ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍
World News
ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീനയുടെ വിദ്യാര്‍ത്ഥി സംഘടനയെ നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 24th October 2024, 4:22 pm

ധാക്ക: മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ബംഗ്ലാദേശ് ഛത്ര ലീഗിനെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിച്ച് ഇടക്കാല സര്‍ക്കാര്‍. നോബേല്‍ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിന്റേതാണ് തീരുമാനം.

15 വര്‍ഷക്കാലമായി ഈ സംഘടന രാജ്യത്ത് ആക്രമണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പൊതു വിഭവങ്ങള്‍ ചൂഷണം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ കുറ്റങ്ങള്‍ക്ക് പുറമെ അവാമി ലീഗ് സര്‍ക്കാരിന് കീഴില്‍ കൊലപാതകം, ബലാത്സംഗം തുടങ്ങിയ പൊതു സുരക്ഷയെ ബാധിക്കുന്ന വിവിധ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംഘടന ഏര്‍പ്പെട്ടതായും ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള പബ്ലിക് സെക്യൂരിറ്റി ഡിവിഷനിലെ സീനിയര്‍ സെക്രട്ടറി എം.ഡി അബ്ദുള്‍ മോമന്‍ പുറത്ത് വിട്ട വിജ്ഞാപനത്തില്‍ പറയുന്നുണ്ട്.

ഷെയ്ഖ് ഹസീന അധികാരത്തില്‍ നിന്ന് പുറത്തായ ശേഷവും ഛത്ര ലീഗ് പ്രവര്‍ത്തകര്‍ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ എല്ലാവിധ തെളിവുകളും മന്ത്രാലായത്തിന്റെ കീഴില്‍ ഉണ്ടെന്നും വിജ്ഞാപനത്തില്‍ ആരോപിക്കുന്നുണ്ട്.

2009ലെ തീവ്രവാദ വിരുദ്ധ നിയമത്തിലെ സെഷന്‍ 18(1) പ്രകാരമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച നിരോധന ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും അറിയിപ്പില്‍ പറയുന്നു.

1948 ജനുവരി നാലിന് ഷെയ്ഖ് ഹസീനയുടെ പിതാവായ ഷെയ്ഖ് മുജീബുര്‍ റഹ്‌മാനാണ് ബംഗ്ലാദേശ് ഛത്ര ലീഗ് സ്ഥാപിക്കുന്നത്. അന്ന് ഈസ്റ്റ് പാകിസ്ഥാന്‍ ഛത്ര ലീഗ് എന്നായിരുന്നു സംഘടനയുടെ പേര്.

പിന്നീട്, 1971ല്‍ പാകിസ്ഥാനില്‍ നിന്ന് ബംഗ്ലാദേശ് സ്വതന്ത്രമായപ്പോള്‍ ഈസ്റ്റ് പാകിസ്ഥാന്‍ ഛത്ര ലീഗിന് പകരം ബംഗ്ലാദേശ് ഛത്ര ലീഗ് നിലവില്‍ വന്നു. അന്ന് മുതല്‍ അവാമി ലീഗിന്റെ ഒരു പ്രധാന വിഭാഗമാണ് ബി.സി.എല്‍ എന്നറിയപ്പെടുന്ന ബംഗ്ലാദേശ് ഛത്ര ലീഗ്.

ഷെയ്ഖ് ഹസീനയുടെ ഭരണകാലത്താണ് ബംഗ്ലാദേശിലെ പ്രധാന പാര്‍ട്ടിയായ ജമാഅത്തെ ഇസ്ലാമിയെ ബംഗ്ലാദേശ് സര്‍ക്കാര്‍ നിരോധിക്കുന്നത്. അന്ന് സംഘടനയ്‌ക്കെതിരെ ഇതേ തീവ്രവാദ വിരുദ്ധ നിയമം ഉപയോഗിച്ചാണ് നിരോധനം ഏര്‍പ്പെടുത്തിയത്. 1971ലെ സ്വാതന്ത്ര്യയുദ്ധകാലത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു എന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നിരോധനം.

Content Highlight: Interim Govt. in Bangladesh bans Sheikh Hasina’s Bangladesh Chhatra League