ധാക്ക: ബംഗ്ലാദേശില്‍ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. വിദേശത്തുള്ള മുഹമ്മദ് യൂനുസ് ഇന്ന് ഉച്ചയോടെ ധാക്കയിലെത്തും. വൈകീട്ട് 8നാണ് സത്യപ്രതിഞ്ജ. പ്രസിഡന്റ് മുഹമ്മദ് ഷിഹാബുദ്ദീനാണ് നോബേല്‍ ജേതാവും മുന്‍പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വിമര്‍ശകനുമായ സാമ്പത്തിക വിദഗ്ധന്‍ മുഹമ്മദ് യൂനുസിനെ ഇടക്കാല സര്‍ക്കാറിന്റെ നേതാവായി നിയോഗിച്ചത്. ഇടക്കാല സര്‍ക്കാറിന്‍ 15 അംഗ ഉപദേശക സമിതിയുമുണ്ടാകുമെന്ന് സൈനിക മേധാവി വഖാര്‍ ഉസ്മാനും വ്യക്തമാക്കായിട്ടുണ്ട്.
സംവരണ വിരുദ്ധ പ്രക്ഷേഭത്തെ തുടര്‍ന്ന് ഷെയ്ഖ് ഹസീനക്ക് പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് രാജ്യം വിടേണ്ടി വന്നതോടെയാണ് ബംഗ്ലാദേശില്‍ ഇടക്കാല സര്‍ക്കാറിന് വഴിയൊരുങ്ങിയിരിക്കുന്നത്. ഷെയ്ഖ് ഹസീനയുടെ പുറത്താകലിനെ ബംഗ്ലേദേശിന്റെ രണ്ടാം വിമോചനമെന്നാണ് മുഹമ്മദ് യൂനുസ് വിശേഷിപ്പിച്ചത്. യൂനുസിനെതിരായ കേസുകള്‍ പ്രസിഡന്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
യൂനുസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ മാത്രമേ അംഗീകരിക്കാനാകൂ എന്ന് പ്രസിഡന്റുമായുള്ള ചര്‍ച്ചയില്‍ സംവരണ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥി നേതാക്കള്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് മുഹമ്മദ് യൂനുസിനെ നേതാവാക്കിക്കൊണ്ടുള്ള പ്രസിഡന്റിന്റെ പ്രഖ്യാപനമുണ്ടായത്.
ഇതോടെ പാരീസില്‍ കഴിയുകയായിരുന്ന മുഹമ്മദ് യൂനുസ് ബംഗ്ലാദേശിലേക്ക് തിരികെ വരാന്‍ തയ്യാറാകുകയായിരുന്നു. മൂന്ന് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് മുന്‍ പ്രധാനമന്ത്രിയും ബി.എന്‍.പി നേതാവുമായ ഖാലിദ സിയയും ആവശ്യപ്പെട്ടിടുണ്ട്.
അതേ സമയം ബംഗ്ലേദേശില്‍ വലിയതോതിലുള്ള അരാജകത്വമാണ് നിലനില്‍ക്കുന്നത്. വലിയ തോതിലുള്ള അക്രമങ്ങളും കൊലപാതകങ്ങളും ബംഗ്ലാദേശില്‍ നടക്കുന്നുണ്ട്. ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷം അവരുടെ പാര്‍ട്ടിയായ അവാമി ലീഗിലെ 29 നേതാക്കള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരില്‍ ഷെയ്ഖ് ഹസീനയുടെ ബന്ധുക്കളും ഉള്‍പ്പെടുന്നുണ്ട്. കലാപത്തില്‍ ഇതുവരെ 469 പേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂനപക്ഷങ്ങളുടെ വീടുകളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ഷെയ്ഖ് ഹസീന
രാജിവെച്ച് ഇന്ത്യയിലേക്കെത്തിയ ഷെയ്ഖ് ഹസീന കുറച്ചുനാളുകള്‍ കൂടി ഇന്ത്യയില്‍ തന്നെ തുടരാനാണ് സാധ്യത. കഴിഞ്ഞ ദിവസം അവരുടെ മകന്‍ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. യു.കെ, യു.എസ്. ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവര്‍ അഭയം ആഗ്രഹിച്ചിരുന്നെങ്കിലും ഇരു രാജ്യങ്ങലും അവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. പിന്നാലെ ഖത്തര്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ അവര്‍ അഭയത്തിന് വേണ്ടി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. നിലവില്‍ ഷെയ്ഖ് ഹസീന ദല്‍ഹിയില്‍ തന്നെ തുടരുകയാണ്.
content highlights: Interim government to come into force in Bangladesh today; So far, 469 people including 29 Awami League leaders have been killed