| Thursday, 21st June 2018, 12:09 pm

'പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് മാറണം' യു.പിയില്‍ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയ മിശ്രവിവാഹിതരോട് ഓഫീസര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഹിന്ദുമതത്തിലേക്ക് മാറിയാലേ പാസ്‌പോര്‍ട്ട് ലഭിക്കൂവെന്ന് മിശ്രവിവാഹിതരായ ദമ്പതികളോട് യു.പിയിലെ പാസ്‌പോര്‍ട്ട് സേവ കേന്ദ്രത്തിലെ ജീവനക്കാരന്‍. അനസ് സിദ്ദിഖി, താന്‍വി സേത് ദമ്പതികള്‍ക്കാണ് വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥനില്‍ നിന്നും ഇത്തരമൊരു അധിക്ഷേപം നേരിടേണ്ടിവന്നത്.

“ഞാന്‍ സി.5 കൗണ്ടറിലെത്തിയപ്പോള്‍ വികാസ് മിശ്ര എന്ന ഉദ്യോഗസ്ഥന്‍ എന്നോടു പറഞ്ഞു, എന്റെ ഫയലില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന്. ഞാനൊരു മുസ്‌ലീമിനെ വിവാഹം ചെയ്തിട്ടും എന്റെ ആദ്യപേര് നിലനിര്‍ത്തിയതാണ് പ്രശ്‌നമെന്ന് പറഞ്ഞു. അദ്ദേഹം എന്നോട് രോഷാകുലനാവുകയും എല്ലാവരുടേയും മുമ്പില്‍വെച്ച് എന്നെ അപമാനിക്കുകയും ചെയ്തു. പിന്നീട് അഡീഷണല്‍ പാസ്‌പോര്‍ട്ട് ഓഫീസറുടെ മുമ്പില്‍ കൊണ്ടുപോയി. എന്നോട് ദയവു തോന്നിയ അദ്ദേഹം ഗോമതിനഗറിലെ മെയിന്‍ ബ്രാഞ്ചിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.” ആറു വയസുകാരിയുടെ അമ്മ കൂടിയായ താന്‍വി പറയുന്നു.


Also Read:അര്‍ണബ് ഗോസ്വാമിയെ കണ്ട് പിന്തുണ തേടി ബി.ജെ.പി വക്താവ് സംപിത് പത്ര; ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ


രേഖകളെല്ലാം പൂര്‍ണമായിരുന്നിട്ടും തന്റെ ഫയല്‍ നിരസിച്ചെന്നാണ് താന്‍വിയുടെ ആരോപണം. അനസിന്റെ പേര് വിളിച്ച് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തെ അപമാനിച്ചെന്നും അവര്‍ പറയുന്നു.

” പാസ്‌പോര്‍ട്ട് പുതുക്കണമെങ്കില്‍ ഹിന്ദുയിസത്തിലേക്ക് മാറണമെന്ന് അവര്‍ അനസിനോടു പറഞ്ഞു. ഇത് സദാചാര പൊലീസിങ്ങും മതപരമായ മുന്‍വിധിയുമാണ്. എനിക്ക് അപമാനിതയായതുപോലെ തോന്നി. ഞാന്‍ പൊട്ടിക്കരഞ്ഞു.” വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള ട്വിറ്റര്‍ സന്ദേശത്തില്‍ അവര്‍ പറയുന്നു.

അഞ്ച് ട്വീറ്റുകളിലൂടെയും ഇമെയില്‍ സന്ദേശങ്ങളിലൂടെയുമാണ് പാസ്‌പോര്‍ട്ട് ഓഫീസില്‍ തങ്ങള്‍ക്കുനേരിടേണ്ടിവന്ന വിവേചനം താന്‍വി വിദേശകാര്യമന്ത്രിയോടു പറയുന്നത്. വിവാഹശേഷം പേരുമാറ്റുകയെന്നത് എല്ലാ പെണ്‍കുട്ടികളുടേയും കടമയാണെന്നു പറഞ്ഞ് തന്നോട് അവര്‍ പേരുമാറ്റാന്‍ ആവശ്യപ്പെട്ടെന്നും താന്‍വി പറയുന്നു.

12 വര്‍ഷം മുമ്പ് വിവാഹിതയായ തനിക്ക് വിവാഹത്തിന്റെ പേരില്‍ ഇതുവരെ ഇത്തരമൊരു അധിക്ഷേപം നേരിടേണ്ടി വന്നിട്ടില്ലെന്നും താന്‍വി പറയുന്നു. വിവാഹശേഷം ഏത് പേരു സ്വീകരിക്കണമെന്നത് തന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അവര്‍ വ്യക്തമാക്കി.

ഇത്തരമൊരു സംഭവം നടന്നതായി റീജിയണ്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പിയൂഷ് വര്‍മ്മ സ്ഥിരീകരിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് വേണ്ട നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

We use cookies to give you the best possible experience. Learn more