| Monday, 15th October 2018, 5:40 pm

പത്രകുറിപ്പ് ഇറക്കിയത് മോഹന്‍ലാല്‍ പറഞ്ഞിട്ട്;സിദ്ധീഖ് അടക്കമുള്ളവര്‍ക്ക് അയച്ചിരുന്നെന്നും ജഗദീഷ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: താരങ്ങളുടെ സംഘനയായ എ.എം.എം.എയില്‍ ഭാരവാഹികള്‍ തമ്മില്‍ ഭിന്നത. പ്രത്യേക ജനറല്‍ ബോഡി വിളിക്കുമെന്ന ട്രഷറര്‍ ജഗദീഷിന്റെ പത്രകുറിപ്പിനെതിരെ സെക്രട്ടറി സിദ്ധീഖ് ആണ് രംഗത്തെത്തിയത്. എന്നാല്‍ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞിട്ടാണ് പത്രകുറിപ്പ് ഇറക്കിയതെന്നും സിദ്ധീഖ് അടക്കമുള്ള ഭാരവാഹികള്‍ക്ക് ഇത് അയച്ചതാണെന്നും ജഗദീഷ് പറഞ്ഞു.

നേരത്തെ അമ്മയുടെ നിലപാട് വ്യക്തമാക്കുന്നതിനായി നടന്‍ സിദ്ധീഖും കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തില്‍ ജഗദീഷ് ഇറക്കിയ പത്രകുറിപ്പിനെതിരെ രംഗത്തെത്തിയിരുന്നു. അമ്മയുടെ നിലപാട് പറയുന്നതിന് ജഗദീഷിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എന്ത് അടിസ്ഥാനത്തില്‍ ആണ് ജഗദീഷ് പത്രകുറിപ്പ് ഇറക്കിയതെന്ന് അറിയില്ലെന്നും സിദ്ധീഖ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ജഗദീഷ് രംഗത്തെത്തിയത്

ജഗദീഷ് പുറത്തിറക്കിയ പത്രക്കുറിപ്പ്

13.10.2018 ന് WCC യിലെ അംഗങ്ങള്‍ വിളിച്ചു കൂട്ടിയ പത്രസമ്മേളനത്തില്‍ അമ്മയ്‌ക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായിട്ടാണ് ഈ പത്രക്കുറിപ്പ്. നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപ് അപരാധിയാണെന്നോ നിരപരാധിയാണെന്നോ ഉള്ള നിലപാട് അമ്മ എടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട നടിക്ക് നീതി ലഭിക്കണം എന്ന നിലപാടാണ് അമ്മ നാളിതുവരെയും സ്വീകരിച്ചിട്ടുള്ളത്. ഇത്തരം കേസുകളില്‍ കുറ്റവാളി എന്ന് കോടതി വിധിക്കുന്നതു വരെ കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് വാദിക്കുന്നവരുണ്ട്; കുറ്റാരോപിതന്‍ നിരപരാധിയാണ് എന്ന് കോടതി വിധിക്കുന്നതു വരെ അയാളെ അപരാധിയായിട്ട് കണക്കാക്കണമെന്ന വാദവുമുണ്ട്. ആദ്യത്തെ അഭിപ്രായത്തിന് നിയമത്തിന്റെ പിന്‍ബലവും രണ്ടാമത്തെ അഭിപ്രായത്തിന് ധാര്‍മ്മികതയുടെ അടിത്തറയുമാണ് ഉള്ളത്.

ദിലീപിനെ പുറത്താക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിററി എടുത്ത തീരുമാനത്തിന് നിയമസാധുത ഇല്ലെന്ന് കണ്ടെത്തി ആ തീരുമാനം മരവിപ്പിച്ച് ജനറല്‍ ബോഡിക്ക് വിടാന്‍ തുടര്‍ന്നു കൂടിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തു. പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് കമ്മിററി തീരുമാനം ശരിയായിരുന്നില്ല എന്ന നിലപാടാണ് ജനറല്‍ ബോഡി എടുത്തത് . ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ അവിടെ നടന്നിട്ടില്ല എന്നു സമ്മതിക്കുമ്പോള്‍ത്തന്നെ, കോടതി വിധി വരുന്നതിനു മുന്‍പ് പുറത്താക്കുന്നത് ശരിയല്ല എന്ന അഭിപ്രായത്തിനായിരുന്നു അവിടെ മുന്‍തൂക്കം. ഈ വിഷയം അമ്മ കൈകാര്യം ചെയ്ത രീതിയോടുള്ള വിയോജിപ്പ് രേഖപ്പെടുത്തിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി അമ്മ ചര്‍ച്ച നടത്തി. അവരുടെ ആവശ്യങ്ങള്‍ കേട്ട ശേഷം എല്ലാ കാര്യങ്ങളിലും ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും, ചര്‍ച്ചയില്‍ പങ്കെടുത്ത രേവതിയും പാര്‍വതിയും പത്മപ്രിയയും തമ്മില്‍ ധാരണയായി.

അതനുസരിച്ച് ദിലീപിനെ പുറത്താക്കാനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി റദ്ദാക്കിയത് വിദഗ്ദ്ധ നിയമോപദേശത്തിന് വിടാന്‍ ഇരുകൂട്ടരും തീരുമാനിച്ചു. അമ്മയ്ക്ക് ലഭിച്ച ഉപദേശം ഒരു ജനറല്‍ ബോഡി വിളിച്ചു കൂട്ടി തീരുമാനം എടുക്കണം എന്നതായിരുന്നു. എന്നാല്‍ രേവതിയ്ക്കും പാര്‍വതിയ്ക്കും പത്മപ്രിയയ്ക്കും ലഭിച്ച ഉപദേശം എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കു തന്നെ തീരുമാനമെടുക്കാം എന്നതായിരുന്നു. ശ്രീ തിലകന്റെ കാര്യവും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ശ്രീ തിലകന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം ജനറല്‍ ബോഡി ശരി വയ്ക്കുകയായിരുന്നു. ദിലീപിന്റെ വിഷയത്തില്‍ ജനറല്‍ ബോഡി എടുത്ത തീരുമാനമായതു കൊണ്ട് അത് റദ്ദാക്കാനുള്ള അവകാശവും ജനറല്‍ ബോഡിക്ക് മാത്രമാണുള്ളത് എന്ന വാദമാണ് അമ്മയുടെ അഡ്വക്കേറ്റ് മുന്നോട്ടു വച്ചത്. അമ്മയില്‍നിന്നു രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്. മാത്രമല്ല എല്ലാ വിഷയങ്ങളിലും സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും പാതയിലൂടെ മുന്നോട്ട് പോകാമെന്ന് രേവതിയ്ക്കും പാര്‍വതിയ്ക്കും പത്മപ്രിയയ്ക്കും ഉറപ്പു നല്‍കിയതുമാണ് . കാര്യങ്ങള്‍ ഇങ്ങനെയായിരിക്കെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഏകകണ്ഠമായ തീരുമാനങ്ങള്‍ ശ്രീ മോഹന്‍ലാലിന്റെ മാത്രം തലയില്‍ കെട്ടിവച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ല.

രേവതിയും പാര്‍വതിയും പത്മപ്രിയയും ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അമ്മയുടെ ശ്രമങ്ങള്‍ക്കിടയിലാണ് ചരിത്രം കണ്ടിട്ടുള്ളതില്‍ വച്ചു ഏറ്റവും വലിയ പ്രളയം കേരളത്തെ ഗ്രസിച്ചത്. ശ്രീമതി കവിയൂര്‍ പൊന്നമ്മ ഉള്‍പ്പടെയുള്ള അമ്മയുടെ പല അംഗങ്ങള്‍ക്കും ഈ പ്രളയത്തിന്റെ ദുരന്തങ്ങള്‍ അനുഭവിക്കേണ്ടി വന്നു. അവര്‍ക്കു വേണ്ടിയുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അമ്മ കൂടുതല്‍ പ്രാധാന്യം നല്‍കി.

പ്രളയക്കെടുതികളില്‍നിന്നും കര കയറ്റി കേരളത്തെ പുനര്‍നിര്‍മ്മിയ്ക്കുന്നതിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളില്‍ അമ്മയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ആദ്യ രണ്ടു ഗഡുക്കളായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കഴിഞ്ഞു .തുടര്‍ന്ന് ഡിസംബറില്‍ ഗള്‍ഫില്‍ ഒരു ഷോ നടത്തി നല്ലൊരു തുക സമാഹരിച്ചു നല്‍കാന്‍ അമ്മ ഉദ്ദേശിക്കുന്നുണ്ട്. ആ ഷോയുടെ തയ്യാറെടുപ്പിലാണ് ഞങ്ങള്‍. എന്നാലും അധികം വൈകാതെ തന്നെ ഒരു വിശേഷാല്‍ ജനറല്‍ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് അമ്മ കരുതുന്നു. ഈ വിഷയത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ ഉത്കണ്ഠ കണക്കിലെടുത്തു കൊണ്ട് ജനറല്‍ ബോഡി യോഗത്തില്‍ ചട്ടങ്ങള്‍ക്കപ്പുറം, ധാര്‍മ്മികതയിലൂന്നിയുള്ള ഉചിത തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയുമെന്ന് അമ്മ പ്രത്യാശിക്കുന്നു. പ്രശ്‌നത്തില്‍ ഇടപെടാനുള്ള സന്നദ്ധത അറിയിച്ച് ബഹു. സാംസ്‌ക്കാരിക വകുപ്പു മന്ത്രി ശ്രീ.എ.കെ.ബാലന്‍ നടത്തിയ പ്രസ്തവന അമ്മ സ്വാഗതം ചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് അമ്മ പൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. .

അമ്മയ്ക്കു വേണ്ടി

ഔദ്യോഗിക വക്താവ്

ജഗദീഷ്

We use cookies to give you the best possible experience. Learn more