| Sunday, 4th December 2022, 9:51 am

ആദ്യം തോല്‍പിച്ചത് ആഫ്‌കോണ്‍ ചാമ്പ്യന്‍മാരെ, ശേഷം ഏഷ്യന്‍ ചാമ്പ്യന്‍മാരെയും പിന്നാലെ ഗോള്‍ഡന്‍ കപ്പ് ജേതാക്കളെയും; ഇങ്ങനെ പോയാല്‍ ക്വാര്‍ട്ടറില്‍ അര്‍ജന്റീന സ്വാഹ

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തര്‍ ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തിന് കളമൊരുങ്ങിയിരിക്കുകയാണ്. നെതര്‍ലന്‍ഡ്‌സും അര്‍ജന്റീനയും തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനലിലെ തീ പാറും പോരാട്ടത്തിനാവും ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പിച്ചുകൊണ്ടാണ് അര്‍ജന്റീന ക്വാര്‍ട്ടറിന് യോഗ്യത നേടിയതെങ്കില്‍ യു.എസ്.എയെ നിലംപരിശാക്കിയാണ് ഓറഞ്ച് ആര്‍മി അടുത്ത റൗണ്ടിലേക്ക് കടന്നിരിക്കുന്നത്.

ഒന്നിനെതിരെ രണ്ട് ഗോളിന് മെസിപ്പട ഓസീസിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഡച്ച് ടൈറ്റന്‍സിന്റെ വിജയം.

ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിന്റെ എതിരാളിയായി അര്‍ജന്റീന വന്നതോടെ യാദൃശ്ചികതയുടെ അങ്ങേ തലയ്ക്കലുള്ള ഒരു പോരാട്ടത്തിന് കൂടിയായിരിക്കും ലുസൈല്‍ സ്‌റ്റേഡിയം സാക്ഷ്യം വഹിക്കുക.

ആഫ്രിക്കന്‍ ചാമ്പ്യന്‍മാരെയും ഏഷ്യന്‍ ചാമ്പ്യന്‍മാരെയും CONCACAF (കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കന്‍ ആന്‍ഡ് കരീബിയന്‍ അസോസിയേഷന്‍) ഗോള്‍ഡ്
കപ്പ് ജേതാക്കളെയും തോല്‍പിച്ചെത്തിയ നെതര്‍ലന്‍ഡ്‌സ് ഇനി നേരിടാനൊരുങ്ങുന്നത് കോപ്പ അമേരിക്ക ചാമ്പ്യന്‍മാരെയാണ് എന്നതാണ് ഇതിലെ ഏറ്റവും വലിയ പ്രത്യേകത.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ജേതാക്കളായ സെനഗലിനെ തോല്‍പിച്ചായിരുന്നു നെതര്‍ലന്‍ഡ്‌സ് തങ്ങളുടെ ലോകകപ്പ് ക്യാമ്പെയ്‌നിന് തുടക്കം കുറിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഡച്ച് പടയുടെ വിജയം.

തൊട്ടടുത്ത മത്സരത്തില്‍ ഇക്വഡോറിനോട് സമനില വഴങ്ങാനായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ വിധി.

ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഒരിക്കല്‍ക്കൂടി എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഓറഞ്ച് ആര്‍മിയുടെ വിജയം. ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നെതര്‍ലന്‍ഡ്‌സ് മുന്നോട്ട് കുതിച്ചത്.

പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ CONCACAF ഗോള്‍ഡ് കപ്പ് ജേതാക്കളായ യു.എസ്.എയായിരുന്നു നെതര്‍ലന്‍ഡ്‌സിന്റെ എതിരാളികള്‍. ഒന്നിനെതിരെ മൂന്ന് ഗോളിനായിരുന്നു ഹോളണ്ട് യു.എസ്.എയെ തകര്‍ത്തെറിഞ്ഞത്. ഒരു ഗോള്‍ വഴങ്ങിയെങ്കിലും ഗോള്‍ വ്യത്യാസം രണ്ടില്‍ തന്നെ നിലനിര്‍ത്താനായി എന്നത് മറ്റൊരു രസകരമായ വസ്തുത.

മെംഫിസ് ഡീപേ, ഡേലി ബ്ലൈന്‍ഡ്, ഡെന്‍സല്‍ ഡംഫ്രിസ് എന്നിവരാണ് ഓറഞ്ച് ആര്‍മിക്കായി സ്‌കോര്‍ ചെയ്തത്. 76ാം മിനിട്ടില്‍ ഹാജി റൈറ്റായിരുന്നു യു.എസ്.എയുടെ ആശ്വാസ ഗോള്‍ കണ്ടെത്തിയത്.

ഹോളണ്ടിന്റെ മുന്നോട്ടുള്ള കുതിപ്പില്‍ ഇനി നേരിടാനുള്ളത് കോപ്പ അമേരിക്ക ചാമ്പ്യന്‍മാരായ അര്‍ജന്റീനയെ ആണ്. ഈ ലോകകപ്പില്‍ ചാമ്പ്യന്‍മാരെ തോല്‍പിക്കുന്നത് ശീലമാക്കിയ നെതര്‍ലന്‍ഡ്‌സ് കോപ്പ ജേതാക്കളെയും തകര്‍ത്തെറിയുമോ എന്നാണ് ഇനി കാണേണ്ടത്.

ഡിസംബര്‍ 10നാണ് അര്‍ജന്റീന-നെതര്‍ലന്‍ഡ്‌സ് മത്സരം. ലുസൈല്‍ സ്റ്റേഡിയമാണ് വേദി.

Content Highlight:  Interesting coincidence in Netherlands vs Argentina quarter final match

We use cookies to give you the best possible experience. Learn more