ഇതെന്താ ഏപ്രില്‍ ഫൂള്‍ ഓര്‍ഡറോ? ചെറുകിട നിക്ഷേപകര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പ്രതിഷേധം കനത്തപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു
national news
ഇതെന്താ ഏപ്രില്‍ ഫൂള്‍ ഓര്‍ഡറോ? ചെറുകിട നിക്ഷേപകര്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി, പ്രതിഷേധം കനത്തപ്പോള്‍ ഉത്തരവ് പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 1st April 2021, 8:41 am

ന്യൂദല്‍ഹി: രാജ്യത്തെ  ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച ഉത്തരവ് പിന്‍വലിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറച്ച തീരുമാനം വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഇതിന് പിന്നാലെയാണ് പലിശ വെട്ടിക്കുറച്ച ഉത്തവ് സര്‍ക്കാര്‍ പിന്‍വലിക്കുകയാണ് എന്ന് നിര്‍മമ്മല സീതാരാമന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ധനവകുപ്പ് പുറത്തിറക്കിയ ഓര്‍ഡര്‍ പിന്‍വലിക്കുമെന്നും നിര്‍മ്മല സീതാരാമന്‍ പറഞ്ഞു.

ഏപ്രില്‍ ഒന്നുമുതല്‍ ചെറുകിട നിക്ഷേപങ്ങളുടെ പലിശ വെട്ടിക്കുറയ്ക്കും എന്നായിരുന്നു കേന്ദ്രം ആദ്യം ഉത്തരവ് ഇറക്കിയത്.

സേവിങ്ങ്‌സ് ഡെപ്പോസിറ്റുകളുടെ പലിശ 4 ശതമാനത്തില്‍ നിന്നും 3.5 ശതമാനമാക്കിയ ഉത്തരവായിരുന്നു കേന്ദ്രം പുറത്തിറക്കിയത്.

കേന്ദ്രം ആദ്യം ഇറക്കിയ ഉത്തരവില്‍ പി.പി.എഫ് റേറ്റ് 7.1 ശതമാനത്തില്‍ നിന്നും 6.4 ശതമാനമാക്കിയിരുന്നു. ഒരുവര്‍ഷത്തെ ഫിക്‌സഡ് ഡെപ്പോസിറ്റിന്റെ പലിശ 5.5 ശതമാനത്തില്‍ നിന്നും 4.4 ശതമാനമായാണ് കുറച്ചത്. മുതിര്‍ന്ന പൗരന്മാരുടെ സേവിങ്ങ്‌സ് സ്‌കീമിലെ പലിശ നിരക്കിലും കുറവ് വരുത്തിയിരുന്നു. 7.4 ശതമാനത്തില് നിന്ന് 6.5 ശതമാനമായാണ് ഇത് കുറച്ചിരുന്നത്.

കേന്ദ്രത്തിന്റ നടപടിയില്‍ രൂക്ഷ വിമര്‍ശനവുമായി നിരവധി പേര്‍ മുന്നോട്ടുവന്നിരുന്നു. സാധാരണക്കാരെ കൊള്ളയടിക്കുന്ന സര്‍ക്കാരാണ് ഇതെന്ന് അഭിഭാഷകനും സാമൂഹിക പ്രവര്‍ത്തകനുമായി പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

” ഇത് ഒരു റോബിങ്ങ് ഹുഡ് സര്‍ക്കാരാണ്. പാവപ്പെട്ട കര്‍ഷകരെയും, തൊഴിലാളികളെയും ഇപ്പോള്‍ മധ്യവര്‍ഗക്കാരെയുമാണ് ഇവര്‍ കൊള്ളയടിക്കുന്നത്. അതുവഴി അംബാനിയേയും അദാനിയേയും പോലുള്ളവരെ സര്‍ക്കാര്‍ ഊട്ടി വളര്‍ത്തുകയാണ്,” എന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ പറഞ്ഞത്യ ഓര്‍ഡര്‍ പിന്‍വലിക്കുമെന്ന നിര്‍മ്മല സീതരാമന്‍ ട്വീറ്റിലൂടെ അറിയിച്ചതിന് പിന്നാലെ അപ്പോള്‍ ഇതൊരു ഏപ്രില്‍ ഫൂള്‍ ഓര്‍ഡര്‍ ആയിരുന്നോ എന്നും പ്രശാന്ത് ഭൂഷണ്‍ ചോദിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Interest rate of small saving scheme reduced and later withdrawn the order,