| Wednesday, 14th March 2018, 11:53 am

ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍; മുസ്‌ലീമിനെ വിവാഹം ചെയ്ത ഹിന്ദുപെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം വിട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: വിവാഹം ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കു വഴിവെക്കുമെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്ന് കോടതി വിവാഹം റദ്ദാക്കി. ഇന്‍ഡോര്‍ സ്വദേശികളായ സമീര്‍ ഖാനും നീലം മെഹ്രോലിയയും തമ്മിലുള്ള വിവാഹബന്ധമാണ് കോടതി റദ്ദാക്കിയത്.

തന്റെ ഭാര്യയെ മാതാപിതാക്കള്‍ നിയമവിരുദ്ധമായി തടവില്‍വെച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് സമീര്‍ ഖാന്‍ കോടതിയെ സമീപിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട രേഖകളും അദ്ദേഹം ഹാജരാക്കിയിരുന്നു.

സമീറിനൊപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് മെഹ്രോലിയ കോടതിയെ ആദ്യം അറിയിച്ചത്. കോടതിയില്‍ ചില അസാധാരണ സംഭവങ്ങളാണ് പിന്നീട് നടന്നതെന്നും അതിനുശേഷം മെഹ്രോലിയയുടെ മനസുമാറുകയാണുണ്ടായതെന്നും സമീര്‍ പറയുന്നു.


Also Read: മഹാരാഷ്ട്രയിലെ കര്‍ഷക മുന്നേറ്റം തന്നെ കീഴാറ്റൂരിലും; കൃഷി ചെയ്ത് ജീവിക്കാനുള്ള അവകാശം സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്നും വയല്‍ക്കിളി നേതാവ്


പെണ്‍കുട്ടിക്ക് ആശയക്കുഴപ്പമുണ്ടെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെയും മാതാപിതാക്കളുടെയും വാദത്തെ തുടര്‍ന്ന് മെഹ്രോലിയയെ തനിച്ച് ജഡ്ജിയുടെ ചേമ്പറിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് അവരെ ദീര്‍ഘസമയം കൗണ്‍സിലിങ്ങിന് വിധേയമാക്കിയെന്നും വിവാഹം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് പറഞ്ഞുമനസിലാക്കിയെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അര്‍ച്ചന ഖേര്‍ പറയുന്നു.

ഇവരുടെ വിവാഹം ലവ് ജിഹാദാണെന്ന ആരോപണവുമായി വി.എച്ച്.പി രംഗത്തുവന്നിരുന്നു. വി.എച്ച്.പിയുടെ പിന്തുണ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കുണ്ടായിരുന്നു. “വിവാഹബന്ധം തകര്‍ന്നുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുവരുത്തണമായിരുന്നു” എന്നാണ് ഇതിനെക്കുറിച്ച് വി.എച്ച്.പി നേതാവ് പ്രകാശ് ഖണ്ഡല്‍വാള്‍ പറഞ്ഞത്.


Must Read: പുഴയിലിറങ്ങി കുളിച്ചതിന് വനപാലകര്‍ വെടിവച്ചു; ആദിവാസി യുവാവ് ജീവനൊടുക്കി


വിവാഹം ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചപ്പോള്‍ തങ്ങള്‍ ഇരുവരും ദല്‍ഹിയിലേക്കു പോയ്‌ക്കോളാമെന്ന് സമീര്‍ അറിയിച്ചിരുന്നു. എന്നാല്‍ “പകല്‍വെളിച്ചം പോലും കാണാനാവാതെ ഒളിച്ചു കഴിയേണ്ടിവരും” എന്ന് അഭിഭാഷകന്‍ മെഹ്രോലിയയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

ഇരുകുടുംബങ്ങളിലും ഈ വിവാഹം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണ്ടാണ് മെഹ്രോലിയ വിവാഹബന്ധത്തില്‍ നിന്ന് പിന്മാറിയതെന്നാണ് അര്‍ച്ചന ഖേര്‍ പറയുന്നത്.

ഇന്‍ഡോറിലെ മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഖജ്രാനയില്‍ ഒരു ചെറിയ റസ്റ്റോറന്റ് നടത്തുകയാണ് സമീര്‍. 2015ലാണ് സമീര്‍ മെഹ്രോലിയയെ പരിചയപ്പെടുന്നത്. ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു അവര്‍. പിന്നീട് ഇവര്‍ പ്രണയത്തിലാവുകയായിരുന്നു.

2017 സെപ്റ്റംബര്‍ മൂന്നിന് ഇരുവരും ഒളിച്ചോടുകയും മൂന്നുദിവസത്തിനുശേഷം വിവാഹിതരാവുകയും ചെയ്തിരുന്നു. സുഹൃത്തുക്കളുടെയും ചില ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിവാഹത്തെക്കുറിച്ച് അറിഞ്ഞത് പൊലീസ് വീട്ടിലെത്തിയപ്പോഴാണെന്നാണ് സമീറിന്റെ മാതാവ് ശബ്‌നം ഖാന്‍ പറയുന്നു. “എനിക്കു വിവാഹത്തില്‍ ഒരു എതിര്‍പ്പുമില്ല. ഞാന്‍ അവളെ എന്റെ മകളെപ്പോലെ നോക്കും. ഞാന്‍ ഹാഫ് ബ്രാഹ്മിന്‍ ആണ്. എനിക്കും ഇറച്ചി ഇഷ്ടമല്ല. അവള്‍ക്ക് സാരി ധരിക്കാം ക്ഷേത്രത്തില്‍ പോകാം…”

നിക്കാഹിനു മാത്രമായാണ് മെഹ്രോലിയ സൈനബ എന്ന മുസ്‌ലിം പേരു സ്വീകരിച്ചതെന്നും സമീര്‍ പറയുന്നു. “നിനക്ക് സാരി ധരിക്കാം, കുങ്കുമം തൊടാം, ഇഷ്ടമുള്ളതെല്ലാം കഴിക്കാം” എന്ന് ഞാന്‍ അവളോട് പറഞ്ഞിട്ടുണ്ട്. എനിക്ക് എല്ലായ്‌പ്പോഴും അവള്‍ നീലു തന്നെയാണ്.”

വിവാഹശേഷം അവര്‍ ഇന്‍ഡോറിലെ സുഹൃത്തിന്റെ വീട്ടിലായിരുന്നു. മെഹ്രോലിയയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് സമീറിന്റെ ബന്ധുക്കളെ കസ്റ്റഡിയിലെടുത്തതോടെ സെപ്റ്റംബര്‍ എട്ടിന് അവര്‍ മെഹ്രോലിയയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു.

കുറച്ചുകാലം അവള്‍ മാതിപിതാക്കള്‍ക്കൊപ്പം കഴിഞ്ഞ്, പിന്നീട് തിരിച്ചുകൊണ്ടുവരാമെന്നു തീരുമാനിച്ച് അവള്‍ അവര്‍ക്കൊപ്പം പോകുകയാണുണ്ടായതെന്നും സമീര്‍ പറയുന്നു. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയുടെ ബന്ധപ്പെടാന്‍ മാതാപിതാക്കള്‍ സമ്മതിച്ചില്ലെന്നും ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും അദ്ദേഹം പറയുന്നു.


ഡൂള്‍ന്യൂസ് വീഡിയോസ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more