ചെന്നൈ: 40 ഏക്കര്‍ ഭൂമി വാങ്ങിയ കേസില്‍ നടന്‍ മമ്മൂട്ടിക്കും ദുല്‍ഖര്‍ സല്‍മാനും കുടുംബത്തിനുമെതിരെ നടപടിയെടുക്കുന്നത് താല്‍ക്കാലികമായി തടഞ്ഞ് മദ്രാസ് ഹൈക്കോടതി.
ചെങ്കല്‍പട്ട് ജില്ലയിലെ കറുഗുഴിപള്ളം ഗ്രാമത്തില്‍ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും പേരിലുള്ള 40 ഏക്കര്‍ ഭൂമി ചതുപ്പ് നിലമാണെന്ന് ആരോപിച്ച് പിടിച്ചെടുക്കാനുള്ള ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ നടപടിയാണ് ഇപ്പോള്‍ കോടതി നിര്‍ത്തിവെച്ചത്.
കേസില്‍ മമ്മൂട്ടിക്കും കുടുംബത്തിനും ഇടക്കാല സംരക്ഷണം നല്‍കണമെന്ന് ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ പറഞ്ഞു.
ലാന്‍ഡ് അഡ്മിനിസ്ട്രേഷന്‍ കമ്മീഷന്റെ ഉത്തരവിനെതിരെ മമ്മൂട്ടിയും കുടുംബവും സമര്‍പ്പിച്ച ജോയിന്റ് റിട്ട് ഹരജിയിലാണ് കോടതി ഇടപെടല്‍.
പ്രസ്തുത നടപടിക്രമങ്ങളുടെ വസ്തുതകള്‍ പുറത്തുവരട്ടെയെന്നും എന്നാല്‍ കോടതിയുടെ കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടാകുന്നതുവരെ ഹരജിക്കാര്‍ക്കെതിരെ ഒരു നിര്‍ബന്ധിത നടപടിയും ആരംഭിക്കരുതെന്നും കോടതി ഉത്തരവിട്ടു.
അതേസമയം, ക്രമക്കേടുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അഡ്മിനിസ്ട്രേഷന്‍ കമ്മീഷന് ക്രിമിനല്‍ അല്ലെങ്കില്‍ വകുപ്പുതല നടപടികള്‍ ആരംഭിക്കുന്നതിന് തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി.
ആഗസ്റ്റ് 26ന് മുമ്പായി എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
സത്യം പുറത്തുവരണമെന്നും എന്നാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നതുവരെ പരാതിക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.
1927ല്‍ 247 ഏക്കര്‍ വരുന്ന പാട്ടഭൂമിയുടെ ഭാഗമായിരുന്നു ഈ വസ്തുവെന്നാണ് മമ്മൂട്ടി സത്യവാങ് മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. 1933 ല്‍ ലേലത്തിന് വെച്ച വസ്തു 1997ല്‍ കബാലി പിള്ള എന്ന വ്യക്തിയില്‍ നിന്നാണ് തന്റെ കുടുംബം വാങ്ങിയതെന്നും മമ്മൂട്ടി കോടതിയെ അറിയിച്ചു. എന്നാല്‍ കച്ചവടത്തിന് ശേഷം കബാലി പിള്ളയുടെ മക്കള്‍ ഏകപക്ഷീയമായി ഭൂമിയിടപാടുകളെല്ലാം റദ്ദുചെയ്യുകയായിരുന്നു. തുടര്‍ന്ന് 2007ല്‍ കേസ് കോടതിയിലെത്തുകയായിരുന്നു.