കൊച്ചി : ദിലീപിനെ പുറത്തക്കണമെന്ന ഡബ്ല്യു.സി.സിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ താര സംഘടനയായ “അമ്മയിലും ഭിന്നതരൂക്ഷം. സംഘടനയിലെ ദിലീപ് അനുകൂല കക്ഷികളും മോഹന്‍ലാല്‍ പക്ഷവും തമ്മിലാണ് അഭിപ്രായ ഭിന്നത പുറത്തുവന്നിരിക്കുന്നത്.
സംഘടനയില്‍ നിന്ന് ദിലീപ് രാജി വെച്ച കാര്യം പുറത്തുവിടാതിരുന്നതും പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ല്യൂ.സി.സി അംഗങ്ങളെ ചര്‍ച്ചയ്ക്ക് വിളിച്ചതുമാണ് ദിലീപ് അനുകൂലികളെ ചൊടിപ്പിച്ചത്. ഇതിനിടെ അമ്മയുടെ ഔദ്യോഗിക വക്താവായി ജഗദീഷ് ഇറക്കിയ പത്രകുറിപ്പിലും ദിലീപിന്റെ രാജിക്കാര്യം പുറത്തുവിടാത്തതാണ് ദിന്നത മറ നീക്കി പുറത്തുവരാന്‍ കാരണം.
ഇതിനെതുടര്‍ന്നാണ് ഇന്ന് അമ്മയുടെ സെക്രട്ടറിയും നടനുമായ സിദ്ധീഖും മുതിര്‍ന്ന നടിയായ കെ.പി.എ.സി ലളിതയും പത്രസമ്മേളനം നടത്തിയത്. ജഗദീഷ് ഇറക്കിയ പത്രകുറിപ്പിനെ കുറിച്ച് അറിയില്ലെന്നും അമ്മയുടെ സെക്രട്ടറിയായ താന്‍ പറയുന്നതാണ് ഔദ്യോഗികമായി അമ്മയുടെ നിലപാടെന്നും സിദ്ധീഖ് പറഞ്ഞിരുന്നു.
Also Read ആക്രമിക്കപ്പെട്ട നടിയെ തിരിച്ചെടുക്കേണ്ട ബാധ്യത അമ്മയ്ക്കില്ല; ദിലീപ് ചെയ്തത് മാന്യമായ കാര്യം: സിദ്ദീഖ്
ദീലീപ് രാജി വെച്ച വിവരം പുറത്തുപറയാതിരുന്നതിനാലാണ് ഡബ്ല്യൂ.സി.സി വീണ്ടും പത്രസമ്മേളനം നടത്തിയതെന്നും ഇതിലേക്ക് ദിലീപിനെ വലിച്ച് ഇഴക്കുകയാണെന്നുമാണ് ദിലീപ് അനുകൂലികള്‍ പറയുന്നത്.
നിലവില്‍ അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിന്റെ ഡബ്ല്യൂ.സി.സി അനുകൂല നിലപാടിനോട് ദിലീപ് പക്ഷത്തിന് കടുത്ത എതിര്‍പ്പാണ് ഉള്ളത്. അമ്മ മെമ്പര്‍മാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്നാണ് ഇവരുടെ നിലപാട്. ഇതിന് തൊട്ടുപിന്നാലെ മോഹന്‍ലാലിനെ രാജി വെപ്പിച്ച് സിദ്ധീഖിനെ വര്‍ക്കിംഗ് പ്രസിഡന്റ് ആക്കാനാണ് ദിലീപ് പക്ഷത്തിന്റെ നീക്കം.
സിദ്ധീഖിനെ പ്രസിഡന്റാക്കുന്നതിലൂടെ സിദ്ധീഖുമായി വ്യക്തി ബന്ധം സൂക്ഷിക്കുന്ന മമ്മൂട്ടി പക്ഷത്തിന്റെ പിന്തുണ നേടാനാവുമെന്നാണ് ദീലീപ് പക്ഷത്തിന്റെ കണക്ക് കൂട്ടല്‍. ഇതിനെ തുടര്‍ന്ന് അമ്മ നടത്തുന്ന പ്രളയ ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിനായുള്ള ഷോക്ക് ശേഷം പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കാമെന്നാണ് മോഹന്‍ലാലിന്റെ നിലപാട്.
Also read പത്രകുറിപ്പ് ഇറക്കിയത് മോഹന്‍ലാല്‍ പറഞ്ഞിട്ട്;സിദ്ധീഖ് അടക്കമുള്ളവര്‍ക്ക് അയച്ചിരുന്നെന്നും ജഗദീഷ്
മോഹന്‍ലാലിന് പുറമേ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ജയസൂര്യ. ആസിഫ് അലി, സുധീര്‍ കരമന തുടങ്ങിയവര്‍ക്കും ഡബ്യൂ.സി.സിയെ പിണക്കി ഒരു നിലപാട് എടുക്കേണ്ട എന്നും ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാം എന്നുമാണ് നിലപാട്. കൂടാതെ അടിയന്തര ജനറല്‍ ബോഡി വിളിക്കാം എന്നും ഇവര്‍ നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ ഈ തീരുമാനത്തിന് തടയിടാനാണ് സിദ്ദീഖ് ഇന്ന് പ്രസ് മീറ്റ് വിളിച്ചത്.
അടിയന്തര ജനറല്‍ ബോഡി വിളിക്കില്ലെന്ന പ്രഖ്യാപനത്തോട് കൂടി ഈ നീക്കത്തിന് തടയിടാനും സിദ്ദീഖിനായി. എന്നാല്‍ മോഹന്‍ലാലിന്റെ നിര്‍ദ്ദേശപ്രകാരമാണ് പത്രകുറിപ്പ് ഇറക്കിയതെന്നും അമ്മയില്‍നിന്നു രാജി വച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ തനിക്ക് സന്തോഷമേയുള്ളുവെന്ന് പ്രസിഡന്റ് ശ്രീ മോഹന്‍ലാല്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണെന്നും നടന്‍ ജഗദീഷ് വ്യക്തമാക്കിയതോടെ സംഘടനയിലെ കലഹം മറനീക്കി പുറത്തുവരികയാണ്.
DoolNews Video