| Thursday, 19th December 2019, 7:46 pm

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍; പഠനങ്ങള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇതര സംസഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ഒഴുക്കിനെ പറ്റി പല വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ വരുന്നുണ്ട്. കേരളത്തിലെ തൊഴിലവസലരങ്ങള്‍ ഇല്ലാതാക്കുന്നു എന്ന ചില അപക്വമായ വാദങ്ങള്‍ക്കപ്പുറം ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള ചേക്കേറലിന്റെ രാഷ്ട്രീയവും സാമൂഹികവും ആയ വിവിധ വശങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട്.

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡവലപ്‌മെന്റ് [CMID] 2016-17 ല്‍ നടത്തിയ കണക്കെടുപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേക്കുള്ള വരവിന്റെ സാഹചര്യങ്ങളും അത് ഇവരുടെ ജീവിത പശ്ചാത്തിലുണ്ടാക്കിയ മാറ്റങ്ങളും വിശകലനം ചെയ്യുന്നു. സി.എം.ഐ.ഡി 2017 ല്‍ നടത്തിയ കണക്കെടുപ്പല്ലാതെ ക്രിയാത്മകമായ ഒരു പഠനം ഇതുവരെയും ഈ വിഷയത്തില്‍ കേരളത്തില്‍ നടന്നിട്ടില്ല എന്നാണ് വാസ്തവം.

2013 ല്‍ ഗുലാറ്റി ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍  നടത്തിയ പഠനത്തില്‍ കേരളത്തിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 23 ലക്ഷം ആണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പൂര്‍ണമായും കൃത്യമാണെന്ന് പറയാന്‍ പറ്റില്ല. കാരണം ഇവരുടെ പഠനം റെയില്‍വേയുടെ കണക്കുകള്‍ ആധാരമാക്കിയായിരുന്നു..

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ പ്രത്യാഘാതങ്ങളെ പറ്റി യു.എന്നിന്റെ പി.ഡി.എന്‍.എ [പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസെസ്‌മെന്റ് ] നടത്തിയ പഠന റിപ്പോര്‍ട്ടിലും കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ പരാമര്‍ശിക്കുന്നുണ്ട്.

‘തൊഴിലാവശ്യത്തിനായി വരുന്ന ഇതര സംസ്ഥാന തൊഴിലാളികളെ പറ്റി കൃത്യമായ പഠനം നടത്തുക ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ താല്‍ക്കാലിക തൊഴിലിനായി വരുന്നതിനാല്‍ തന്നെ ഇവരുടെ താമസസ്ഥലവും മറ്റും ഇടയ്ക്കിടെ മാറിക്കൊണ്ടിരിക്കും. കൃത്യമായ രേഖകള്‍ പരിശോധിക്കുക അസാധ്യമാണ്.

സി.എം.ഐ.ഡിയുടെ ഗവേഷകര്‍ നടത്തിയ സര്‍വ്വേയും തൊഴിലാളി ഏജന്റുമാര്‍ മുഖേന സ്വീകരിച്ച വിവരങ്ങളും സംസ്ഥാന തൊഴില്‍ വകുപ്പില്‍ നിന്നും ശേഖരിച്ച വിവരങ്ങളുമാണ് റിപ്പോര്‍ട്ടിനാധാരം’ ,സി.എം.ഐ.ഡിയുടെ  പോഗ്രാം  ഡയരക്ടറും ഈ റിപ്പോര്‍ട്ടിനാധാരമായ സര്‍വ്വേ നടത്തിയതിലൊരാളുമായ വിഷ്ണു നരേന്ദ്രന്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

സി.എം.ഐ.ഡി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഗോഡ്സ് ഓണ്‍ വര്‍ക്ഫോഴ്സ് എന്ന പേരില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 30 ലക്ഷത്തിലധികം പേരാണ് ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി കേരളത്തിലേക്ക് തൊഴിലാവശ്യങ്ങള്‍ക്കും മറ്റുമായി കുടിയേറിയിരിക്കുന്നത്. സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉള്‍പ്പെടുന്ന 25 പ്രദേശങ്ങളിലെ 194 ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് കുടിയേറ്റം നടക്കുന്നത്.

ഇവയില്‍ അഞ്ചില്‍ നാലു ഭാഗവും വരുന്നത് തമിഴ്‌നാട് ,കര്‍ണാടക, ഒഡീഷ, ജാര്‍ഖണ്ഡ്, ബിഹാര്‍, ഉത്തര്‍ പ്രദേശ് , പശ്ചിമബംഗാള്‍, അസം എന്നീ എട്ട് സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഒപ്പം ജമ്മു കശ്മീരിലെ ബരാമുള്ള, അരുണാചല്‍ പ്രദേശിലെ നാംസായി എന്നിവടങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ കേരളത്തിലേക്ക് തൊഴിലാവശ്യങ്ങള്‍ക്കായി കുടിയേറിയിട്ടുണ്ട്.

അരുണാചല്‍ പ്രദേശ്, മണിപൂര്‍, സിക്കിം, ത്രിപുര അസം എന്നിവിടങ്ങളില്‍ നിന്നും വന്ന കുടിയേറ്റക്കാര്‍ പ്രധാനമായും ടെക്‌സ്റ്റൈല്‍സ് മേഖലകളിലാണ് ജോലി ചെയ്യുന്നത്. ദല്‍ഹിയില്‍ നിന്നും വരുന്ന ചെറുപ്പക്കാരാണ് ഇന്ത്യയില്‍ പ്രധാനമായും സലൂണുകളില്‍ ജോലിചെയ്യുന്നത്.

പശ്ചിമ ബംഗാളില്‍ നിന്നും വരുന്ന ജനങ്ങളാണ് കേരളത്തിലെ കുടിയേറ്റ തൊഴിലാളികളില്‍ മേല്‍ക്കൈ പുലര്‍ത്തുന്നത്. മുര്‍ഷിദാപൂരില്‍ നിന്നും ഡി.സിഐ.എം നടത്തിയ വിവര ശേഖരണത്തില്‍ ജലങ്ങി, ദോംമ്കല്‍, ഇസ്ലാംപൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നായി വലിയൊരു ശതമാനം യുവാക്കള്‍ തൊഴിലാവശ്യത്തിനായി കേരളത്തിലേക്കു ചേക്കേറിയിട്ടുണ്ട്.

ഒഡീഷ

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കു പുറമെ കേരളത്തിലേക്ക് തൊഴിലാവശ്യത്തിനായി കുടിയേറ്റത്തിന് തുടക്കം കുറിച്ച ആദ്യ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണ് ഒഡീഷ. മായുര്‍ ഭഞ്ച്, മല്‍ക്കന്‍ഗിരി, ഗജപതി, രയഗാഡ, കന്താമല്‍, സുദര്‍ഗ, എന്നീ ഒഡീഷന്‍ ജില്ലകളില്‍ നിന്നാണ് പ്രധാനമായും
കേരളത്തിലേക്ക് തൊഴിലാളികള്‍ വരുന്നത്. ഈ ജില്ലകളിലെ ജനസംഖ്യയില്‍ പകുതിയും ട്രൈബല്‍ വിഭാഗമാണ്. ഇവര്‍ക്കു പുറമെ ഒഡീഷയിലെ ന്യൂനപക്ഷമായ ക്രിസ്ത്യന്‍ മത വിഭാഗവും കേരളത്തിലേക്ക് കുടിയേറിയിട്ടുണ്ട്.

ഒഡീഷയില്‍ 2008 ല്‍ ഉണ്ടായ കന്ധമല്‍ പ്രക്ഷോഭത്തെ തുടര്‍ന്ന് കേരളത്തിലേക്ക് കുടിയേറിയ ക്രിസ്ത്യന്‍ മതവിശ്വാസികളും ഇതില്‍ ഉള്‍പ്പെടുന്നു.
പ്രധാനമായും പ്ലൈവുഡ്, അയേണ്‍, സ്റ്റീല്‍ എന്നീ മേഖലകളിലും നിര്‍മാണ മേഖല, ഖനന മേഖല, ഫിഷിംഗ് എന്നീ മേഖലകളിലും ഒഡീഷന്‍ ജനത കേരളത്തില്‍ ജോലി ചെയ്യുന്നു. ഒഡീഷന്‍ കന്ധമല്‍, ധെന്‍ങ്കല്‍, കേ?്രപരാ, കലഹി, എന്നീ ജില്ലകളില്‍ നിന്ന് പ്രധാനമായും പ്ലൈവുഡ് മേഖലകളിലേക്കാണ് തൊഴിലാളികള്‍ എത്തുന്നത്.
ഗഞ്ചം, മയുര്‍ഭഞ്ച്,  എന്നീ ജില്ലകളില്‍ നിന്നുള്ള തൊഴിലാളികള്‍ പാലക്കാട് ജില്ലയിലെ അയേണ്‍, സ്റ്റീല്‍ മേഖലകളില്‍ ജോലി ചെയ്യുന്നു.

ജാര്‍ഖണ്ഡ്

ജാര്‍ഖണ്ഡിലെ ഖുന്തി, ഗുംല, ലോഹര്‍ദാഗ, സിംദേഗാ, പാക്കുര്‍, ദുംക, ലത്തേഹര്‍ എന്നീ ദളിത് ഭൂരിപക്ഷ ജില്ലകളില്‍ നിന്നാണ് തൊഴിലാളികള്‍ കേരളത്തിലേക്ക് വരുന്നത്. ജാര്‍ഖണ്ഡില്‍ നിന്നു വന്ന തൊഴിലാളികള്‍ കേരളത്തിന്റെ വികസനമുഖങ്ങളില്‍ വഹിച്ച പങ്ക് ചെറുതല്ല. കൊച്ചി റിഫൈനറി, കൊച്ചി മെട്രോ, കണ്ണൂര്‍ ഏയര്‍പോര്‍ട്ട്, കാസര്‍കോട് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവയുടെ നിര്‍മാണ ജോലികളില്‍ ജാര്‍ഖണ്ഡില്‍ നിന്നും വന്ന തൊഴിലാളികള്‍ വലിയ പങ്കാണ് വഹിച്ചത്.

പശ്ചിമ ബംഗാള്‍

കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും പശ്ചിമ ബംഗാളില്‍ നിന്നാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും പശ്ചിമ ബംഗാളില്‍ നിന്നും വന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ ഉണ്ട്്.

സി.എം.ഐ.ഡി നടത്തിയ പഠനത്തില്‍ ബിര്‍ഭും, പുരുലിയ, ഹൗറ എന്നീ ജില്ലകളില്‍ നിന്നൊഴിച്ചുള്ള ബിഹാര്‍ ജനങ്ങളാണ് കേരളത്തില്‍ ഭൂരിഭാഗവും.

മുര്‍ഷിദാബാദില്‍ നിന്നാണ് കൂടുതല്‍ പേരും വരുന്നത്.

പശ്ചിമ ബംഗാളിലെ ദളിത് ഭൂരിപക്ഷ മേഖലകളില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളുടെ വലിയൊരു ഒഴുക്കുണ്ടായിട്ടുണ്ട്. ദളിത് വിഭാഗത്തിന്റെ സാന്നിധ്യം കൂടുതലായുള്ള 24 പര്‍ഗനസ്, നോര്‍ത്ത് 24 പര്‍ഗനസ്, ബര്‍ധമാന്‍, നദിയ ജല്‍പൈഗുരി എന്നീ ജില്ലകളില്‍ നിന്നു വന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണവും കേരളത്തില്‍ കൂടുതലാണ്.

അസം

അസമില്‍ നിന്നും കേരളത്തിലേക്ക് തൊഴിലാളികളുടെ വരവ് തുടങ്ങിയത് 1996ല്‍ അസമിലെ പ്ലൈവുഡ് ഇന്‍ഡസ്ട്രി തകര്‍ന്നതിനു ശേഷമാണ്.

എറണാകുളത്തെ പെരുമ്പാവൂരിലേക്കാണ്  ആദ്യമായി അസം തൊഴിലാളികള്‍ എത്തുന്നത്. 2016-17 ലെ കണക്കു പ്രകാരം അസമിലെ 24 ജില്ലകളില്‍ നിന്നാണ് പ്രധാനമായും തൊഴിലാളികള്‍ കേരളത്തിലേക്ക് വന്നത്.

ഉത്തര്‍പ്രദേശ്

ഉത്തര്‍പ്രദേശിലെ 18 ജില്ലകളില്‍ നിന്നുള്ള തൊഴിലാളികളാണ് കേരളത്തില്‍ പ്രധാനമായും ഉള്ളത്. പ്രധാനമായും നിര്‍മാണ മേഖലയിലാണ് ഇവര്‍ ജോലിചെയ്യുന്നത്.

കേരളം  അന്യ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്കും ദളിത് വിഭാഗങ്ങള്‍ക്കും ആശ്വാസമാവുന്നതെങ്ങനെ

കേരളത്തിലേക്ക് വന്ന ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗവും ദളിത് വിഭാഗവും മത ന്യൂനപക്ഷങ്ങളുമാണ്. ജന്‍മദേശത്തെ അപേക്ഷിച്ച് മതപരമായ സൗഹാര്‍ദ്ദതയും മെച്ചപ്പെട്ട വേതനവും കേരളത്തിലേക്കുള്ള ഇവരുടെ വരവിനെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

സി.എം.ഐ.ഡിയുടെ പഠനത്തില്‍ ദളിത് വിഭാഗത്തിന്റെ സാന്നിധ്യം കാര്യമായുള്ള ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കാര്യമായി തൊഴിലാളികളുടെ വരവുണ്ടായത്.

ഒപ്പം മതന്യൂനപക്ഷങ്ങളായ മുസ്ലിം,ക്രിസ്ത്യന്‍ വിഭാഗക്കാരും കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തിയിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗവും വരുന്നത്. ഇതിനു പുറമെ അസം, ബിഹാര്‍, ഉത്തര്‍പ്രദേശ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും തൊഴില്‍പരമായ കുടിയേറ്റം നടന്നിട്ടുണ്ട്.

അസമിലെ മുസ്‌ലീം ജനസംഖ്യ കൂടുതലുള്ള ഏഴ് ജില്ലകളില്‍ നിന്നാണ് കേരളത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്.

തമിഴ്നാട്, ഒഡീഷ, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്നും മണിപൂര്‍, മേഘാലയ, നാഗാലാന്‍ഡ്, മിസോറാം എന്നീ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ക്രിസ്ത്യന്‍ മത വിശ്വാസികളും കേരളത്തില്‍ ജോലി ചെയ്യുന്നു.

ഇതില്‍ പ്രധാനമായും ഒഡീഷയിലെ ക്രിസ്ത്യന്‍ മതവിഭാഗക്കാരായ തൊഴിലാളികള്‍ക്ക് കേരളം ഒരാശ്വാസമായിരുന്നു. കാരണം ഒഡീഷയിലെ കാഝമാനില്‍ 2008ല്‍ ഉണ്ടായച വര്‍ഗീയ കലാപത്തെ ലാപത്തെതുടര്‍ന്ന് അവിടെ നിന്നും പാലായനം ചെയ്യപ്പെട്ട ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് കേരളം അഭയമായി. പെരുമ്പാവൂരില്‍ ഇവരുടെ മത വിശ്വാസത്തെ മാനിച്ചു കൊണ്ട് ഇവരുടെ ഭാഷയിലുള്ള പ്രാര്‍ത്ഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more