| Monday, 13th February 2023, 9:03 am

പി.എസ്.ജിക്കുള്ളിൽ പ്രശ്നങ്ങൾ; മെസി ബാഴ്സലോണയിൽ ചേരാൻ സാധ്യത; റിപ്പോർട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ശനിയാഴ്ച നടന്ന മത്സരത്തിൽ മൊണോക്കോക്കെതിരെ 3-1ന്റെ ഞെട്ടിക്കുന്ന തോൽവിയാണ് പി.എസ്.ജിക്ക് വഴങ്ങേണ്ടിവന്നത്. പരിക്ക് മൂലം മെസിയും എംബാപ്പെയും കളിക്കാതിരുന്ന മത്സരത്തിന്റെ ഒരു ഘട്ടത്തിലും കളിയിൽ ആധിപത്യം സ്വന്തമാക്കാൻ പാരിസ് ക്ലബ്ബിന് സാധിച്ചില്ല.

കൂടാതെ മത്സരത്തിൽ തോൽവി വഴങ്ങിയതോടെ ലീഗ് ടേബിളിൽ ടീമിന്റെ ഒന്നാം സ്ഥാനം സുരക്ഷിതമല്ല എന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
എന്നാലിപ്പോൾ ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് മെസി പി.എസ്.ജി വിടുമെന്നും ശേഷം ബാഴ്സയിൽ ജോയിൻ ചെയ്തേക്കുമെന്ന റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

എൽ നാഷണലാണ് പ്രസ്തുത റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. യുവേഫയുടെ സാമ്പത്തിക ചട്ടങ്ങൾ അനുസരിച്ച് ചെലവഴിക്കാവുന്നതിലും കൂടുതൽ തുക ചെലവഴിച്ചതിനാൽ സാമ്പത്തിക നിയന്ത്രണങ്ങൾ നേരിടുന്ന ക്ലബ്ബിന് സാമ്പത്തിക കാര്യങ്ങളിൽ ഈ സീസണിൽ കടുത്ത നിയന്ത്രണങ്ങൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകളുണ്ട്.

അതിനാൽ തന്നെ മെസിക്കായി വലിയ തുക ചെലവഴിക്കാൻ ക്ലബ്ബിന് ശേഷിയില്ലെന്നും അതിനാൽ താരത്തെ ക്ലബ്ബ് വിൽക്കാൻ സാധ്യതയുണ്ടെന്നുമാണ് എൽ നാഷണലിന്റെ റിപ്പോർട്ട് പറയുന്നത്.

മുമ്പ് ബാഴ്സലോണയിലേക്ക് മെസി തിരിച്ചു വരുന്നതിനെ സ്വാഗതം ചെയ്ത് ക്ലബ്ബ് പ്രസിഡന്റ്‌ ലപോർട്ട രംഗത്ത് വന്നിരുന്നു.


എന്നാൽ ബാഴ്സയെ വിമർശിച്ച് അടുത്തിടെ മെസിയുടെ സഹോദരൻ മത്തയാസ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിൽ എൽ നാഷണലിന്റെ റിപ്പോർട്ട് എത്രമാത്രം വിശ്വാസകരമാണ് എന്ന കാര്യത്തിൽ സംശയത്തിലാണ് ആരാധകർ.

അതേസമയം മെസി ബാഴ്സലോണയിലേക്ക് തിരികെ പോകുന്നത് തടയണമെന്നും 2024 വരെയെങ്കിലും താരം പി.എസ്.ജിയിൽ തുടരേണ്ടത് അത്യാവശ്യമാണെന്നും പി.എസ്.ജി മാനേജ്മെന്റ് അടുത്തിടെ തീരുമാനമെടുത്തിരുന്നതായി മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ മെസിയെ ക്ലബ്ബ് നന്നായി പരിഗണിക്കുന്നുണ്ടെന്നും ക്ലബ്ബിൽ താരം തൃപ്തനാണെന്നുമുള്ള റിപ്പോർട്ടുകളും അടുത്തിടെ പുറത്ത് വന്നിരുന്നു.

ഫെബ്രുവരി 15ന് ഇന്ത്യൻ സമയം രാത്രി 1:30ന് ബയേൺ മ്യൂണിക്കിനെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം. നിലവിൽ 23 മത്സരങ്ങളിൽ നിന്നും 54 പോയിന്റുമായി ലീഗ് വണ്ണിൽ ഒന്നാം സ്ഥാനത്താണ് ക്ലബ്ബിന്റെ സ്ഥാനം.

Content Highlights:internal problems in PSG; Messi likely to join Barcelona; Report

We use cookies to give you the best possible experience. Learn more