| Friday, 1st February 2019, 7:19 pm

ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രം; വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയ്ക്ക് സമ്പൂര്‍ണ വികസനം: നരേന്ദ്ര മോദി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബി.ജെ.പി സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ട്രെയിലര്‍ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ വികസനത്തിന്റെ പാതയിലേക്ക് നയിക്കുമെന്നും മോദി പറഞ്ഞു.

മധ്യവര്‍ഗം മുതല്‍ തൊഴിലാളികളും കര്‍ഷകരും അടക്കമുള്ള എല്ലാ വിഭാഗം ജനങ്ങളുടേയും പുരോഗതിക്ക് സഹായിക്കുന്നതാണ് ബജറ്റെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. പുതിയ ഇന്ത്യയെ സൃഷ്ടിക്കുന്നതിനാണ് ബജറ്റ് പ്രാധാന്യം നല്‍കുന്നത്. രാജ്യത്ത് പുത്തന്‍ മധ്യവര്‍ഗം ഉദയം ചെയ്യുകയാണെന്നും മോദി വ്യക്തമാക്കി.


“കര്‍ഷകര്‍ക്കായി മുന്‍ സര്‍ക്കാരുകള്‍ പല പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ, രണ്ടോ മൂന്നോ കോടി കര്‍ഷകര്‍ക്ക് മാത്രമാണ് ഇതിന്റെ ഗുണം ലഭിച്ചത്. എന്നാല്‍ കിസാന്‍ സമ്മാന്‍ നിധിയിലൂടെ 12 കോടി കര്‍ഷകര്‍ക്കാണ് ഗുണഫലം ലഭിക്കാന്‍ പോകുന്നത്. അതുപോലെ തന്നെയാണ് നികുതി ദായകരുടെ കാര്യവും.

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി നികുതി നല്‍കിവരുന്ന മധ്യ- വരേണ്യ വര്‍ഗക്കാര്‍ നാടിന്റെ അഭിമാനമാണ്. അവരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു അഞ്ച് ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നത്. സര്‍ക്കാര്‍ അത് നടപ്പിലാക്കിയെന്നും” മോദി പറഞ്ഞു.

മധ്യവര്‍ഗത്തേയും കര്‍ഷകരേയും ലക്ഷ്യമിട്ട് രണ്ട് പദ്ധതികളാണ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മധ്യവര്‍ഗക്കാര്‍ക്ക് ആദായ നികുതി പരിധിയില്‍ ഇളവ് അനുവദിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപ വരുമാനം നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചു.

ഡിസംബര്‍ മാസം മുന്‍കാല പ്രാബല്യം കണക്കാക്കി കര്‍ഷകരുടെ അക്കൗണ്ടിലേക്ക് 6000 രൂപ വീതം നിക്ഷേപിക്കും എന്നതായിരുന്നു ധനമന്ത്രി പീയൂഷ് ഗോയല്‍ ബജറ്റില്‍ പ്രഖ്യാപിച്ച കിസാന്‍ സമ്മാന്‍ നിധി. രണ്ട് ഹെക്ടറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകരാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുക. കര്‍ഷകരുടെ പട്ടിക പൂര്‍ത്തിയായ ഉടന്‍ ആദ്യ ഗഡു ഇവരുടെ അക്കൗണ്ടിലേക്കെത്തും.


അതേസമയം, പ്രതിദിനം 17 രൂപ കര്‍ഷകര്‍ക്ക് നല്‍കുമെന്ന മോദിസര്‍ക്കാരിന്റെ പ്രഖ്യാപനം പരിഹാസ്യമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. “അജ്ഞതയും ധിക്കാരവും നിറഞ്ഞ ഭരണത്തിലൂടെ അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷകരുടെ ജീവിതം തകര്‍ത്തുതരിപ്പണമാക്കിയ മോദി സര്‍ക്കാര്‍, പ്രതിദിനം 17 രൂപ വീതം നല്‍കുന്നത് അവരുടെ ജോലിയെയും ആത്മാഭിമാനത്തെയും പരിഹസിക്കുന്ന നടപടിയാണ്”- രാഹുല്‍ ഗാന്ധി പറഞ്ഞു

We use cookies to give you the best possible experience. Learn more