| Friday, 13th December 2024, 5:49 pm

അല്ലു അർജുന് ഇടക്കാല ജാമ്യം; പരാതി പിൻവലിക്കുമെന്ന് മരിച്ച യുവതിയുടെ ഭർത്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈദരാബാദ്: അല്ലു അർജുന് ഇടക്കാല ജാമ്യം.  പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട്‌ യുവതി മരിച്ച സംഭവത്തില്‍ തെന്നിന്ധ്യൻ സിനിമ താരം അല്ലു അർജുന് ഇടക്കാല ജാമ്യം ലഭിച്ചു. അതെ സമയം കേസ് പിൻവലിക്കാനൊരുങ്ങിയാതായി മരണപ്പെട്ട യുവതിയുടെ ഭർത്താവ് പറഞ്ഞു.

കേസ് പിൻവലിക്കാൻ തയ്യാറാണെന്നും തിക്കിലും തിരക്കിലും പെട്ട് യുവതി മരണപ്പെട്ടതിന് അല്ലു അർജുൻ ഉത്തരവാദിയല്ലെന്നും മരിച്ച രേവതിയുടെ ഭർത്താവ് ഭാസ്കർ പറഞ്ഞു.

‘ഞങ്ങളുടെ മകൻ സിനിമ കാണാൻ ആഗ്രഹിച്ചത് കൊണ്ട് മാത്രമാണ് ഞങ്ങൾ അന്ന് സന്ധ്യ തിയറ്ററിൽ പോയത്. അല്ലു അർജുൻ തിയേറ്ററിൽ പോയത് അദ്ദേഹത്തിന്റെ കുറ്റമല്ല. ഞാൻ എൻ്റെ കേസ് പിൻവലിക്കാൻ തയ്യാറാണ്,അദ്ദേഹത്തിന്റെ അറസ്റ്റിനെ കുറിച്ച് എന്നെ അറിയിച്ചില്ല,’ യുവതിയുടെ ഭർത്താവ് പറഞ്ഞു.

ഭാസ്‌കറിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഹൈദരാബാദ് പൊലീസ് ഉദ്യോഗസ്ഥർ അല്ലു അർജുൻ്റെ ജൂബിലി ഹിൽസിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്തു.

മനപ്പൂര്‍വമല്ലാത്ത നരഹത്യ, ബോധപൂര്‍വം ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നിങ്ങനെ രണ്ട് വകുപ്പുകളാണ് പ്രധാനമായും നടനെതിരെ ചുമത്തിയിരിക്കുന്നത്.

ഡിസംബർ നാലിന് രാത്രി, തൻ്റെ ചിത്രമായ പുഷ്പ 2: ദി റൂൾ കാണാൻ എത്തിയ നടനെ കാണാൻ ആർ.ടി.സി ക്രോസ്‌റോഡിലെ സന്ധ്യ തിയേറ്ററിൽ വലിയൊരു കൂട്ടം ആരാധകർ എത്തിയിരുന്നു. അവിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് രേവതി എന്ന യുവതി മരണപ്പെട്ടിരുന്നു.

Content Highlight: Interim bail for Allu Arjun; The deceased woman’s husband said that he would withdraw the complaint

We use cookies to give you the best possible experience. Learn more