ഇന്റെണല്‍ അസെസ്‌മെന്റുകള്‍ വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് തള്ളിവിടുമ്പോള്‍
അനുശ്രീ

ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അശാസ്ത്രീയമായ ഇന്റേര്‍ണല്‍ അസെസ്‌മെന്റ് സിസ്റ്റം വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുകയാണ്. അത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ ഇന്റേര്‍ണല്‍മാര്‍ക്കിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ വിലയിരുത്തലുകളെക്കുറിച്ചും അധ്യാപികയായ മല്ലിക എം.ജി ഡൂള്‍ ന്യൂസിനോട് സംസാരിക്കുന്നു.

ഉന്നത വിദ്യാഭ്യാസത്തില്‍ ഇന്റേര്‍ണല്‍ മാര്‍ക്കിന്റെ പ്രസക്തി?

എക്സ്റ്റേര്‍ണല്‍ മാര്‍ക്കിംഗ് സിസ്റ്റത്തിന്റെ അകത്ത് മൂന്ന് മണിക്കൂര്‍ മൂല്യനിര്‍ണ്ണയമാണ് നടക്കുന്നത്. പരീക്ഷക്ക് എല്ലാ കുട്ടികള്‍ക്കും ഒരുപോലെ പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. ചില കുട്ടികള്‍ നല്ല കഴിവുള്ള കുട്ടികളായിരിക്കാം. പക്ഷെ അവര്‍ക്ക് ആ മൂന്ന് മണിക്കൂര്‍ നേരം പെര്‍ഫോം ചെയ്യാന്‍ കഴിഞ്ഞെന്ന് വരില്ല. അത്തരം സാഹചര്യങ്ങളില്‍ അവരുടെ മറ്റുകഴിവുകള്‍ പരിഗണിച്ച്
സപ്പോര്‍ട്ട് ചെയ്യുകയും ഒരു കൃത്യമായ ഇവാല്വേഷന്‍ പ്രോസസ് നടപ്പിലാക്കുന്നതുമാണ് ആശയപരമായി ഇന്റേര്‍ണല്‍മാര്‍ക്ക് എന്ന് പറയുന്നത്. രണ്ടാമതായി പ്രാക്ടിക്കല്‍ അസെസ്മെന്റ് നടത്തുമ്പോള്‍ വായിച്ച് പഠിച്ച് ബൈഹാര്‍ട്ട് ചെയ്യപ്പെടുന്നതിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ ആഴത്തില്‍ അറിഞ്ഞ് ആ രീതിയില്‍ അസൈസ് ചെയ്യുന്നതിനാണ് ഇന്റേര്‍ണല്‍ അസെസ്മെന്റ്.

കൃത്യമായാണോ ഇവിടെ ഇന്റേര്‍ണല്‍ അസെസ്മെന്റ് നടക്കുന്നത്?

ഏത് സാമൂഹിക സാഹചര്യത്തിനകത്തും നിരവധി ക്ലോസുകളുണ്ട്. ഒരു അധ്യാപകന്‍ കൃത്യമായി വിദ്യാര്‍ത്ഥിയെ അസെസ് ചെയ്യാന്‍ അക്കാദമിക്കലി കാലിബര്‍ ഉള്ള വ്യക്തിയായിരിക്കണം. രണ്ടാമതായി തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥികളോട് പക്ഷപാതം കാണിക്കാത്തവരായിരിക്കണം. മൂന്നാമതായി ഇതിനെ കൃത്യമായി മൂല്യനിര്‍ണ്ണയം നടത്തുകയും അതിനോട് താല്‍പര്യമുള്ളവരും ആയിരിക്കണം. ഇങ്ങനെയൊന്നും ഇല്ലാത്തൊരു സിസ്റ്റത്തില്‍ ഇന്റേര്‍ണല്‍ അസെസ്മെന്റ് പലപ്പോഴും ഒരു വിദ്യാര്‍ത്ഥിയുടെ ഭാവിയെ സ്വാധീനിക്കുന്ന ഘടകമായി മാറാറുണ്ട്. ഒരു ഐഡിയല്‍ അധ്യാപക സിസ്റ്റത്തിന്റെ അകത്ത് ഇന്റേര്‍ണല്‍ മാര്‍ക്ക് കുട്ടിയെ നെഗറ്റീവ് ആയി ബാധിക്കില്ല. പക്ഷെ നമ്മുടെ സിസ്റ്റം എന്ന് പറയുന്നത് ഐഡിയല്‍ ആണോ എന്നാണ്? അധ്യാപകന്റെ ആത്മാര്‍ത്ഥത, കാര്യക്ഷമത, മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയോടുള്ള മനോഭാവം തുടങ്ങിയ കാര്യങ്ങള്‍ പെര്‍ഫക്ട് അല്ലാത്തിടത്ത് ഇന്റേര്‍ണല്‍ മാര്‍ക്കിംഗ് സിസ്റ്റത്തിന്റെ അപകടത്തെ കുറിച്ച് കൃത്യമായി ബോധവാന്മാരാകേണ്ടതുണ്ട്.

ഒരു അശാസ്ത്രീയമായ രീതിയിലേക്ക് ഇന്റേര്‍ണല്‍ അസെസ്മെന്റ് സിസ്റ്റം മാറുമ്പോള്‍ അതിനെ കൃത്യമായി ചോദ്യം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ വിദ്യാര്‍ത്ഥി സമൂഹം സജ്ജമല്ലെങ്കില്‍ അതിനെ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഉദാഹരണമായി ഒരു പരീക്ഷയുടെ പേപ്പര്‍ ഒന്നും രണ്ടും തവണയല്ല മൂല്യനിര്‍ണ്ണയം ചെയ്യപ്പെടുന്നത്. ഇത് കൂടാതെ റീവാല്യൂ ചെയ്യാനുള്ള പ്രൊവിഷനും ഉണ്ട്. ആര്‍ക്ക് വേണമെങ്കിലും ഇട്ടിരിക്കുന്ന ചോദ്യത്തിന്റെ വാലിഡിറ്റിയെ ചോദ്യം ചെയ്യാം. പക്ഷെ ഇന്റേര്‍ണല്‍ മാര്‍ക്കിംഗ് സിസ്റ്റത്തിന്റെ അകത്ത് അങ്ങനെയൊരു അസെസ്മെന്റ് ഇല്ല. കാരണം അധ്യാപകന്റെ കഴിവിനനുസരിച്ച് ഒരു ചോദ്യം ഇടുന്നു. അതിന് വിദ്യാര്‍ത്ഥി എഴുതുന്ന ഉത്തരം അധ്യാപകന്‍ വിചാരിച്ചത് പോലെയല്ലെങ്കില്‍ അവര്‍ അതിനനുസരിച്ച് മാര്‍ക്ക് ഇടുമ്പോള്‍ അതിനെ ചോദ്യം ചെയ്യാന്‍ പോലും ഉള്ള സാധ്യത പലയിടത്തും ഇന്റേര്‍ണല്‍ അസെസ്മെന്റ് സിസ്റ്റത്തില്‍ ഇല്ല. അതൊരു ജനാധ്യപത്യ വിരുദ്ധ രീതിയിലേക്കാണ് പലപ്പോഴും പോകുന്നത്.

വിദ്യഭ്യാസ സമ്പ്രദായത്തില്‍ ഇന്റേര്‍ണല്‍മാര്‍ക്കിന്റെ അനിവാര്യത?

ഇന്റേര്‍ണല്‍ മാര്‍ക്ക് അനിവാര്യമാകുന്നതെവിടെയാണ്. ഉദാഹരണമായി എങ്ങനെ നീന്താം എന്നതിനെകുറിച്ച് ഒരു കുട്ടിക്ക് തിയറി നന്നായി എഴുതാന്‍ കഴിയുമെങ്കില്‍ കൂടി ആ വ്യക്തിയെ നീന്തല്‍ വിദഗ്ധനായി നമുക്ക് പ്രഖ്യാപിക്കാന്‍ കഴിയില്ല. അത്തരം സെന്‍സില്‍ ഇന്റേര്‍ണല്‍ അസെസ്മെന്റ് നമുക്ക് ആവശ്യമായിരിക്കും. പക്ഷെ ഇപ്പോള്‍ നടക്കുന്ന രീതി അങ്ങനെയാണോയെന്ന് ചോദിച്ചാല്‍ അതൊരു ചോദ്യമാണ്.

ഒരു എക്ണോമിക് ക്ലാസില്‍ ഞാന്‍ കൊടുക്കുന്ന തിയറി ക്ലാസിനേക്കാള്‍ മികച്ച് ദാരിദ്ര്യത്തെ കുറിച്ചും അത് പരിഹരിക്കുന്നതിനെകുറിച്ചും ഒക്കെ അറിയാവുന്നതും നന്നായി വായിക്കുകയും അതില്‍ ഇന്‍വോള്‍വ് ചെയ്യുകയും ഒക്കെ ചെയ്യുന്നൊരാള്‍ത്ത് കിട്ടുന്ന പരിഹാരം ഒരു ടീച്ചര്‍ എന്ന നിലയില്‍ എനിക്ക് കൊടുക്കാന്‍ കഴിഞ്ഞോളണമെന്നില്ല. എന്നെക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്ന ഒരു കുട്ടി ക്ലാസിലുണ്ടെങ്കില്‍ അത് ്മനസിലാക്കാനും ആ രീതില്‍ ഇവാല്വേറ്റ് ചെയ്യാനും എനിക്ക് പറ്റിയിട്ടില്ലെങ്കില്‍ ഈ സിസ്റ്റം തെറ്റാണ്.

ഞാന്‍ ഇന്റേര്‍ണല്‍മാര്‍ക്കിംഗ് സിസ്റ്റത്തില്‍ പഠിച്ച് വന്നൊരാളല്ല. അപ്പോള്‍ ഇന്റേര്‍ണല്‍മാര്‍ക്ക് അനിവാര്യമാണെന്ന് പറയുമ്പോള്‍ ഞാന്‍ മോശമാണെന്നല്ലേ അതിന്റെ അര്‍ത്ഥം. ഇന്ന് ഇന്റേര്‍ണല്‍മാര്‍ക്കിന് വേണ്ടി വാദിക്കുന്ന പലരും ഇന്റേര്‍ണല്‍മാര്‍ക്ക് ഇല്ലാത്ത സിസ്റ്റത്തില്‍ നിന്നും വന്നവരാണ്. ഇന്റേര്‍ണല്‍മാര്‍ക്കിംഗ് സിസ്റ്റം ഇല്ലെങ്കില്‍ പ്രശ്നമല്ല. പക്ഷെ ഇത് കുറച്ച് കൂടി നന്നാക്കാനാണെങ്കില്‍ ഇതിന്റെ അകത്ത് എന്ത് ചെയ്യുന്നുവെന്ന് പറഞ്ഞാല്‍ ഈ സിസ്റ്റത്തിനെ കുറച്ച് കൂടി പഠിക്കുകയും അസെസ് ചെയ്ത് നോക്കുകയും കൂടി വേണം. ഇന്റേര്‍ണല്‍ അസെസ്‌മെന്റ് സിസ്റ്റം ഇല്ലാതെ പഠിച്ച് വന്ന നമ്മളാണല്ലോ ഇത് അസെസ് ചെയ്യുന്നത്. അപ്പോള്‍ ഇല്ലാതെ പറ്റില്ല എന്ന് പറയണമെങ്കില്‍ നമ്മള്‍ ഒക്കെ വളരെ മോശമാണെന്ന് പറയേണ്ടി വരും. അതില്ലാതെ പറ്റും എന്നതിന്റെ തെളിവാണ് ഇവിടെയിരിക്കുന്ന ഭൂരിപക്ഷം അധ്യാപകരും.

വിദ്യാര്‍ത്ഥികളോടുള്ള അധ്യാപകരുടെ മനോഭാവം ഇന്റേര്‍ണല്‍ അസെസ്‌മെന്റിനെ ബാധിക്കുന്നില്ലേ?

ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്നത് എന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥി എന്നെ ചോദ്യം ചെയ്ത് ഉത്തരം മുട്ടിക്കണമെന്നാണ്. അപ്പോള്‍ മാത്രമെ ഞാന്‍ പഠിപ്പിച്ച കാര്യങ്ങളില്‍ ആ കുട്ടി ചിന്തിക്കുന്നുവെന്ന് എനിക്ക് മനസിലാവുകയുള്ളൂ. എന്നാല്‍ അടുത്തകാലത്ത് ഒരു ചോദ്യം പോലും എന്റെ ക്ലാസില്‍ നിന്നും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പലപ്പോഴും അധ്യാപകരോട് ചോദ്യം ചോദിക്കുമ്പോള്‍, ഒരു വിദ്യാര്‍ത്ഥി ടീച്ചര്‍ പറഞ്ഞത് ശരിയല്ല നിങ്ങള്‍ക്ക് തെറ്റിപോയതാണെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ അതിനെ അംഗികരിക്കുന്ന എത്ര അധ്യാപകര്‍ നമ്മുടെ സമൂഹത്തിലുണ്ട്.?

സ്വാഭാവികമായിട്ടും മനുഷ്യര്‍ക്ക് പക്ഷപാതം ഉണ്ടാവും. എന്നാല്‍ ഇതൊക്കെ തന്നെ പലപ്പോഴും അധികാരം വരുന്ന സമയത്ത് ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയില്ല. കാരണം തന്റെ മുന്നിലിരിക്കുന്ന വിദ്യാര്‍ത്ഥിയുടെ ഭാവി തന്റെ കയ്യിലുള്ള ഇന്റേര്‍ണല്‍മാര്‍ക്കിന്റേയും അറ്റന്‍ഡന്‍സിന്റേയും അടിസ്ഥാനത്തിലാണ് നിര്‍ണ്ണയിക്കുന്നതെങ്കില്‍ സ്വാഭാവികമായിട്ടും കുട്ടികളുടെ സ്വതന്ത്ര ചിന്തയേയും അവരുടെ വളര്‍ച്ചയേയും കൃത്യമായി തടയാന്‍ പറ്റും. പഠിക്കുകയെന്ന് പറഞ്ഞാല്‍ ടെക്സ്റ്റ്ബുക്കുകള്‍ക്കിടയിലോ ഒരു അധ്യാപകന്റെ ഉള്ളിലോ ഒതുങ്ങുന്നതല്ല. വിശാലമായ അര്‍ത്ഥത്തില്‍ എന്നും നിരന്തരമായി പഠിക്കുകയും ചോദ്യം ചെയ്യുകയും നിലനില്‍ക്കുന്ന സിസ്റ്റത്തെ തന്നെ ചോദ്യം ചെയ്യാനും ഒരു വിദ്യാര്‍ത്ഥിക്ക് കഴിയണം.

സ്‌ക്കൂള്‍ തലത്തിലാണെങ്കില്‍ ഒരു കുട്ടി ഒരു ദിവസം ക്ലാസില്‍ വന്നില്ലെങ്കില്‍ അവരെ കൊണ്ട് വരാനായി ശ്രമിക്കണം. പക്ഷെ ഒരു സ്റ്റേജ് കഴിഞ്ഞാല്‍ അവനവന് വേണ്ടെങ്കില്‍ വേണ്ടയെന്ന് പറയാനും അതിനകത്ത് നിന്ന് പുറത്തിറങ്ങാനും ചോദ്യം ചെയ്യാനും അധ്യാപകന്‍ പറഞ്ഞ കാര്യം തെറ്റാണെന്നും പറയാന്‍ അവകാശം കൊടുക്കാത്തിടത്ത് എന്ത് ജനാധിപത്യ സംസ്‌ക്കാരത്തെ കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. സത്യസന്ധമായി പറയാനുള്ള സാധ്യതയെ പോലും ഈ സിസ്റ്റം ഇല്ലാതാക്കുമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

ഇന്റേര്‍ണല്‍ അസെസ്മെന്റ് വിദ്യാര്‍ത്ഥികളെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുന്ന സാഹചര്യം

എന്തെങ്കിലും ഒരു കാര്യം ഇംപ്ലിമെന്റ് ചെയ്യുമ്പോള്‍ അതിന്റെ ഒബ്ജക്ടീവ് കൂടി നമ്മള്‍ നോക്കണം. മാര്‍ക്ക് ഒരു വ്യക്തിയുടെ ഓവറോള്‍ ഡെവലപ്പെമെന്റിനെ റിഫ്ലെക്ട് ചെയ്യാത്തതിനാല്‍ ആ പ്രോസസാണ് നമ്മള്‍ ഇവാല്യൂവേറ്റ് ചെയ്യുന്നത്. അതിന്റെ ഔട്ട്പുട്ട് ഇവാല്യൂവേറ്റ് ചെയ്തിട്ട് കാര്യമില്ല. എന്റെ മുന്നിലേക്ക് വിദ്യാര്‍ത്ഥി കൊണ്ടുവരുന്ന ഒരു പ്രൊജക്ട് റിപ്പോര്‍ട്ട് അനാലിസിസ് ചെയ്യുമ്പോള്‍ അതിന്റെ പിന്നിലുള്ള വര്‍ക്കിനെ ശാസ്ത്രീയമായി ഇവാല്യൂവേറ്റ് ചെയ്യാന്‍ എന്ത് മാര്‍ഗമാണുള്ളത്. പലരും ചെയ്തത് കോപ്പിയടിച്ച് മോഡിഫൈ ചെയ്താണ് പല വിദ്യാര്‍ത്ഥികളും സബ്മിറ്റ് ചെയ്യുന്നത്. ഇതിലൂടെ ഇവരെ ആധാരം എഴുത്തുകാരാക്കുകയാണ്. രണ്ടാമതായി ഇങ്ങനെയൊരു സിസ്റ്റം കൊണ്ട് വരുമ്പോള്‍ ഈ അധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇടയില്‍ കൃത്യമായി ചര്‍ച്ച നടത്തിയിട്ടോ വിലയിരുത്തിയിട്ടോ ഒന്നും അല്ല നടപ്പിലാക്കുന്നത്.

ഇപ്പോള്‍ ഈ ചര്‍ച്ച നടക്കുന്നത് ഫാത്തിമയെന്ന മിടുക്കിയായ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ തുടര്‍ന്നാണ്. എത്രയോ കുട്ടികള്‍ ജീവിതത്തില്‍ നിന്ന് തന്നെ പോയിട്ടുണ്ട്. എനിക്ക് അറിയുന്ന പലരും ആത്മഹത്യ ചെയ്യാതെ പോയത് അവര്‍ ജീവിതത്തിലുടനീളം അപമാനം സഹിച്ച് വന്നത് കൊണ്ടാണ്.

ഇവിടെ കാട്ടുനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ഒരു കുട്ടിക്ക് ഫസ്റ്റ് സെമസ്റ്ററില്‍ കിട്ടിയത് 55 ശതമാനം അറ്റെന്‍ഡന്‍സാണ്. ഒരാള്‍ പോലും ആ കുട്ടിക്ക് എന്ത്കൊണ്ടാണ് അറ്റന്‍ഡന്‍സ് കുറഞ്ഞത് എന്ന് ചോദിച്ചിട്ടില്ല. കാരണം ഈ കുട്ടിയുടെ അച്ഛന്‍ കുട്ടിക്ക് രണ്ട് വയസുള്ളപ്പോള്‍ അമ്മയുടെ വയറ്റിന് കുത്തി പരിക്കേല്‍പ്പിച്ച് ജയിലില്‍ കിടക്കുകയാണ്. രണ്ടാനച്ചന്റെ കൂടെയാണ് താമസിക്കുന്നത്. രണ്ടാനച്ഛന്‍ എല്ലാ ദിവസവും രാത്രി വന്നിട്ട് പ്രശ്നമുണ്ടാക്കുകയാണ്. പലപ്പോഴും കുട്ടിക്ക് അവിടെ നിന്ന് ഇറങ്ങി പോകേണ്ടി വരികയാണ്. മറ്റൊന്ന് യാത്രക്കായി ബസിന് ആരും കണ്‍സെഷന്‍ കൊടുക്കില്ല. ക്ലാസ് തുടങ്ങിയോ ഇല്ലയോ എന്നറിയാന്‍ ഒരു ഫോണ്‍ പോലുമില്ല. അവരുടെ ഭാഷ വ്യത്യസ്തമാണ്. അവര്‍ ആരോടും സംസാരിക്കുന്നില്ല. ക്ലാസിനും വരുന്നില്ല. പിന്നെയാണ് മനസ്സിലാക്കുന്നത് ആ കുട്ടിയുടെ ഭാഷ വ്യത്യസ്തമായതിനാല്‍ തന്നെ ആ കുട്ടി ആരോടും മിണ്ടാറില്ലയെന്ന്. ഈ കുട്ടിയെ സംബന്ധിച്ച് ഇവിടെയുള്ളതെല്ലാ എല്ലാം ഭീകരമാണ്. അഞ്ചാമത്തെ സെമസ്റ്ററില്‍ നാല്‍പ്പത്തഞ്ച് ശതമാനം അറ്റന്‍ഡന്‍സ് കിട്ടിയിട്ട് ആ കുട്ടി പോയി. ഇവിടുത്തെ അറ്റന്‍ന്‍സ് സിസ്റ്റവും അശാസ്ത്രീയമാണ്.

മറ്റൊന്ന് ഇവിടെ വരുന്ന ബഹുഭൂരിപക്ഷം ആണ്‍കുട്ടികളും മാന്വല്‍ ജോബിന് പോകുന്നവരാണ്. കുടുംബം പുലര്‍ത്തുന്നത് അവരാണ്. ഇത്തരം കുട്ടികളെ അവഗണിക്കുന്ന തരത്തിലേക്കാണ് ഈ സിസ്റ്റം വരുന്നത്. ഏത് അക്കാദമിക്ക് അന്തരീക്ഷത്തിന്റെയും പ്രധാനപ്പെട്ട ഡെവലപ്മെന്റ് എന്നുപറയുന്നത് സ്വാതന്ത്ര്യമാണ്.

ജാതിയില്ല, മതമില്ല, വര്‍ഗമില്ല, ലിംഗമില്ല എന്നൊക്കെ പറയുമ്പോഴും എല്ലാം നിങ്ങളുടെ ഉള്ളില്‍ ഉണ്ട്. അതിന്റെ തെളിവാണ് നമ്മള്‍ ചുറ്റുവട്ടത്ത് കാണുന്നത് മുഴുവന്‍. നമ്മളുടെ ഉള്ളില്‍ കിടക്കുന്ന ഇതൊക്കെയും പുറത്ത് വരികയും ചെയ്യും.

നമ്മുടെ സിസ്റ്റത്തില്‍ ഏറ്റവും ശക്തമായത് ഹ്യൂമന്‍ റിസോഴ്സാണ്. ഹ്യൂമന്‍ റിസോഴ്സ് ഡിലവെപ്മെന്റിലൂടെ ഏത് ദരിദ്രനും ഈ സിസ്റ്റത്തിനകത്ത് കോണ്‍കര്‍ ചെയ്യാനുള്ള സ്പെയ്സ് കണ്ടെത്താന്‍ പറ്റും. ബ്രെയിനിനെ വെല്ലുന്ന ഒരു റിസോഴ്സും ഇന്നില്ല. അവര്‍ക്ക് സ്പെയ്സ് കണ്ടെത്താനും പറ്റും. അപ്പോള്‍ അതിനെ ഇല്ലാതാക്കുക എന്നതാണ് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ഡിവലപ്പ്മെന്റിനെ തകര്‍ക്കാനുള്ള ഏറ്റവും വലിയ മാര്‍ഗം. അത് കൊണ്ട് തന്നെയാണ് വിദ്യഭ്യാസ സ്ഥാപനത്തിന്റെ അകത്ത് നിങ്ങള്‍ ഈ പറയുന്ന കണ്‍ട്രോള്‍സ് കൊണ്ട് വന്നതെന്നാണ്. അത് കാലം തെളിയിക്കും.

ഒരു കുട്ടിയുടെ കണ്ണില്‍ നോക്കുമ്പോള്‍ തന്നെ ഒരു അധ്യാപകന് മനസിലാവണം ഇന്നിവന്‍ ഭക്ഷണം കഴിച്ചിട്ടുണ്ടോ, ഇന്നലെ രാത്രി ഇവന്‍ ഉറങ്ങിയിട്ടുണ്ടോ? ഇവന്റെ വീട്ടില്‍ എന്താണ് അവസ്ഥ എന്നൊക്കെ. ഒരു കാര്യം ഒരു കുട്ടിക്ക് മനസിലായില്ലെങ്കില്‍ അവര്‍ക്ക് മനസിലാക്കുന്ന തലത്തിലേക്ക് ഭാഷ മാറ്റാനും അതിന്റെ രീതി മാറ്റാനും നോക്കിയാണ് അധ്യാപകന്റെ സാനിധ്യം. അല്ലാതെ ക്ലാസ് മുറിക്കകത്തേക്ക് ആട്ടി തെളിച്ച് വടിയെടുത്തിട്ട് നിന്റെ ഭാവി ഞാന്‍ നിശ്ചയിക്കുമെന്ന് പറയാനും ഈ ക്ലാസ് മുറിക്കുള്ളിലേക്ക് വിദ്യാര്‍ത്ഥികളെ ഒതുക്കി തീര്‍ക്കുമെന്ന് പറയുന്നതുമല്ല ഒരു അധ്യാപകന്‍. വിദ്യഭ്യാസ സ്ഥാപനത്തിലൂടെ ലിബറേറ്റ് ചെയ്യേണ്ട ഒരു സമൂഹത്തില്‍ ആ ലിബറേഷനെ ബോധപൂര്‍വ്വം അത് മനസിലാക്കേണ്ട രാഷ്ട്രീയ ബോധം പോലുമില്ലാത്ത തലമുറയെകൊണ്ട് അത് തകര്‍ക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യത്തെ അസ്ഥമിപ്പിക്കുന്ന നമ്മള്‍ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന എല്ലാ വിവേചനത്തിന്റേയും ഏറ്റവും ഭീകരമായ സാധനം ഹ്യൂമന്‍ റിസോഴ്സിനെ കണ്‍ട്രോള്‍ ചെയ്യാനുള്ള ശക്തമായ ഫാസിസ്റ്റ് ഇടപെടല്‍ ഇതിലുണ്ട് എന്നതാണ്. അത് നമ്മള്‍ ഫേസ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഈ രാജ്യം എന്ന് പറയുന്നത് ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് ഒരാള്‍ പ്രഖ്യാപിച്ച് കഴിഞ്ഞാല്‍ അദ്ദേഹം അങ്ങനെ വിചാരിച്ചിട്ടില്ലെങ്കില്‍ പോലും കേള്‍ക്കുന്ന ഒരു ന്യൂനപക്ഷ വിഭാഗത്തെ സംബന്ധിച്ച് അത് ഉണ്ടാക്കുന്ന അരക്ഷിതാവസ്ഥ ഭീകരമാണ്. ഫെയര്‍ ആന്റ് ലവ്ലിയുടെ പരസ്യം ഒരു കറുത്ത സ്‌കിന്‍ ഉള്ള മനുഷ്യനെ സംബന്ധിച്ച് എത്ര ഇന്‍സല്‍ട്ടിംഗ് ആണെന്ന് മനസിലാക്കണമെങ്കില്‍ ആ കറുത്ത സ്‌കിന്‍ ഉള്ള വ്യക്തിയുമായിട്ട് താദാത്മ്യപ്പെടാന്‍ കഴിയണം.

കാസ്റ്റ് വൈസ് താഴ്ന്ന ജാതിക്കാര്‍ എന്ന് വിലയിരുത്തുന്ന ആള്‍ക്കാരെ കൊറുമ്പിയെന്നും ഗോവിന്ദനെന്നും വിളിക്കുന്നിടത്ത് ഏതെങ്കിലും അപ്പര്‍കാസ്റ്റ് സ്ത്രീയെയോ പുരുഷനെയോ പേര് ചൊല്ലി വിളിക്കുന്നുണ്ടോ. ഇത് കേട്ട് വരുന്ന ഒരു കുട്ടിയെ സംബന്ധിച്ച് അത് ഉണ്ടാക്കുന്ന ഫീല്‍ ചെറുതല്ല. പിന്നീട് എന്ത് വിവേചനം ഉണ്ടായാലും അത് അവരെ ബാധിക്കും. ഇത് മനസിലാക്കാന്‍ കപ്പാസിറ്റി ഉള്ള ആളായിരിക്കണം അധ്യാപകന്‍. ഉള്ളിന്റുള്ളില്‍ ഈ അരക്ഷിതാവസ്ഥ നിലനില്‍ക്കുന്ന ഏതൊരു വ്യക്തിയെ സംബന്ധിച്ച് കൂടുതല്‍ ചേര്‍ത്ത് പിടിക്കലും ഇത് അല്ലായെന്ന് തെളിയിക്കാനുമുള്ള ബാധ്യത അധികാര സ്ഥാനത്തിരിക്കുന്ന ആള്‍ക്കാര്‍ക്കുണ്ട്. ചിലപ്പോള്‍ അതില്‍ പൂജ്യം മാര്‍ക്ക് കിട്ടിയ എത്രയോ പേര്‍ ഉയര്‍ത്തു വന്നിട്ടുണ്ട്. ഏത് സിസ്റ്റത്തിന്റെ അകത്തും തളര്‍ത്താന്‍ നോക്കിയാല്‍ തളരുകയൊന്നുമില്ല. നമ്മള്‍ തളര്‍ന്നില്ലെങ്കില്‍.

ഫാത്തിമയുടെ കേസ് വെച്ച് നോക്കുമ്പോള്‍ ഹീറോയായിട്ട് വന്ന കുട്ടിയാണ്. പഠന നിലവാരത്തില്‍ മുകളിലായിരുന്നു. പക്ഷെ ഈ പറയുന്ന ആള്‍ക്കാര്‍ എത്രയോ പേര്‍ക്ക് മാര്‍ക്ക് കുറച്ച് കൊടുത്തിട്ടുണ്ടാവാം. ഇതൊരു സിസ്റ്റമായിരിക്കാം. ഇതിനെ ചോദ്യം ചെയ്യിക്കാന്‍ പോലും പറ്റാത്തത് കൊണ്ടായിരിക്കാം. ഓട്ടോണോമസ് സിസ്റ്റത്തിന്റകത്തൊക്കെ ആര് ചോദ്യം ചെയ്യാന്‍. രാഷ്ട്രീയക്കാര്‍ അവര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് അവിഹിതമായി മാര്‍ക്ക് കിട്ടി കഴിഞ്ഞാല്‍ പിന്നെ അതിന് വേണ്ടി വാദിക്കുന്നില്ല.

ഒരു ഫാസിസ്റ്റ് കാലഘട്ടം എന്ന് പറഞ്ഞാല്‍ ഒരു വ്യക്തി ഫാസിസ്റ്റ് ആവുകയെന്നതല്ല. മൊത്തം സിസ്റ്റത്തിന്റെ അകത്ത് ഫാസിസം വളര്‍ന്നുവരികയെന്നതാണ്. അതില്‍ ഫാസിസ്റ്റ് വിരുദ്ധ മുന്നണിയില്‍ തന്നെ ഫാസിസം ഉണ്ടാവുകയും ഫാസിസ്റ്റ് ഇടങ്ങളില്‍ ജനാധിപത്യവാദികള്‍ ഉണ്ടാവുകയും ചെയ്യുന്ന കാലഘട്ടത്തില്‍ എന്താണ് ജനാധിപത്യമെന്നും എന്താണ് ഫാസിസമെന്നും തിരിച്ചറിഞ്ഞിട്ട് തകര്‍ന്നു പോയവന്റേയും വോയിസ് നഷ്ടപ്പെട്ടവന്റേയും വാക്കായി മാറാന്‍ പറ്റുകയെന്നതാണ്. ഇത് വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ ഇല്ലാതാക്കുകയെന്ന് പറയുന്നത് ഓടുന്ന പട്ടിയുടെ ഒരുമുഴം മുമ്പേയെറിയുന്ന പ്രോസസാണ്.

അനുശ്രീ
ഡൂൾ ന്യൂസിൽ സബ് എഡിറ്റർ ട്രെയിനി. ജേർണലിസത്തിൽ പി. ജി ഡിപ്ലോമ