| Thursday, 4th February 2021, 4:44 pm

"നല്ല ലോജിക്ക്, എന്നാല്‍ നിങ്ങള്‍ മറ്റുള്ളവരുടെ കാര്യത്തിലും ഇടപെടാന്‍ പോകരുത്"; സച്ചിനടക്കമുള്ളവര്‍ക്ക് സന്ദീപ് ശര്‍മ്മയുടെ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച പോപ് ഗായിക റിഹാന അടക്കമുള്ളവരോട് ഇന്ത്യയുടെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന് പറഞ്ഞ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മറുപടിയുമായി ക്രിക്കറ്റ് താരം സന്ദീപ് ശര്‍മ്മ.

ഒരു രാജ്യത്തിന്റെ ആഭ്യന്തരകാര്യത്തില്‍ ഇടപെടരുതെന്ന ലോജിക്ക് പ്രകാരം ജര്‍മനി ജൂതരെ കൂട്ടക്കൊല ചെയ്യുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ കഴിയുമോയെന്ന് സന്ദീപ് ചോദിക്കുന്നു.

‘പാകിസ്താനില്‍ സിഖ്, അഹ്മദി, ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങളെ പീഡിപ്പിക്കുമ്പോള്‍ പുറത്തുനിന്നുള്ളവര്‍ക്ക് ഇടപെടാന്‍ സാധിക്കുമോ? ചൈന ഉയ്ഗൂര്‍ മുസ്‌ലീങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനെതിരെ ഇടപെടാന്‍ സാധിക്കുമോ.? ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ക്കെതിരെയും സിഖുകാര്‍ക്കെതിരെയുമുള്ള അതിക്രമങ്ങളില്‍ ഇടപെടാന്‍ സാധിക്കുമോ തുടങ്ങിയ കുറിപ്പും സന്ദീപ് ട്വിറ്ററില്‍ പങ്കുവെച്ചു.

92 മത്സരങ്ങളില്‍ ഐ.പി.എല്ലില്‍ കളിച്ച താരം നിലവില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരമാണ്.

നേരത്തെ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ അടക്കമുള്ള നിരവധി ‘സെലിബ്രേറ്റികള്‍’ കര്‍ഷക സമരം ഇന്ത്യയുടെ ആഭ്യന്തരകാര്യമാണെന്നും പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരാകം രാജ്യത്തിന്റെ പ്രതിനിധികളാകാന്‍ ശ്രമിക്കരുതെന്നും പറഞ്ഞിരുന്നു. ഇന്ത്യക്കെതിരായ പ്രചാരണമാണിതെന്നും ഇവര്‍ പറഞ്ഞിരുന്നു.

#IndiaTogether, #IndiaAgainstPropaganda എന്നീ ഹാഷ് ടാഗിനൊപ്പമായിരുന്നു ട്വീറ്റുകള്‍. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രണ്ടുമാസത്തിലേറെയായി സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ഇത് വലിയ രീതിയില്‍ ചര്‍ച്ചയാകുകയും ചെയ്തതോടെ നിരവധി പേര്‍ റിഹാനയെ പിന്തുണച്ചും വിമര്‍ശിച്ചും രംഗത്തെത്തിയിരുന്നു.

കര്‍ഷക സമരം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ദല്‍ഹി അതിര്‍ത്തികളില്‍ ഇന്റര്‍നെറ്റ് സൗകര്യം വിഛേദിച്ചതിനെതിരെയും റിഹാന രൂക്ഷവിമര്‍ശനമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റിഹാനയ്‌ക്കെതിരെ സൈബര്‍ ആക്രമണവുമായി സംഘപരിവാര്‍ സംഘടനകളും രംഗത്തെത്തിയതോടെ വിഷയം ആഗോളതലത്തില്‍ ചര്‍ച്ചയാകുകയായിരുന്നു.

റിഹാനയുടെ വംശം, നിറം തുടങ്ങിയവയ്ക്കെതിരെയാണ് ട്വിറ്ററില്‍ അധിക്ഷേപം നടന്നത് അടിമത്വത്തെ ന്യായീകരിച്ചു പോലും റിഹാനയ്ക്കെതിരെ ആക്രമണം നടന്നിരുന്നു. ഇവയില്‍ പലതും പ്രസിദ്ധീകരണ യോഗ്യം പോലുമല്ല.

റിഹാനയുടെ ട്വീറ്റിന് പിന്നാലെ അവരെ ആക്രമിച്ച മുന്‍പങ്കാളി ക്രിസ് ബ്രൗണ്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങായിരുന്നു. 2009ലാണ് ക്രിസ് ബ്രൗണ്‍ റിഹാനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായത്. ഈ ഗാര്‍ഹിക പീഡനങ്ങളെ ന്യായീകരിച്ചും ട്വിറ്ററില്‍ നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.

‘എന്തുകൊണ്ടാണ് ഇതേപ്പറ്റി നമ്മള്‍ സംസാരിക്കാത്തത്?,’ എന്നായിരുന്നു farmersprotest എന്ന ഹാഷ്ടാഗോട് കൂടി റിഹാന ട്വീറ്റ് ചെയ്തത്.

റിഹാനയ്ക്ക് പിന്നാലെ പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബര്‍ഗ്, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് തുടങ്ങിയവര്‍ കര്‍ഷക പ്രതിഷേധത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇതിനോടൊപ്പം തന്നെ ഇവര്‍ ഇന്റര്‍നെറ്റ് സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

സ്റ്റോപ്പ് കില്ലിങ്ങ് ഫാര്‍മേഴ്‌സ് എന്ന ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ പ്രതികരണവുമായി മീനാ ഹാരിസ് മുന്നോട്ട് വന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Internal affairs?’: Punjab pacer Sandeep Sharma slams ‘logic’ behind Rihanna flak Sachin Tendulkar

We use cookies to give you the best possible experience. Learn more