ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ മിക്കപ്പോഴും സ്ഥാപനങ്ങള്‍ക്ക് അനുകൂലം: കേരള ഹൈക്കോടതി
Kerala News
ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടുകള്‍ മിക്കപ്പോഴും സ്ഥാപനങ്ങള്‍ക്ക് അനുകൂലം: കേരള ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2024, 9:34 am

കൊച്ചി: തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കുന്ന ഇന്റേണല്‍ കംപ്ലൈന്റ്‌സ് കമ്മിറ്റിയുടെ (ഐ.സി.സി) റിപ്പോര്‍ട്ടുകള്‍ മിക്കപ്പോഴും സ്ഥാപനങ്ങള്‍ക്ക് അനുകൂലമാണെന്ന് കേരള ഹൈക്കോടതി. കൊല്ലത്തെ ഒരു കോളേജ് മേധാവിക്ക് നേരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിയില്‍ ഐ.സി.സി ക്ലീന്‍ചീറ്റ് നല്‍കിയത് ചൂണ്ടിക്കാണിച്ച് കേസ് റദ്ദാക്കണമെന്ന്‌ ഹരജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു. ഈ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ലൈംഗികാതിക്രമ പരാതിയില്‍ ഐ.സി.സി നടത്തുന്ന അന്വേഷണങ്ങള്‍ പലപ്പോഴും പക്ഷപാതപരമാണെന്ന് കോടതി നിരീക്ഷിച്ചു. ഇത്തരം റിപ്പോര്‍ട്ടുകള്‍ ആശങ്കപ്പെടുത്തുന്നുതാണെന്നും ഇത്തരം റിപ്പോര്‍ട്ടുകളുടെ കണ്ടെത്തലുകള്‍ അവസാന വാക്കല്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ്‌ എ. ബദറുദ്ദീന്‍ വ്യക്തമാക്കി. അതിനാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പൊലീസ് അന്വേഷണത്തെ ബാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

കൊല്ലത്ത് അധ്യാപകന്‍ ഒരേസമയം കോളേജ് പ്രിന്‍സിപ്പലിന്റെയും വകുപ്പ് മേധാവിയുടേയും ചുമതലയിലിരിക്കെ പരാതിക്കാരിയായ വനിതാ പ്രൊഫസറോട് ലൈംഗിക താല്‍പര്യത്തോടെ സംസാരിച്ചു എന്നായിരുന്നു പരാതി.

പരാതിയെത്തുടര്‍ന്ന് കുറ്റാരോപിതനായ അധ്യാപകന്‍ സ്ഥാപനത്തിലെ ഐ.സി.സി നടത്തിയ അന്വേഷണത്തില്‍ താന്‍ നിരപരാധിയായി കണ്ടെത്തിയിരുന്നെന്നും അതിനാല്‍ പൊലീസ് എടുത്ത കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.

കേസ് പരിശോധിച്ച കോടതി ഐ.സി.സിയുടെ റിപ്പോര്‍ട്ടില്‍ ക്ലീന്‍ ചീറ്റ് ലഭിച്ചാലും റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത സൂക്ഷ്മപരിശോധനക്ക് വിധേയമാണെന്നും ഇരയാക്കപ്പെട്ട വ്യക്തിക്ക് നേരിട്ട് പൊലീസില്‍ പരാതി നല്‍കാമെന്നും കോടതി പറഞ്ഞു.  പൊലീസ് പരാതിയില്‍ വിശദമായ അന്വേഷണം നടത്തി അന്തിമറിപ്പോര്‍ട്ട് നല്‍കിയാല്‍ മാത്രമെ അന്വേഷണം പൂര്‍ത്തിയാകുകയുള്ളു.

അല്ലാത്തപക്ഷം ഐ.സി.സി റിപ്പോര്‍ട്ട് പൊലീസ് അന്വേഷണത്തെ ഒരുവിധത്തിലും ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. അതിനാല്‍ തന്നെ ഐ.സി.സി റിപ്പോര്‍ട്ട് അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും അത് പൊലീസ് അന്വേഷണത്തെ ബാധിക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു

Content Highlight: Internal complaints Committee reports mostly in favor of institutions says Kerala High Court