സ്വതന്ത്ര സിനിമകളെ ഇല്ലാതാക്കുന്ന കച്ചവട താല്‍പ്പര്യങ്ങള്‍; ചലച്ചിത്ര അക്കാദമി ഐ.എഫ്.എഫ്.കെ നടത്തുന്നത് ആര്‍ക്കുവേണ്ടി?
IFFK Controversy
സ്വതന്ത്ര സിനിമകളെ ഇല്ലാതാക്കുന്ന കച്ചവട താല്‍പ്പര്യങ്ങള്‍; ചലച്ചിത്ര അക്കാദമി ഐ.എഫ്.എഫ്.കെ നടത്തുന്നത് ആര്‍ക്കുവേണ്ടി?
ജംഷീന മുല്ലപ്പാട്ട്
Sunday, 3rd November 2019, 12:46 pm

ആഗോള ചലച്ചിത്ര പ്രേക്ഷകര്‍ക്കിടയില്‍ വ്യത്യസ്ത വിധത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന സിനിമാ മേഖലയാണ് മലയാള സിനിമ. ഒരു കൊച്ചു ഭൂപ്രദേശത്തെ ഒരു കൊച്ചു ഇന്‍ഡസ്ട്രി. കേവലം വിനോദ- വിപണന ഉപാധി എന്ന രീതിയില്‍ മാത്രമല്ല, മികച്ച കലാരൂപമെന്ന മേല്‍വിലാസത്തിലും കൂടിയാണ് മലയാള സിനിമ ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. ഈ മേല്‍വിലാസം ഉണ്ടാക്കിക്കൊടുത്തത്തില്‍ ഇവിടുത്തെ വാണിജ്യ സിനിമകളും സ്വതന്ത്ര സിനിമകളും ഏറിയും കുറഞ്ഞുമുള്ള പങ്കുവഹിച്ചിട്ടുണ്ട്.

എന്നാല്‍ ഭൂരിപക്ഷം സിനിമാ വ്യവസായം ആയിക്കോട്ടെ പ്രേക്ഷകര്‍ ആയിക്കോട്ടെ അവര്‍ എല്ലായിപ്പോഴും വാണിജ്യ സിനിമകളുടെ ഭാഗമായി നില്‍ക്കാനേ ശ്രമിച്ചിട്ടുള്ളൂ. അത് മലയാള സിനിമ ബോധപൂര്‍വം രൂപപ്പെടുത്തിയ കള്‍ച്ചറിന്റെയും അധികാര ശ്രേണിയുടെയും സാംസ്‌ക്കാരിക മൂല്യത്തിന്റെയും വരേണ്യതയുടെയും ഭാഗമാണെന്നു തന്നെ പറയാം. ഇതില്‍നിന്നൊക്കെ വിഭിന്നമായി മലയാളം സിനിമാ ലോകത്ത് നല്ല സിനിമകളെ, സ്വതന്ത്ര-പരീക്ഷണ സിനിമകളെ പ്രോത്സാഹിപ്പിക്കാനും ഇന്ത്യന്‍ സിനിമയിലെയും ലോക സിനിമയിലെയും മികച്ച സിനിമകളെ കാഴ്ച്ചക്കാരിലെത്തിക്കാനുമാണ് കേരളം അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.കെ)യ്ക്ക് വേദിയായിത്തുടങ്ങിയത്. 1996ല്‍.

അന്നേവരെ നിലനിന്നിരുന്ന സിനിമാ സൗഹൃദ കൂട്ടായ്മകളിലൂടെയും സിനിമാ പ്രേമികളുടെ വിവിധങ്ങളായ സംവാദങ്ങളിലൂടെയും ഉരുത്തിരിഞ്ഞു ക്രോഡീകരിച്ച ആശയ തലങ്ങളായിരുന്നു കേരള അന്താരാഷ്ട്ര ചലച്ചിത്രമേള. 1988ല്‍ തിരുവനന്തപുരത്തു നടന്ന ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവല്‍സ് (ഐ.എഫ്.എഫ്.ഐ) ആയിരുന്നു പിന്‍കാലത്ത് കേരളത്തിലെ അന്താരാഷ്ട്ര സിനിമാ ഉത്സവത്തിനു അടിത്തറയിട്ടത് എന്നുതന്നെ പറയാം. സിനിമകള്‍ക്ക് ഇങ്ങനെയൊരു അന്താരാഷ്ട്ര വേദി സര്‍ക്കാര്‍ ഉണ്ടാക്കിക്കൊടുക്കും മുമ്പേ കേരളത്തിന്റെ വിവിധ കോണുകള്‍ സാധാരണക്കാരായ ജനത ചെറുതും വലുതുമായ സിനിമാ കൂട്ടായ്മകള്‍ പ്രവര്‍ത്തിപ്പിക്കുകയും ഫിലിം ഫെസ്റ്റിവലുകള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

എഴുപതുകളില്‍ ഇന്ത്യയിലെയും ലോകത്തേയും രാഷ്ട്രീയ സാമൂഹ്യ പരിണാമങ്ങളില്‍ സിനിമ പ്രതിരോധത്തിന്റെ രാഷ്ട്രീയം ബലപ്പെടുത്തി. അടിയന്തരാവസ്ഥ കാലത്ത് സ്റ്റേറ്റിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി സിനിമകളിലൂടെ ചെറുപ്പക്കാര്‍ പ്രതിരോധമുയര്‍ത്തി. തെരുവുകള്‍ സിനിമാശാലകളായി മാറി. സിനിമ സമരമായുധമായി. ഇങ്ങനെ വളരെ വൈബുള്ള, ക്രിയാത്മക ചിന്തകളുള്ള ചെറുപ്പക്കാരുടെ കൂട്ടങ്ങള്‍ കൂടുതലായി രൂപപ്പെടാന്‍ തുടങ്ങി.

1965 ല്‍ കേരളത്തില്‍ ആദ്യമായി ലോകസിനിമകളും സമാന്തര സിനിമകളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദി ഒരുങ്ങി. അടൂര്‍ ഗോപാലകൃഷ്ണന്റെയും കൊളത്തൂര്‍ ഭാസ്‌കരന്‍ നായരുടെയും നേതൃത്വത്തില്‍ തിരുവനന്തപുരം കേന്ദ്രീകരിച്ച് രൂപംകൊണ്ട ചിത്രലേഖ ഫിലിം സൊസൈറ്റിയാണ് ലോകസിനിമകളും സമാന്തര സിനിമകളും ജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ഇതിനു മുമ്പ് 1955ല്‍, തൃശൂര്‍ കേന്ദ്രമായി ‘തൃശൂര്‍ ഫിലിം ക്ലബ്ബ്’ രൂപീകരിക്കാന്‍ ശ്രമം നടക്കുകയുണ്ടായി.

പിന്നീട് 1968-ല്‍ കോഴിക്കോട് അശ്വനി ഫിലിം സൊസൈറ്റി രൂപീകൃതമായി. ജോണ്‍ എബ്രഹാം തുടക്കം കുറിച്ച ‘ഒഡേസ’ ജനകീയ സിനിമാ പ്രസ്ഥാനം എന്ന ആശയത്തിന് പ്രായോഗിക രൂപം നല്‍കുന്നതില്‍ വലിയ പങ്കാണ് നിര്‍വഹിച്ചത്. മലപ്പുറം ജില്ലയിലെ രശ്മി ഫിലിം സൊസൈറ്റിയും ദീര്‍ഘകാല പ്രവര്‍ത്തനം നടത്തിയ കൂട്ടായ്മയാണ്. 1980-ല്‍ അശ്വനി ഫിലിം സൊസൈറ്റി കോഴിക്കോട് പുഷ്പ തിയേറ്ററില്‍ 14 ദിവസം നീണ്ടുനിന്ന ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പിന്നീട് 16 വര്‍ഷത്തിനു ശേഷമാണ് കേരള അന്താരാഷ്ട്ര ചലച്ചിത്രമേള പിറവിയെടുത്തത്.

ഇന്നും ഫിലിം സൊസൈറ്റികള്‍ കേരളത്തിലെ സിനിമാ പ്രദര്‍ശനത്തില്‍ മുഖ്യപങ്കുതന്നെയാണ് വഹിക്കുന്നത്. ഈ സൊസൈറ്റികളില്‍ സിനിമ കാണിച്ചവരും രാഷ്ട്രീയം പറഞ്ഞവരും ക്രിയാത്മകമായ സംവാദങ്ങള്‍ നടത്തിയവരും ഐ.എഫ്.എഫ്.കെ പോലൊരു പ്രസ്ഥാനത്തെ പ്രതീക്ഷയോടെ നോക്കിക്കണ്ടിരിക്കാം. വളരെ വേഗത്തില്‍ തന്നെ സിനിമാ സൊസൈറ്റികളെക്കാള്‍ ജനകീയതയും ശ്രദ്ധയും ഐ.എഫ്.എഫ്.കെ ക്ക് ലഭിച്ചു. പിന്നീട് ലോക സിനിമകള്‍ മത്സരിക്കുന്ന കൊഴുപ്പേറിയ വേദിയായി ഐ.എഫ്.എഫ്.കെ മാറി. അന്താരാഷ്ട്ര ചലച്ചിത്രമേള രൂപീകൃതമായതിനു രണ്ടു വര്‍ഷത്തിനു ശേഷമാണു സിനിമക്ക് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒരു ബോഡി ഉണ്ടാകുന്നത്. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി. 1998ല്‍.

പറഞ്ഞു വന്നത് ഫിയാപ്ഫ് അംഗീകാരമുള്ള ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ഒന്നായ ഐ.എഫ്.എഫ്.കെ ഇന്ന് നേടിയുടുത്ത പ്രതാപവും പേരും പെരുമയും പലകൂട്ടം മനുഷ്യരുടെ വ്യത്യസ്ത വ്യവഹാരങ്ങളിലൂടെ ഉരുത്തിരിഞ്ഞു വന്നതാണ് എന്നാണ്. ഇതില്‍ ഒരു പങ്ക് സ്വതന്ത്ര-പരീക്ഷണ സിനിമകള്‍ക്ക് അവകാശപ്പെട്ടതാണ്.

ഇന്ന് രണ്ടു പതിറ്റാണ്ടു പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ആരാധകര്‍ ഏറെയാണ്. വര്‍ഷാവര്‍ഷം തീര്‍ത്ഥാടകരെ പോലെ തലസ്ഥാന നഗരിയില്‍, മറ്റെല്ലാം മാറ്റിവെച്ച് സിനിമ കാണാനെത്തുന്ന സിനിമാ പ്രാന്തന്മാര്‍ തീര്‍ച്ചയായും നല്ല സിനിമകളും പുതിയ സിനിമകളും കാണാന്‍ എത്തുന്നവരാണ്. എന്നാല്‍ കുറച്ചു വര്‍ഷങ്ങളായി ഐ.എഫ്.എഫ്.കെയിലെത്തുന്ന പ്രേക്ഷകര്‍ക്കും മേളയില്‍ സിനിമ കാണിക്കാന്‍ എന്‍ട്രികള്‍ അയക്കുന്ന സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ക്കും അത്ര നല്ല കാര്യങ്ങളല്ല പറയാനുള്ളത്. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി ഐ.എഫ്.എഫ്.കെ അതിന്റെ ലക്ഷ്യങ്ങളില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും വഴുതിപ്പോകുന്നതായി ഇവര്‍ അഭിപ്രായപ്പെടുന്നുണ്ട്. 2019-ലെ മേളയില്‍ അതി പ്രകടമായിത്തന്നെ വെളിവാകുന്നുണ്ടെന്നും ഇവര്‍ പറയുന്നു.

സ്വതന്ത്ര-പരീക്ഷണ സിനിമകളെ പ്രോത്സാഹിപ്പിക്കുക എന്ന പ്രാഥമിക ധര്‍മമാണല്ലോ ഐ.എഫ്.എഫ്.കെക്കുള്ളത്. എന്നാല്‍ ബോധപൂര്‍വമായ സ്വജനപക്ഷപാതമാണ് സ്വന്തന്ത്ര-പരീക്ഷണ സിനിമകളോട് ഐ.എഫ്.എഫ്.കെയും അക്കാദമിയും പുലര്‍ത്തുന്നത്. അത് ഐ.എഫ്.എഫ്.കെയുടെ അന്തസ്സിനെ തകര്‍ക്കുന്നതാണ്. ഒരുകാലത്ത് ഐ.എഫ്.എഫ്.കെ വേദികളില്‍ ആര്‍ത്തിയോടെ ലോകോത്തര സിനിമകള്‍ കണ്ട്, അതേ സിനിമാ ലോകം കിനാവുകണ്ടു നടന്നിരുന്ന ചെറുപ്പക്കാര്‍ പിന്‍കാലത്ത് നല്ല സിനിമകള്‍ക്ക് പിറവി കൊടുത്തപ്പോള്‍ ചലച്ചിത്ര അക്കാദമിയും അതിന്റെ അധികാരികളും ക്രൂരമായ സമീപനമാണ് അവരോട് സ്വീകരിച്ചത്.

കഴിഞ്ഞ കുറെ വര്‍ഷമായി ഈ സ്വതന്ത്ര സിനിമാക്കാരുടെ ചിത്രങ്ങള്‍ ഐ.എഫ്.എഫ്.കെ പാനലുകള്‍ നിഷ്‌ക്കരുണം തള്ളുന്നു. പകരം ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂടിയ ചിത്രങ്ങള്‍ക്ക് സ്വതന്ത്ര സിനിമകളുടെ ഇടം അക്കാദമി പിടിച്ചു പറിച്ചു നല്‍കുന്നു. ഈ അനീതികളെ പുറത്തെത്തിക്കാന്‍ ഒരു കൂട്ടം മലയാള സിനിമയില്‍ രൂപപ്പെട്ടിട്ടുണ്ട്. അത് തീര്‍ച്ചയായും സമാന്തര-പരീക്ഷണ സിനിമ പ്രവര്‍ത്തരുടേയും കാഴ്ച്ചക്കാരുടെതുമാണ്.

ഓരോ ഐ.എഫ്.എഫ്.കെയും സ്വതന്ത്ര-പരീക്ഷണ സിനിമകള്‍ക്കും സംവിധായകര്‍ക്കും കാത്തിരുന്നു ലഭിക്കുന്ന അവസരമാണ്. ഇവരുടെയൊക്കെ ലക്ഷ്യം ഐ.എഫ്.എഫ്.കെയില്‍ പ്രീമിയര്‍(ആദ്യ ഷോ) ആയി തങ്ങഴുടെ ചിത്രം പ്രദര്‍ശിപ്പിക്കുക എന്നുള്ളതുമാണ്. ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിലാണ് ഈ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. ലഭിക്കുന്ന എന്‍ട്രികളില്‍ നിന്നും 14 സിനിമകളാണ് മലയാള സിനിമ വിഭാഗത്തില്‍ തെരഞ്ഞെടുക്കുക.

എന്നാല്‍ ഇത്തവണ എട്ടു (ഇഷ്‌ക്ക്, വൈറസ്, ആന്‍ഡ് ദി ഓസ്‌ക്കാര്‍ ഗോസ് ടു, ഉയരെ, ഉണ്ട, കുമ്പളങ്ങി നൈറ്റ്സ്, രൗദ്രം, ജല്ലിക്കെട്ട് (മത്സര വിഭാഗം)) വാണിജ്യ ചിത്രങ്ങളാണ് മലയാളം സിനിമാ വിഭാഗത്തില്‍ പ്രദര്‍ശനത്തിന് വേണ്ടി തെരഞ്ഞെടുത്തിരിക്കുന്നത്. അതും ബോക്സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടിയ ചിത്രങ്ങള്‍. പല ചിത്രങ്ങളുടെ ഡി.വി.ഡി ഇറങ്ങുകയും ചാനലുകളില്‍ കാണിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ആമസോണ്‍ പോലുള്ള ഓണ്‍ലൈല്‍ പ്ലാറ്റുഫോമുകളില്‍ സിനിമ റിലീസ് ചെയ്തിട്ടുമുണ്ട്.

ഫിലിം ഫെസ്റ്റിവലിന് എത്തുന്ന ഭൂരിഭാഗം കാഴ്ചക്കാരും ഈ സിനിമകള്‍ തിയേറ്ററില്‍ പോയിതന്നെ കണ്ടിരിക്കാം. ഓണ്‍ലൈനിലെങ്കിലും കണ്ടിരിക്കാം. ഈ സിനിമകളിലാണ് സതന്ത്ര സിനിമകളുടെ സ്ഥാനം തട്ടിപ്പറിച്ചു വാങ്ങിയിരിക്കുന്നത്. അല്ലെങ്കില്‍ അക്കാദമി നല്‍കിയിരിക്കുന്നത്. ഇത് അക്കാദമിയും വാണിജ്യ സിനിമകളും തമ്മിലുള്ള വളരെ ദൃശ്യമായ കൂട്ടുകെട്ടാണെന്ന് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. അക്കാദമിയുടെ തലപ്പത്തിരിക്കുന്നവരും എക്കാലത്തും വാണിജ്യ സിനിമകളുടെ ഭാഗവുമാണ്. അതാണ് ഓരോ വര്‍ഷവും ഐ.എഫ്.എഫ്.കെയില്‍ പ്രതിഫലിക്കുന്നതും.

കഴിഞ്ഞ വര്‍ഷം ഐ.എഫ്.എഫ്.കെയുടെ നിയമാവലി പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഏഴംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു. ഐ.എഫ്.എഫ്.കെയെ പരിഷ്‌ക്കരിക്കുക എന്ന ഉദ്ദേശത്തോടെയായിരുനു സര്‍ക്കാര്‍ ഈ കമ്മിറ്റി രൂപീകരിച്ചത്. അതില്‍ സംവിധായകന്‍ ഡോ. ബിജുവും അംഗമായിരുന്നു. അന്ന് ഡോ. ബിജു നല്‍കിയ പല നിര്‍ദേശങ്ങളും ഒറ്റകെട്ടായി എതിര്‍ത്തത് അക്കാദമി കൗണ്‍സില്‍ അംഗങ്ങളായിരുന്നു. ഡോ. ബിജു നല്‍കിയ നിര്‍ദേശങ്ങള്‍ തന്നെയാണ് സ്വതന്ത്ര-പരീക്ഷണ സിനിമാ പ്രവര്‍ത്തകരും ഉന്നയിക്കുന്നത്.

ഡോ. ബിജു, സുനില്‍ കുമാര്‍, പ്രതാപ് ജോസഫ്, സന്തോഷ് ബാബുസേനന്‍, സതീഷ് ബാബുസേനന്‍, ഗീത, ഷെറി ഗോവിന്ദന്‍, ശ്രീകൃഷ്ണന്‍ കെപി, വേണു നായര്‍, സിദ്ധിക്ക് പറവൂര്‍ തുടങ്ങി നൂറ്റമ്പതോളം സ്വതന്ത്ര-പരീക്ഷണ സിനിമാ പ്രവര്‍ത്തകാരണ് ഐ.എഫ്.എഫ്.കെയുടെ നീതികേടിനെതിരെ പ്രതിരോധ ശബ്ദമുയര്‍ത്തുന്നത്. റീഫോംഡ് ഐ.എഫ്.എഫ്.കെ എന്ന കൂട്ടായ്മ രൂപീകരിച്ചു നിയമപരമായാണ് അക്കാദമിയുടെ അധികാര ഗര്‍വിനെയും വാണിജ്യ സിനിമകളോടുള്ള വിധേയത്വത്തേയുമാണ് ഈ കൂട്ടായ്മ ചോദ്യം ചെയ്യുന്നത്.

റിഫോം ഐ.എഫ്.എഫ്.കെ എന്ന കൂട്ടായ്മ ഐ.എഫ്.എഫ്.കെക്കെതിരെ കേസുമായി മുന്നോട്ടു പോകുന്നത് തങ്ങളുടെ സിനിമ സ്‌ക്രീന്‍ ചെയ്യാന്‍ വേണ്ടിയല്ലെന്നും മറിച്ചു ഐ.എഫ്.എഫ്.കെ സുതാര്യമാക്കാനാണെന്നും സ്വതന്ത്ര സംവിധായകന്‍ സതീഷ് ബാബുസേനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു. നിലവില്‍ തെരഞ്ഞെടുത്ത 14 സിനിമകള്‍ റദ്ദ് ചെയ്യിക്കുകയും പുതിയ പാനല്‍ മെമ്പര്‍മാരെ നിയമിച്ച് വീണ്ടും സിനിമാ സെലക്ഷന്‍ വേണമെന്നുമാണ് ഈ കൂട്ടായ്മ ആവശ്യപ്പെടുന്നത്. പാനല്‍ സുതാര്യമായിരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

“ഞാനും എന്റെ സഹോദരന്‍ സന്തോഷ് ബാബുസേനനും ഞങ്ങളുടെ രണ്ടു സിനിമകള്‍ ഐ.എഫ്.എഫ്.കെയ്ക്ക് അയച്ചിരുന്നു. ഇരുട്ട്, ചായം പൂശിയ വീട് പാര്‍ട്ട് 2-മായ എന്നിവ. ഈ രണ്ടു സിനിമകളും പരിഗണിച്ചിട്ടില്ല. ഞങ്ങളുടെ സിനിമകള്‍ പരിഗണിക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. നാലാമത്തെ തവണയാണ് ഞങ്ങളുടെ സിനിമ തിരസ്‌ക്കരിക്കുന്നത്. ഇന്നേ വരെ ഞങ്ങള്‍ പരാതി കൊടുക്കാന്‍ പോയിട്ടില്ല. ഒരു പാനല്‍ സിനിമ കാണുമ്പോള്‍ അവര്‍ക്കു നല്ലതെന്നു തോന്നുന്നതല്ലേ എടുക്കൂ.

കുറച്ചു വര്‍ഷങ്ങളായിട്ടു രണ്ടു തരം പ്രശ്‌നങ്ങളാണ് ഐ.എഫ്.എഫ്.കെക്കകത്ത് നടക്കുന്നത്. ഒന്ന്, ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാളം സിനിമ ഇതില്‍ മൂന്നിലും മൂന്നു പാനല്‍സിനെ ചലച്ചിത്ര അക്കാദമി നിയമിച്ചിട്ടുണ്ട്. ഈ മൂന്നു പാനല്‍സും മൊത്തത്തില്‍ സിനിമകള്‍ കാണാതെയാണ് റിജക്ട് ചെയ്തിരിക്കുന്നത്. മലയാളത്തില്‍ നിന്നും 93 സിനിമകള്‍ 14 ദിവസങ്ങള്‍ കൊണ്ടാണ് പാനല്‍ കണ്ടത്. ഇന്ത്യന്‍ വിഭാഗത്തില്‍ 203 ആണെന്ന് തോന്നുന്നു കാണാനുണ്ടായിരുന്നത്. ഈ 203 സിനിമകള്‍ 18 ദിവസങ്ങള്‍ കൊണ്ടാണ് ഇവര്‍ കണ്ടെന്നു പറയുന്നത്.

ഇന്ത്യന്‍ സിനിമാ വിഭാഗത്തിലാണെങ്കില്‍ ഒരു ദിവസം 12 സിനിമകള്‍ കാണേണ്ടി വരും. ഒരു ദിവസം അഞ്ചു സിനിമകള്‍ കണ്ടാല്‍ തന്നെ അഞ്ചു ദിവസങ്ങള്‍ കൊണ്ട് നമ്മള്‍ ട്രൈന്‍ഡ് ഔട്ടായി പോവില്ലേ. പിന്നെ നമ്മള്‍ക്ക് ഒരു എനര്‍ജിയും കാണില്ല. സെലക്ഷന്‍ കമ്മറ്റി പറയുന്നത് അവര്‍ ഊണില്ല, ഉറക്കമില്ലാതെ ഈ സിനിമകളൊക്കെ കാണുകായായിരുന്നു എന്നാണ്. അതില്‍നിന്ന് വ്യക്തമാക്കാം അവര്‍ അവര്‍ക്കു വേണ്ട സിനിമകള്‍ മാത്രമേ കണ്ടിട്ടുള്ളു എന്ന്.”- സതീഷ് ബാബുസേനന്‍ പറയുന്നു.

സന്തോഷ് ബാബുസേനന്‍, സതീഷ്‌ ബാബുസേനന്‍ 

“കഴിഞ്ഞ ആഴ്ച ബംഗാളില്‍ നിന്നുള്ള ഒരു ഫിലിം മേക്കര്‍ സുഹൃത്ത്, അദ്ദേഹത്തിന്റെ സിനിമ ഫെസ്റ്റിവലിലേയ്ക്ക് അയച്ചിരുന്നെന്നും അതിന്റെ റിസള്‍ട്ട് എന്താണെന്ന് അക്കാദമിയോട് ചോദിച്ചപ്പോള്‍ അവര്‍ എന്തൊക്കെയോ പറഞ്ഞുവെന്നും അദ്ദേഹം പറയുകയുണ്ടായി. ഓണ്‍ലൈന്‍ ലിങ്കായിരുന്നു അദ്ദേഹം അയച്ചിരുന്നത്. അവസാനം അക്കാദമി കൊടുത്ത വിശദീകരണം ഇങ്ങനെയാണ്; ‘നിങ്ങളുടെ സിനിമ കണ്ടു. നെറ്റിന്റെ ബുദ്ധിമുട്ടു വന്നതുകൊണ്ട് ഞങ്ങള്‍ അത് ഡൗണ്‍ലോഡ് ചെയ്താണ് കണ്ടത്. ഇദ്ദേഹം അക്കാദമിയോട് പറഞ്ഞു, വിമിയോ അപ്പ്‌ലോഡ് ചെയ്താല്‍ അത് ഡൗണ്‍ലോഡ് ചെയ്തു കാണാന്‍ സാധിക്കില്ല എന്ന്. ഇനി അഥവാ സിനിമ കാണുകയാണെങ്കില്‍ എപ്പോ കണ്ടു എന്ന് അറിയാനും പറ്റും എന്ന്.’ സുഹൃത്ത് പറയുന്നത് അക്കാദമി അദ്ദേഹത്തിന്റെ സിനിമ കണ്ടിട്ടേ ഇല്ലാ എന്നാണ്.” സതീഷ് ബാബുസേനന്‍ കൂട്ടിച്ചേര്‍ത്തു.

അഞ്ചു ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് ഇത്തവണ വിവിധ പാനലുകളില്‍ ഉണ്ടായിരുന്നത്. ചലച്ചിത്ര അക്കാദമിയിലെ ജി.സി അംഗങ്ങള്‍ തന്നെ വിവിധ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളാകുന്നത് നിയമ വിരുദ്ധമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇതുതന്നെയാണ് നടക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷവും തുടര്‍ച്ചയായി സെലക്ഷന്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ച ജി.സി അംഗങ്ങളുമുണ്ട്.

മലയാളം സിനിമ ഇന്ന്, ഇന്ത്യന്‍ സിനിമ, ഇന്റര്‍നാഷണല്‍ കോംപിറ്റീഷന്‍, ലോക സിനിമ എന്നീ വിഭാഗങ്ങളിലാണ് ഐ.എഫ്.എഫ്.കെയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക. എല്ലാവര്‍ഷവും ഐ.എഫ്.എഫ്.കെയിലേക്ക് ലഭിക്കുന്ന സിനിമകളില്‍ നിന്നും മികച്ച ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നത് അക്കാദമി തെരഞ്ഞെടുക്കുന്ന ഒരു പാനലാണ്. ഐ.എഫ്.എഫ്.കെയുടെ ബൈലോ പ്രകാരമാണ് ഈ പാനല്‍ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. ഈ പാനല്‍ അംഗങ്ങളില്‍ അക്കാദമിയിലെ ജനറല്‍ കൗസില്‍ അംഗങ്ങള്‍ ഉള്‍പ്പെടരുതെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. സിനിമാ തെരഞ്ഞെടുപ്പിനെ അക്കാദമി അംഗങ്ങള്‍ സ്വാധീനിച്ചേക്കാം എന്നുള്ളതുകൊണ്ടാണ് ആ മാനദണ്ഡം കൊണ്ടുവന്നത്. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ പാനലില്‍ അക്കാദമിക് അംഗങ്ങളാണ് ഇരിക്കുന്നത്.

ഡോ.ബിജു, സര്‍ക്കാര്‍ കമ്മിറ്റിക്ക് മുമ്പാകെ മുന്നോട്ടു വെച്ച നിര്‍ദേശങ്ങളില്‍ ഒന്നായിരുന്നു പ്രീ സെലക്ഷന്‍ പാനലില്‍ കൃത്യമായ യോഗ്യതകളും മാനദണ്ഡവും ഉണ്ടായിരിക്കണം എന്ന്. കൂടാതെ ഒരു വര്‍ഷം ഏതെങ്കിലും ഒരു വിഭാഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായാല്‍ പിന്നെ രണ്ടു വര്‍ഷം സെലക്ഷന്‍ കമ്മിറ്റി അംഗം ആകാന്‍ പാടില്ല എന്നും മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടു അംഗങ്ങള്‍ എങ്കിലും മലയാളത്തിന് പുറത്തു നിന്നുള്ളവര്‍ ആയിരിക്കണം എന്നും. ഈ നിര്‍ദേശം അക്കാദമി അട്ടിമറിച്ചു. ജനറല്‍ കൗസില്‍ അംഗങ്ങള്‍ക്ക് വിയോജിപ്പുള്ളതുകൊണ്ട് ഈ നിര്‍ദേശം നടപ്പാക്കാന്‍ സാധിക്കില്ല എന്നായിരുന്നു അക്കാദമി നല്‍കിയ വിശദീകരണം.

ഇത്തവണത്തെ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളില്‍ അഞ്ചുപേര്‍ അക്കാദമി കൗണ്‍സില്‍ മെമ്പര്‍മാരാണ്. മലയാള സിനിമ വിഭാഗത്തില്‍ ഒരാളും, ഇന്ത്യന്‍ സിനിമാ വിഭാഗത്തില്‍ രണ്ടു പേരും ലോക സിനിമാ വിഭാഗത്തില്‍ രണ്ടുപേരും. സിബി മലയില്‍, സജിത മഠത്തില്‍, പ്രദീപ് ചൊക്ലി, വി.കെ ജോസഫ് എന്നിവരാണ് സെലക്ഷന്‍ കമ്മിറ്റിയിലുള്ളത്. ഈ കമ്മിറ്റി കച്ചവട ലോബിയുടെ താല്‍പ്പര്യ പ്രകാരമാണ് നിയമിതരായതെന്ന് സ്വതന്ത്ര സംവിധായകന്‍ സുനില്‍ കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഒരു മെമ്പര്‍ സെക്രട്ടറിക്ക് മാത്രമേ അക്കാദമിയെ പ്രതിനിധീകരിച്ചു പാനലില്‍ ഇരിക്കാന്‍ പറ്റൂ. അക്കാദമി ബോര്‍ഡാണ് സെലക്ഷന്‍ കമ്മിറ്റിയെ തെരെഞ്ഞെടുക്കേണ്ടത്. അതിനുള്ള മാനദണ്ഡം എന്നു പറയുന്നത് ചലച്ചിത്ര മേഖലയില്‍, പൊതു രംഗത്ത്, സാഹിത്യ മേഖലയില്‍, പിന്നെ ഒരു സ്ത്രീ പ്രതിനിധി എന്നിവരാണ് വേണ്ടത്. അക്കാദമി ബോര്‍ഡാണ് ഇവരെ അപ്രൂവല്‍ ചെയ്യേണ്ടത്. ആ ബോര്‍ഡ് തന്നെയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ കയറിയിരിക്കുന്നതും. മുമ്പൊക്കെ ദേശീയ തലത്തില്‍ നിന്നാണ് സെലക്ഷന്‍ കമ്മിറ്റിയുടെ ആള്‍ക്കാരെ ക്ഷണിക്കാറുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ ഇതൊന്നും ഉണ്ടായിട്ടില്ല. ഇവരുടെ താല്‍പ്പര്യം സംരക്ഷിക്കുക എന്ന പദ്ധതിയാണ് നടന്നിട്ടുള്ളത്. ഇതില്‍തന്നെ വി.കെ ജോസഫ് സിനിമകള്‍ കണ്ടിട്ടില്ല എന്നാണ് ഞങ്ങള്‍ക്ക് കിട്ടുന്ന റിപ്പോര്‍ട്ട്.”- സുനില്‍ പറയുന്നു.

“കേരളത്തില്‍ നിന്നും ഒരുപാട് സ്വതന്ത്ര സിനിമാ സംവിധായകര്‍ സിനിമ അയച്ചിട്ടുണ്ട്. നമ്മള്‍ വിചാരിക്കുന്നത് മറ്റെവിടേയും സിനിമ കാണിക്കുന്നതിന് മുമ്പ് ഐ.എഫ്.എഫ്.കെയില്‍ കാണിക്കണം എന്നാണ്. കാരണം ഞങ്ങളുടെ സിനിമകളെ കാണിക്കാന്‍ വേറെ വേദിയൊന്നും ഇല്ല. ഐ.എഫ്.എഫ്.കെയില്‍ കൊണ്ടുവന്നാല്‍ നല്ല സിനിമ കാണാന്‍ താല്‍പ്പര്യമുള്ളവര്‍ വരും.അത് നമുക്കൊരു പ്രതീക്ഷ നല്‍കലാണ്. ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത് ഞങ്ങളുടെ സിനിമകള്‍ ഒന്നും കാണാതെ അവര്‍ ഏതൊക്കെയോ സിനിമകള്‍ സെലക്ട് ചെയ്യുകയാണുണ്ടായത്. സിനിമകളെ കാണാതെ അവര്‍ സെലക്ട് ചെയ്തത് നിയമവിരുദ്ധമാണ്. അത് തെറ്റാണ്.”- സതീഷ് ബാബുസേനന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഇത്തവണ 93 മലയാള സിനിമകളാണ് സെലക്ഷനായി വന്നിട്ടുണ്ടായിരുന്നത്. ഇതില്‍ നിന്നാണ് മികച്ച 14 ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. പാനല്‍ 14 ദിവസം കൊണ്ടാണ് ഈ ചിത്രങ്ങളൊക്കെ കണ്ടു തീര്‍ത്തത്. 93 സിനിമകളള്‍ 14 ദിവസം കൊണ്ട് കണ്ടുതീര്‍ത്തെങ്കില്‍ ഒരു ദിവസം ഏഴ് സിനിമ കാണണം. ശരാശരി രണ്ട് മണിക്കൂര്‍ ഒരു സിനിമയ്ക്ക് ദൈര്‍ഘ്യം ഉണ്ടെങ്കില്‍ ഒരു ദിവസം 14 മണിക്കൂര്‍ ഇടവേളയില്ലാതെ സിനിമ കാണുകയും വേണം. രാവിലെ എട്ട് മണിക്ക് തുടങ്ങിയാല്‍ രാത്രി 10 മണിക്ക് തീര്‍ക്കാം. അങ്ങനെ 14 ദിവസം തുടര്‍ച്ചയായി സിനിമകള്‍ പാനല്‍ കണ്ടിട്ടുണ്ടോ എന്നാണ് സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

“ഞങ്ങള്‍ വിശ്വസിക്കുന്നില്ല തെരഞ്ഞെടുത്ത എട്ടു വാണിജ്യ സിനിമകളെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയാണ് അക്കാദമായി അവര്‍ക്കു വേദികൊടുത്തത് എന്ന്. ഇനി അക്കാദമിക്ക് അങ്ങനെയുള്ള താല്‍പ്പര്യം ഉണ്ടെങ്കില്‍ അവര്‍ ഈ 14 സിനിമകള്‍ പ്രീമിയര്‍ ആക്കേണ്ടേ. എന്നിട്ട് ഈ ഹിറ്റ് സിനിമകളെ പ്രദര്‍ശിപ്പിക്കാന്‍ മറ്റൊരു സെക്ഷന്‍ വെക്കാം. അപ്പൊ അവരുടെ സുഹൃത്തുക്കളെ അവര്‍ക്കു പ്രൊജക്റ്റ് ചെയ്യുകയും ചെയ്യാം. ആര്‍ക്കും ഒരു പ്രശ്‌നവും ഉണ്ടാവില്ല.” -സതീഷ് ബാബുസേനന്‍ പറഞ്ഞു.

ഇന്ത്യന്‍ സിനിമകള്‍ 203 എണ്ണം ആണ് ഉണ്ടായിരുന്നത്. ഈ സിനിമകള്‍ കാണാന്‍ 18 ദിവസമാണ് പാനല്‍ എടുത്തത്. ഈ സമയം പര്യാപ്തമല്ലെന്നും ഒരു ദിവസം കണ്ട സിനിമകളുടെ എണ്ണം പാനല്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സ്വതന്ത്ര സിനിമാ പ്രവര്‍ത്തകര്‍ പറയുന്നു.

മുടക്കുമുതലില്‍ കൂടുതല്‍ ലാഭം നേടിയ വാണിജ്യ സിനിമകള്‍ സ്വതന്ത്ര-വാണിജ്യ സിനിമകളുടെ സ്‌പേസില്‍ പ്രദര്‍ശിപ്പിക്കുന്നു.

മലയാളം സിനിമ ഇന്ന്’ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സബ്‌സിഡി നല്‍കുന്നുണ്ട് അക്കാദമി. 14 സിനിമകള്‍ക്ക് കൂടി 28 ലക്ഷം രൂപ. ഒരു ലക്ഷം രൂപ സംവിധായകനും ഒരു ലക്ഷം രൂപ നിര്‍മ്മാതാവിനും. കോടികള്‍ കളക്ഷന്‍ നേടിയ ചിത്രങ്ങള്‍ക്കാണ് ഈ തുക നല്‍കുന്നത്. വാണിജ്യ സിനിമകളെ സംബന്ധിച്ച് രണ്ടു ലക്ഷം ഒരു തുകയേ അല്ല. എന്നാല്‍ സ്വതന്ത്ര സിനിമകളെ സംബന്ധിച്ച് അതൊരു വലിയ തുകയാണ്. കാരണം പലരും പണം കടം വാങ്ങിയും പണയപ്പെടുത്തിയും ജനകീയ ഫണ്ടുകളിലൂടെയുമൊക്കെയാണ് അവരുടെ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുള്ളത്. അതുകൊണ്ടാണ് ഈ രണ്ടു ലക്ഷം രൂപ അവര്‍ക്കു വലിയ തുകയാകുന്നതും. ഈ തുക അടുത്ത സിനിമ നിര്‍മിക്കാനുള്ള അവര്‍ക്കുള്ള ഊര്‍ജവുമാകും.

“കൊമേഷ്യല്‍ സിനിമാക്കാരുമായി ഒരു കോണ്‍ട്രാക്റ്റുണ്ട് അക്കാദമിക്ക്. കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഇത്. ഒരു അവിശുദ്ധ കൂട്ടുകെട്ട് എന്ന് പറയുന്നതു പോലെ. എട്ടു കച്ചവട സിനിമകള്‍ ഇതില്‍ കയറിയിട്ടുണ്ട്. അതും മാത്രമല്ല. ഇവര്‍ക്ക് രണ്ടു ലക്ഷം രൂപ സബ്സിഡി കൂടി കൊടുക്കുന്നുണ്ട്. നോക്കൂ, തിയേറ്ററില്‍ ഇത്രയും ഹിറ്റായ പടങ്ങള്‍ വീണ്ടും ഇങ്ങനെ ഒരു ഫെസ്റ്റിവലില്‍ കാണിക്കുന്നതില്‍ പ്രശ്‌നങ്ങളുണ്ട്. ഫെസ്റ്റിവലുകളുടെ ലക്ഷ്യം തന്നെ സ്വതന്ത്ര സിനിമകളെ പ്രോത്സാഹിപ്പിക്കാനും രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും കൂടിയാണല്ലോ. അവിടെ തിയേറ്ററില്‍ വിജയിച്ച സിനിമകളെ കാണിച്ചിട്ട് കാര്യമില്ലല്ലോ. അതിനെ ഷോക്കേസ് ചെയ്യാന്‍ മറ്റൊരു സംവിധാനം കാണണം. കുമ്പളങ്ങി നൈറ്റ്‌സ് ഒക്കെ 50 കോടി ക്ലബ്ബില്‍ കയറിയ സിനിമയാണ്. അവര്‍ക്കാണീ രണ്ടു ലക്ഷത്തിന്റെ സബ്സിഡി കൊടുക്കുന്നത്.”

സിനിമ കാണാന്‍ വരുന്ന ആറായിരത്തോളം ഡെലിഗേറ്റുകളില്‍ വിദേശത്ത് നിന്നും വരുന്ന 50-ഓ, 55-ഓ പേരുണ്ടാവും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ മാക്‌സിമം പോയാല്‍ 500 പേരുണ്ടാവും. ബാക്കി എല്ലാവരും മലയാളികളാണ്. അവര്‍ ഈ പടങ്ങളൊന്നും വീണ്ടും കാണാന്‍ പോകുന്നില്ല. എന്നിട്ടാണ് അക്കാദമി ഇത്രയും കാശ് മുടക്കി അവരുടെ സിനിമകള്‍ കാണിക്കുന്നത്. ഈ പണം സ്വതന്ത്രസിനിമകള്‍ക്കുള്ളതാണ്. എന്നിട്ടാണ് അവര്‍ അങ്ങേയറ്റം നിരുത്തരവാദിത്തപരമായി പെരുമാറുന്നത്. അതാണ് നമ്മുടെ പ്രതിഷേധത്തിന്റെ വളരെ പ്രധാനപ്പെട്ട കാര്യം.”

“സ്ത്രീകളുടെ സിനിമകളും ഇത്തവണ പരിഗണിച്ചിട്ടില്ല. സുധാ രാധിക എന്ന ആളുടെ സിനിമ ഉണ്ടായിരുന്നു. അത് കണ്‍സിഡര്‍ ചെയ്തിട്ടില്ല. സിബി മലയിലിന്റെയും കമലിന്റെയും ഒക്കെ താല്‍പ്പര്യമാണത്. ബീന പോളിന്റെ പ്രിയപ്പെട്ട ആളുകളുടെ സിനിമകളും ഉള്‍പ്പെടുത്തിയിട്ടുണ്ട് ഇതില്‍. ബീനാ പോളിന്റെ അപ്രമാദിത്തം അക്കാദമിയിലുണ്ട്. കുറച്ചു കാലങ്ങളായി അത് കാണുന്നുമുണ്ട്.” സുനില്‍ കുമാര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

പ്രതാപ് ജോസഫ്

സ്വതന്ത്ര-പരീക്ഷണ ചിത്രങ്ങള്‍ ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി തിയേറ്ററില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മറ്റൊരു വിഭാഗത്തില്‍ ഉള്‍പ്പെടുത്തുക.

“വര്‍ഷങ്ങളായി ഇവര്‍ ചെയ്തു കൊണ്ടിരിക്കുന്ന പരിപാടി പകുതി കോമേഷ്യല്‍ സിനിമയും പകുതി ആര്‍ട്ട് സിനിമയും എന്ന രീതിയിലാണ് സെലക്ഷന്‍ നടത്തികൊണ്ടിരിക്കുന്നത്. ലോകം മുഴുവന്‍ ഫിലിം ഫെസ്റ്റിവലുകള്‍ കോമേഷ്യല്‍ സിനിമകള്‍ക്കുള്ള വേദിയല്ല. മറ്റൊന്ന് കോമേഷ്യല്‍ സിനിമകള്‍ എടുക്കുകയാണെങ്കിലും കേരള പ്രീമിയര്‍ എങ്കിലും ആയിരിക്കണം. ഇവിടെ തിയേറ്ററില്‍ നൂറു ദിവസം ഓടുകയും ഡി.വി.ഡി ഇറങ്ങുകയും ചാനലില്‍ കാണിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സിനിമ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തുന്നത് മണ്ടത്തരമാണല്ലോ. അതിന്റെ ആവശ്യമില്ലല്ലോ. അത് ലോകത്ത് എവിടെയും ചെയ്യില്ല. ഐ.എഫ്.എഫ്.കെയില്‍ മാത്രമായിരിക്കും. അല്ലെങ്കില്‍ മുഖ്യധാര സിനിമകള്‍ എന്ന് പറയുന്ന വേറൊരു പാക്കേജ് ഉണ്ടാക്കുകയാണ് ചെയ്യേണ്ടത്. മത്സര വിഭാഗത്തിലോ മറ്റു പ്രധാന വിഭാഗങ്ങളിലോ അല്ല ആ സിനിമ ഉള്‍പ്പെടുത്തേണ്ടത്.” സ്വതന്ത്ര സിനിമാ സംവിധായകന്‍ പ്രതാപ് ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

ഫിയാപ്ഫിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ഐ.എഫ്.എഫ്.കെ പ്രവര്‍ത്തിക്കുന്നത്.

അംഗീകാരമുള്ള ഫെസ്റ്റിവല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര മത്സര വിഭാഗവും മലയാള സിനിമാ മത്സര വിഭാഗവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചാവണം നടത്തേണ്ടത്. അല്ലെങ്കില്‍ ആരെങ്കിലും ഫിയാപ്ഫില്‍ മാസ്സ് റിപ്പോര്‍ട്ട് ചെയ്താല്‍ ഐ.എഫ്.എഫ്.കെയുടെ അഫിലിയേഷന്‍ റദ്ദ് ചെയ്യപ്പെടും.

ഡോ. ബിജു മുന്നോട്ടു വെച്ച മറ്റൊരു നിര്‍ദേശമായിരുന്നു അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന മലയാള സിനിമകളില്‍ രണ്ടെണ്ണം കേരളത്തിലെ ആദ്യ പ്രദര്‍ശനം ആയിരിക്കണം എന്നതും ‘മലയാള സിനിമ ഇന്ന്’ എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് കേരളാ പ്രീമിയര്‍ മുന്‍ഗണന നല്‍കണം എന്നതും. ഈ രണ്ടു നിര്‍ദേശങ്ങളും അക്കാദമി ഒഴിവാക്കുകയാണുണ്ടായത്. ലോകത്തെ എല്ലാ പ്രധാന മേളകളിലും ഇതാണ് നിയമം. ഇന്ത്യയില്‍ പോലും കല്‍ക്കട്ട, മുംബൈ മേളകളില്‍ കാണിക്കുന്ന എല്ലാ സിനിമകളും ഇന്ത്യയില്‍ തന്നെ ആദ്യ പ്രദര്‍ശനം വേണം എന്നാണ് നിബന്ധന.

ഐ.എഫ്.എഫ്.കെ സ്വതന്ത്ര-പരീക്ഷണ സിനിമകളോട് ഇത്രയും അവഗണയും നീതി നിഷേധവും കാണിച്ചിട്ടും ഈ സിനിമാ പ്രവര്‍ത്തകരെല്ലാം ഐ.എഫ്.എഫ്.കെയുടെ മേല്‍ വലിയ പ്രതീക്ഷകളാണ് വെച്ചുപുലര്‍ത്തുന്നത്. ഐ.എഫ്.എഫ്.കെ എല്ലാ അര്‍ത്ഥത്തിലും അതിന്റെ ലക്ഷ്യം മനസ്സിലാക്കി നവീകരിക്കുന്ന ഒരു കാലം വരുമെന്ന് സ്വതന്ത്ര സംവിധായകന്‍ സിദ്ദിഖ് പറവൂര്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഐ.എഫ്.എഫ്.കെ പോലുള്ള ഫെസ്റ്റിവലുകള്‍ സമാന്തര സിനിമകളെ പ്രോത്സാഹിപ്പിക്കുന്നതിനാണല്ലോ ഉള്ളത്. ശബരിമല തീര്‍ത്ഥാടകരെ പോലെയാണ് സിനിമാ പ്രേമികള്‍ ഐ.എഫ്.എഫ്.കെയില്‍ എത്തുന്നത്. അത് ഒരു അനുഭവമാണ്. നല്ല സിനിമകള്‍ കാണാനെത്തുന്നു, സിനിമകളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നു. ശരിക്കും വലിയൊരു പ്രോസസ് നടക്കുന്നുണ്ടവിടെ. എന്നെ സംബന്ധിച്ച് വലിയ പ്രതീക്ഷയോടെയാണ് ഐ.എഫ്.എഫ്.കെയെ കാണുന്നത്.”

“ഇന്ത്യയില്‍ ആദ്യമായി സ്വതന്ത്ര സംവിധായകന്‍ ത്രീ ഡി സിനിമ ചെയ്യുന്നത് ഞാനാണ്. പക്ഷേ അതിതുവരെ പുറത്തിറങ്ങിയിട്ടില്ല. കന്യാവനങ്ങള്‍ എന്നാണ് ആ സിനിമയുടെ പേര്. ത്രീ ഡി സിനിമ വല്ലാത്തൊരു പരീക്ഷണമായിരുന്നു. വലിയൊരു പ്രതീക്ഷയും ആയിരുന്നു എനിക്ക്. അതിനു വേണ്ടി ക്യാമറ വാങ്ങി. മൈസൂര്‍ കല്യാണങ്ങളെ കുറിച്ചുള്ള സിനിമയായിരുന്നു. ഇതിന്റെ ഷൂട്ട് മൈസൂര്‍ നടക്കുമ്പോള്‍ അവിടുത്തെ ആള്‍ക്കാര്‍ തെറ്റിദ്ധരിക്കുകയും ഞങ്ങള്‍ക്ക് മര്‍ദ്ദനം എല്‍ക്കുകയും ചെയ്തിട്ടുണ്ട്.”

“ഇത്രയും കഷ്ടപ്പെട്ട് ചെയ്ത സിനിമ ചലച്ചിത്ര അക്കാദമിക് അയച്ചു കൊടുത്തപ്പോള്‍ അവര്‍ പറഞ്ഞത് അക്കാദമിക്ക് ത്രീ ഡി സിനിമ കാണാനുള്ള സൗകര്യം ഇല്ലാ എന്നാണ്. അതിന്റെ മുമ്പത്തെ വര്‍ഷമൊക്കെ വീദേശത്തുള്ള ത്രീ ഡി സിനിമകള്‍ കാണിച്ചിട്ടുണ്ട്. സംസ്ഥാന അവാര്‍ഡിന് കൊടുത്തപ്പോള്‍ പറഞ്ഞത് സിനിമ ടൂ ഡീയില്‍ ആക്കികൊടുക്കാനാണ്. ഉറക്കം തന്നെ നഷ്ടപ്പെട്ട അവസ്ഥയിലെത്തിയിരുന്നു ഞാന്‍. അത്രക്ക് കഷ്ടപ്പെട്ടതായിരുന്നു.” സിദ്ദിഖ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

മേളയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട വാണിജ്യ സിനിമകളുടെ അണിയറക്കാരില്‍ പലരും രാഷ്ട്രീയ ബോധ്യങ്ങളുള്ളവെരാണെന്ന് അവരുടെ പല ഇടപെടലുകളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്. ഉണ്ട, കുമ്പളങ്ങി നൈറ്റ്‌സ്, ഉയരെ, ഇഷ്‌ക്ക്, വൈറസ് പോലുള്ള സിനിമകളുടെ സംവിധായകര്‍ തന്നെ പല വിഷയങ്ങളിലും നീതിപൂര്‍വമായ നിലപാടുകള്‍ പറയുകയും സിനിമകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്തവരാണ്. എന്നാല്‍ മലയാള സിനിമ രംഗത്തെ സ്വതന്ത്ര-പരീക്ഷണ സിനിമാ പ്രവര്‍ത്തകര്‍ വലിയൊരു പോരാട്ടം നടത്തുമ്പോള്‍ ഇവര്‍ എന്തുകൊണ്ടോ മൗനികളാകുന്നു. ചലച്ചിത്ര അക്കാദമിയെ ഇവര്‍ ഭയപ്പെടുന്നത് കൊണ്ടാകാം അവര്‍ മിണ്ടാതിരിക്കുന്നതെന്ന് പ്രതാപ് ജോസഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

“ഐ.എഫ്.എഫ്.കെ പോലുള്ള ഒരു വേദിയില്‍ സിനിമ കാണിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടാകും. ഈ പറയുന്ന കൊമേഷ്യല്‍ സിനിമകളുടെ സംവിധായകരും ഐ.എഫ്.എഫ്.കെയിലൊക്കെ വന്നു സിനിമ കണ്ടവരും ആയിരിക്കാം. ഒരു നൊസ്റ്റാള്‍ജിയയുടെ ഭാഗമാണല്ലോ ഇത്. അപ്പൊ അവരുടെ സിനിമയും ഇങ്ങനെയൊരു വേദിയില്‍ കാണിക്കണം എന്ന് അവരും ആഗ്രാഹിക്കുമല്ലോ. പക്ഷേ, അവര്‍ കാണാതെ പോകുന്നത്, ഫിലിം ഫെസ്റ്റിവല്‍ പോലുള്ള വേദികള്‍ ഇത്തരം സിനിമകള്‍ക്കുള്ള വേദിയല്ല എന്നാണ്.”

“കൊമേഷ്യല്‍ സിനിമകള്‍ ഫിലിം ഫെസ്റ്റിവലില്‍ കാണിക്കുന്നതിന് വ്യക്തിപരമായി ഞങ്ങള്‍ എതിരല്ല. അത് ഇങ്ങനെ മത്സര വിഭാഗങ്ങളില്‍ കാണിക്കുന്നതില്‍ എതിര്‍പ്പുണ്ട്. അതിനായി മറ്റൊരു പ്ലാറ്റ്‌ഫോം കൊണ്ടുവരട്ടെ. കച്ചവട സിനിമാ ലോബികളുടെ നിയന്ത്രണത്തിലാണ് ഐ.എഫ്.എഫ്.കെയുള്ളതും. ചെയര്‍മാന്‍ പോലും ഒരു കച്ചവട സിനിമാക്കാരനാണല്ലോ. അതുകൊണ്ട് അവര്‍ക്ക് എന്തെങ്കിലും ക്ഷീണം പറ്റുന്ന രീതിയിലുള്ള ഒരു തീരുമാനങ്ങളും അക്കാദമി എടുക്കില്ല.”- പ്രതാപ് പറഞ്ഞു.

ഐ.എഫ്.എഫ്.കെ പോലെയുള്ള വേദികളല്ലാതെ സ്വതന്ത്ര-പരീക്ഷണ സിനിമകള്‍ക്ക് തിയേറ്ററുകള്‍ പോലും ലഭിക്കാറില്ല. സര്‍ക്കാരിന്റെ സ്വന്തം തിയേറ്ററുകളായ കൈരളി-ശ്രീ തിയേറ്ററുകള്‍ പോലും ഇത്തരം സിനിമകള്‍ക്ക് ലഭിക്കാറില്ല. സിനിമകളെ വളരെ ഗൗരവപൂര്‍വ്വം സമീപിക്കുന്ന പ്രേക്ഷകരും ഫിലിം ഫെസ്റ്റിവലുകളില്‍ എത്തുന്നത് നല്ല പുതിയ സിനിമകള്‍ കാണാം എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ്.

അക്കാദമി വാണിജ്യ കണ്ണോടെ ഐ.എഫ്.എഫ്.കെയെ നോക്കിക്കാണുമ്പോള്‍ അക്ഷരാര്‍ഥത്തില്‍ ചതിക്കുന്നത് കരകയറാന്‍ പൊരുതുന്ന സ്വതന്ത്ര-പരീക്ഷണ സിനിമകളേയും പ്രേക്ഷകരെയുമാണ്. കാരണം ഐ.എഫ്.എഫ്.കെയില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് മറ്റു ഫിലിം ഫെസ്റ്റിവലുകളിലും സ്‌ക്രീന്‍ സ്പസ് ലഭിച്ചേക്കാം. ഈ സാധ്യതയും അക്കാദമി ഇല്ലാതെയാക്കുന്നു.

ഐ.എഫ്.എഫ്.കെ രൂപപ്പെടുന്നത് തന്നെ ജനകീയമായ-ലോക നിലവാരത്തിലുള്ള സിനിമകളെ പ്രേക്ഷകരെ കാണിക്കുക എന്ന രാഷ്ട്രീയ ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണല്ലോ. ആ രാഷ്ട്രീയത്തെയാണ് ഐ.എഫ്.എഫ്.കെ വാണിജ്യ താല്‍പ്പര്യത്തിന്റെ അടിസ്ഥാനത്തില്‍ കയ്യൊഴിയുന്നത്. അതേസമയം തന്നെ ഐ.എഫ്.എഫ്.കെയെ തിരിച്ചുപിടിക്കാന്‍ പറ്റും എന്ന വലിയൊരു പ്രതീക്ഷയും ആത്മവിശ്വാസവും സ്വതന്ത്ര-പരീക്ഷണ സിനിമാ പ്രവര്‍ത്തകര്‍ പങ്കുവെക്കുന്നുമുണ്ട്.

സുനില്‍ കുമാറിന്റെ ‘വിശുദ്ധ രാത്രികള്‍’ എന്ന സിനിമയാണ് ഐ.എഫ്.എഫ്.കെ തള്ളിയത്. ജാതീയത, സദാചാര വിഷയങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്ന അഞ്ചു കഥകളുടെ ആന്തോളജിയാണ്.

പ്രതാപ് ജോസഫ് സംവിധാനം ചെയ്ത ‘ഒരു രാത്രി ഒരു പകല്‍’ എന്ന ചിത്രമാണ് ഐ.എഫ്.എഫ്.കെ തള്ളിയത്. ‘ഫ്രെയിം, കാണുന്നുണ്ടോ, കുറ്റിപ്പുറം പാലം, അവള്‍ക്കൊപ്പം, 52 സെക്കന്‍ഡ്‌സ്, രണ്ടുപേര്‍ ചുംബിക്കുമ്പോള്‍’ എന്നീ സിനിമകളും മുന്‍വര്‍ഷങ്ങളില്‍ തള്ളിയിട്ടുണ്ട്.

സിദ്ദിഖ് പറവൂരിന്റെ നാല് സിനിമകള്‍ ഐ.എഫ്.എഫ്.കെ തള്ളിയിട്ടുണ്ട്. ‘ജീവന്റെ പുസ്തകം, കന്യാവനങ്ങള്‍, അശാന്തന്‍, താഹിറ’ എന്നീ സിനിമകളാണ് പല വര്‍ഷങ്ങളില്‍ തള്ളിയത്.

സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍ എന്നിവരുടെ ‘ഒറ്റയാള്‍ പാത, സുനേത്ര, ഇരുട്ട്, ചായം പൂശിയ വീട് പാര്‍ട്ട് 2-മായ’  എന്നീ സിനിമകള്‍ മുന്‍വര്‍ഷങ്ങളില്‍ പരിഗണിച്ചിട്ടില്ല.

ജംഷീന മുല്ലപ്പാട്ട്
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം