| Saturday, 9th December 2023, 12:29 pm

മിശ്രവിവാഹം അഗീകരിക്കാനാകില്ല, അത് ജീവിതത്തില്‍ പ്രയാസമുണ്ടാക്കും; നാസര്‍ ഫൈസിയെ പിന്തുണച്ച് ഹുസൈന്‍ മടവൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ഇ.കെ സമസ്ത വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി നടത്തിയ പ്രസ്താവനയെ പിന്തുണച്ച് കെ.എന്‍.എം മുജാഹിദ് നേതാവ് ഹുസൈന്‍ മടവൂര്‍. മിശ്രവിവാഹത്തെ അംഗീകരിക്കാനാകില്ലെന്നും അത് ജീവിതത്തില്‍ പ്രയാസമുണ്ടാക്കുമെന്നും ഹുസൈന്‍ മടവൂര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

നാസര്‍ഫൈസിയുടെ പ്രസ്താവനയെ ലൗജിഹാദുമായി കൂട്ടിവായിക്കേണ്ടതില്ല എന്നും ഹുസൈന്‍ മടവൂര്‍ പറഞ്ഞു. ലൗജിഹാദ് ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടില്ല എന്നും എന്നാല്‍ ലൗ ജിഹാദ് ഇല്ല എന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ക്യാംപസുകളില്‍ എസ്.എഫ്.ഐ മതനിരാസം പ്രോത്സാഹിപ്പിക്കുകായണെന്ന മറ്റൊരു സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂരിന്റെ പ്രസ്താവനയെയും ഹുസൈന്‍ മടവൂര്‍ പിന്തുണച്ചു.

‘ നാസര്‍ ഫൈസിക്ക് അങ്ങനെ പറയാനുള്ള അവകാശമുണ്ട്. കാരണം അദ്ദേഹം പറഞ്ഞിട്ടുള്ളത്, അദ്ദേഹത്തിന്റെ സംഘടനയിലുള്ള മഹല്ല് നേതാക്കളുടെ യോഗത്തിലാണ്. ഇസ്‌ലാമിനെ സംബന്ധിച്ചും മുസ്‌ലിങ്ങളെ സംബന്ധിച്ചും മിശ്രവിവാഹം പാടില്ല. നാസര്‍ ഫൈസി പറഞ്ഞതിന് അദ്ദേഹം തെളിവ് ഹാജാരാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെ നടക്കുന്നതായി എനിക്കും തോന്നിയിട്ടുണ്ട്.

പെണ്‍കുട്ടികളെ വീട്ടില്‍ നിന്നും കൊണ്ടുപോകുകയും അവരെ പാര്‍ട്ടി ഓഫീസുകളില്‍ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. തങ്ങള്‍ ഇവിടെ ഉള്ളത് കൊണ്ടാണ് ഇതെല്ലാം നടക്കുന്നത് എന്ന് പാര്‍ട്ടിയുടെ ആളുകള്‍ പറഞ്ഞതായും വാര്‍ത്തകള്‍ വന്നിട്ടുണ്ട്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടായിരിക്കില്ല ഇതൊന്നും നടക്കുന്നത്. എന്നാല്‍, നമ്മുടെ നാട്ടില്‍ ഏത് കാര്യമെടുത്താലും അതില്‍ പാര്‍ട്ടിയുടെയോ മതത്തിന്റെയോ ഒക്കെ ആളുകള്‍ ഇടപെട്ടിട്ടുണ്ടാകുമല്ലോ.

ലൗജിഹാദ് ഉണ്ട് എന്ന് ഇവിടെ തെളിയിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, ലൗജിഹാദ് ഇല്ല എന്ന് പൊലീസും ആഭ്യന്തര വകുപ്പും പറഞ്ഞിട്ടുമുണ്ട്. എല്ലാ സമുദായത്തിലേയും ആണ്‍കുട്ടികളും പെണ്‍കുട്ടികളും പരസ്പരം വിവാഹം കഴിക്കുന്നുണ്ട്. ആ നിലക്കാണെങ്കില്‍ പ്രശ്‌നമില്ല. അതിന് പാര്‍ട്ടിയുടെ സപ്പോര്‍ട്ട് ഉണ്ടായി എന്നാണ് നാസര്‍ ഫൈസി പറയുന്നത്. മിശ്ര വിവാഹത്തെ സപ്പോര്‍ട്ട് ചെയ്താല്‍ അത് ജീവിതത്തിലും പ്രശ്‌നമുണ്ടാക്കും. ഞാന്‍ പറയുന്നത് ഇസ്‌ലാമിന്റെ പക്ഷത്ത് നിന്നുകൊണ്ടാണ്.

ക്യാംപസുകളില്‍ മതത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് ശാസ്ത്രത്തിന്റെയും യുക്തിയുടെയും ലിബറലിസത്തിന്റെയുമൊക്കെ പേര് നല്‍കുകയാണ്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കരുത് എന്ന് പറഞ്ഞാല്‍ ചോദിക്കുന്നത് ഇതെന്താ ആറാം നൂറ്റാണ്ടിലെ കാര്യമാണോ എന്നാണ്.മൈ ബോഡി ഈസ് മൈ ചോയ്‌സ് എന്നൊക്കെ പറഞ്ഞ് പെണ്‍കുട്ടികള്‍ ചാടാന്‍ തുടങ്ങിയാലോ? യാഥാര്‍ത്ഥ്യം നിഷേധിക്കാന്‍ പാടില്ല. ആണ് ആണാണ്, പെണ്ണ് പെണ്ണാണ്,’ ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

content highlights: Intermarriage is unacceptable, it will make life difficult: Hussain Madavoor in support of Nasser Faizi

We use cookies to give you the best possible experience. Learn more