| Saturday, 7th November 2020, 9:53 am

'അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകും'; കെ.സുരേന്ദ്രനെ വിളിച്ചുവരുത്തി ആര്‍.എസ്.എസ് താക്കീത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ബി.ജെ.പിയിലെ ഗ്രൂപ്പ് തര്‍ക്കം പരസ്യമായ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ വിളിച്ച് വരുത്തി താക്കീത് നല്‍കി ആര്‍.എസ്.എസ്. പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് ആര്‍.എസ്.എസ് സുരേന്ദ്രനോട് ആവശ്യപ്പെട്ടു.

വിഷയം ഇത്രയും വലുതാവുന്നതുവരെ നീട്ടിക്കൊണ്ടുപോയതിലുള്ള അതൃപ്തിയും ആര്‍.എസ്.എസ് സുരേന്ദ്രനെ അറിയിച്ചു. കെ. സുരേന്ദ്രനെതിരെ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിനും ആര്‍.എസ്.എസിനും ശോഭാ സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ പരാതി നല്‍കിയിരുന്നു.

ഇതിനെ തുടര്‍ന്ന് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എറണാകുളം എളമക്കരയിലെ ആര്‍.എസ്.എസ് കാര്യാലയത്തിലേക്ക് സുരേന്ദ്രനെ വിളിച്ചുവരുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രാന്ത പ്രചാരക് ഹരികൃഷ്ണന്‍, സംസ്ഥാന പ്രാന്തകാര്യവാഹക് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സംസ്ഥാന സഹപ്രാന്ത കാര്യവാഹക് സുദര്‍ശന്‍ തുടങ്ങിയവരാണ് യോഗത്തില്‍ ഉണ്ടായിരുന്നത്.

തര്‍ക്കം ഈ രീതിയില്‍ പോകുകയാണെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്നും പരാജയപ്പെട്ട സംസ്ഥാന അധ്യക്ഷനെന്ന പേര് വിളിച്ചുവരുത്തരുതെന്നും സുരേന്ദ്രന് ആര്‍.എസ്.എസ് മുന്നറിയിപ്പ് നല്‍കി, സംസ്ഥാന അധ്യക്ഷസ്ഥാനം ഇല്ലാതായാല്‍ രാഷ്ട്രീയ വിസ്മൃതിയിലേക്ക് പോകേണ്ട സ്ഥിതിയുണ്ടാകുമെന്നും ആര്‍.എസ്.എസ് ഓര്‍മ്മിപ്പിച്ചു.

ശോഭാ സുരേന്ദ്രനെയും ആര്‍.എസ്.എസ് നേതൃത്വം വിളിപ്പിച്ചിരുന്നു. പരസ്യ പ്രതികരണം നടത്തിയ സാഹചര്യവും മറ്റ് ചില നേതാക്കളുമായി ചേര്‍ന്ന് നടത്തിയ കൂടിക്കാഴ്ചകളും സംബന്ധിച്ചുള്ള വിശദീകരണവും ശോഭയോട് ആര്‍.എസ്.എസ് ആരാഞ്ഞു.

എന്നാല്‍ തന്റെത് പതിവ് സന്ദര്‍ശനമാണെന്നും രാഷ്ട്രീയകാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്നുമാണ് സുരേന്ദ്രന്‍ പറഞ്ഞത്. പാര്‍ട്ടിയിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ട സ്ഥലമല്ല ആര്‍.എസ്.എസ് കാര്യാലയമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

നേരത്തെ ബി.ജെ.പി അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.എം വേലായുധന്‍ രംഗത്തെത്തിയിരുന്നു. സുരേന്ദ്രനില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയെല്ലാം തച്ചുതകര്‍ത്തുകൊണ്ട് തന്ന വാക്ക് പാലിക്കാതെ വഞ്ചിക്കുകയാണ് ചെയ്തതെന്നും വേലായുധന്‍ പറഞ്ഞിരുന്നു.

ബി.ജെ.പിയില്‍ കെ.സുരേന്ദ്രനെതിരെ വലിയരീതിയിലുള്ള വിയോജിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിലവില്‍ മിസോറാം ഗവര്‍ണറായുള്ള ശ്രീധരന്‍ പിള്ളയുമായുള്ള കൂടിക്കാഴ്ച വളരെ നിര്‍ണായകമായാണ് വിലയിരുത്തപ്പെടുന്നത്.

ബി.ജെ.പി അധ്യക്ഷനായിരുന്ന ശ്രീധരന്‍ പിള്ളയെ അധ്യക്ഷ കാലാവധി അവസാനിക്കാനിരിക്കേയാണ് മിസോറാം ഗവര്‍ണറായി നിയമിച്ചത്. പിന്നീട് അധ്യക്ഷ സ്ഥാനത്തേക്ക് കെ. സുരേന്ദ്രന്‍ എത്തുകയായിരുന്നു. നേരത്തെ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസിലും പാര്‍ട്ടി നേതൃത്വത്തിനെതിരെ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Internal strife in the party; K Surendran was summoned by the RSS and warned

We use cookies to give you the best possible experience. Learn more