‍ നിര്‍മിച്ച പ്രതിമയുടെ ആകെ ചെലവ് 430 മില്യണ്‍ ഡോളറാണ്. ഇവിടെ ത്രീ സ്റ്റാര്‍ ഹോട്ടലും ഗവേഷണ കേന്ദ്രവും മ്യൂസിയവും നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.

പ്രതിമ അനാഛാദനം ചെയ്യുന്നതോടെ ഒരു വര്‍ഷം രണ്ടര മില്യണ്‍ സഞ്ചാരികള്‍ എത്തുമെന്നാണ് കണക്ക് കൂട്ടല്‍. മാത്രമല്ല തദ്ദേശീയര്‍ക്ക് തൊഴില്‍ വാഗ്ദാനവും സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

We use cookies to give you the best possible experience. Learn more