| Friday, 18th June 2021, 9:04 pm

ബംഗാളില്‍ ബി.ജെ.പിയ്ക്ക് അടിപതറുന്നു; കൈലാഷ് വിജയ് വര്‍ഗീയ്‌ക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: ബംഗാള്‍ ബി.ജെ.പിയില്‍ പോര് മറനീക്കി പുറത്താകുന്നു. കൈലാഷ് വിജയ് വര്‍ഗീയ്‌ക്കെതിരെ പലയിടത്തും ഗോ ബാക്ക് വിളികളുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ബി.ജെ.പിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്‍പിലും സംസ്ഥാനത്തുടനീളവും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

മുകുള്‍ റോയ് ബി.ജെ.പി. വിട്ടതിന് പിന്നാലെയാണ് വിജയ് വര്‍ഗീയയ്‌ക്കെതിരെ ഒരു വിഭാഗം നീക്കം ശക്തമാക്കിയത്. മുകുളിനെ 2017 ല്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലേക്കെത്തിച്ചത് വിജയ് വര്‍ഗീയയുടെ ഇടപെടലായിരുന്നു.

മുകുള്‍ റോയിയെ ദേശീയ ഉപാധ്യക്ഷനാക്കിയതും വിജയ് വര്‍ഗീയയുടെ നീക്കമായിരുന്നു.

അതേസമയം ബി.ജെ.പി. വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ മുകുള്‍ റോയിയുടെ നേതൃത്വത്തില്‍ എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്.

ബി.ജെ.പി. നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ഫോണില്‍ സംസാരിച്ചുവെന്ന് മുകുള്‍ റോയ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ഒരുപടി കൂടി കടന്ന് ബി.ജെ.പിയിലെ 30 ഓളം എം.എല്‍.എമാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മുകുള്‍ റോയിയുടെ മകന്‍ സുഭ്രാംഗ്ഷു റോയ് പറയുന്നത്.

നേരത്തെ പ്രതിപക്ഷ നേതാവ് സുവേന്തു അധികാരി വിളിച്ചുചേര്‍ത്ത യോഗത്തില്‍ 25 എം.എല്‍.എമാര്‍ പങ്കെടുത്തിരുന്നില്ല. അതേസമയം എം.എല്‍.എമാര്‍ അനാരോഗ്യം മൂലമാണ് പങ്കെടുക്കാത്തതെന്നും ഇക്കാര്യം തന്നെ അറിയിച്ചിരുന്നെന്നുമാണ് സുവേന്തു അധികാരി പറഞ്ഞത്.

എന്നാല്‍ ബംഗാളില്‍ മുകുള്‍ റോയിയുമായി അടുപ്പമുള്ള പലനേതാക്കളും തൃണമൂലിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2017 ലാണ് തൃണമൂല്‍ വിട്ട് മുകുള്‍ റോയ് ബി.ജെ.പിയിലെത്തിയത്. പശ്ചിമ ബംഗാള്‍ പിടിക്കാന്‍ ബി.ജെ.പി. നടത്തിയ ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു മുകുള്‍ റോയിയുടെ പാര്‍ട്ടി പ്രവേശനം.

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു ബി.ജെ.പിയിലെത്തിയ നേതാക്കളെക്കുറിച്ചു തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം വിവരമൊന്നുമില്ലെന്ന് ബി.ജെ.പി. വൃത്തങ്ങള്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പില്‍ തോറ്റതോടെ ഇവര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയേക്കുമെന്നു സംശയിക്കുന്നതായി ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മറ്റു പാര്‍ട്ടികളില്‍ നിന്നും 33 എം.എല്‍.എമാരാണു ബി.ജെ.പിയിലെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും തൃണമൂല്‍ വിട്ടവരായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Internal discontent in Bengal BJP? ‘Go Back’ posters against Vijayvargiya surface in Kolkata

We use cookies to give you the best possible experience. Learn more