| Wednesday, 1st April 2020, 8:47 am

പായിപ്പാട്ടെ അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകള്‍ കേരളത്തിലെ ജീവിത നിലവാരത്തിന് യോജിക്കാത്ത സ്ഥിതിയില്‍: ഐ. ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചങ്ങനാശ്ശേരി: അതിഥി സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളുടെ സ്ഥിതി കേരളത്തിലെ ജീവിത നിലവാരത്തിന് ചേര്‍ന്നതല്ലെന്ന് ക്രൈം ബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്ത്. ഇത് ഉടന്‍ പരിഹരിക്കപ്പെടണമെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണെന്നും ഐ.ജി അറിയിച്ചു.

അതിഥി സംസ്ഥാന തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും സൗകര്യങ്ങള്‍ ഉറപ്പു വരുത്താനുമായി പായിപ്പാട്ടെ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ ക്യാംപുകളില്‍ ഭക്ഷണം ആവശ്യത്തിനുണ്ടെന്നും ഓരോ ക്യാംപുകളിലെയും തൊഴിലാളികള്‍ക്ക് വ്യത്യസ്ത ഭക്ഷണമാണ് നല്‍കുന്നത്. എന്നാല്‍ ഇത് പരിഹരിക്കപ്പെടണമെന്നും ബുധനാഴ്ച മുതല്‍ എല്ലാ ക്യാംപുകളിലേക്കും ഒന്നിച്ച് ഭക്ഷണം തയ്യാറാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഐ.ജി പറഞ്ഞു.

വ്യത്യസ്തമായ ഭക്ഷണം നല്‍കുന്നത് ഭക്ഷണം ബാക്കി വരാനും അത് നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടാവുമെന്നും അതിനാലാണ് ഒരേ ഭക്ഷണം നല്‍കാന്‍ തീരുമാനിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ചില തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി പോകണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. നിലവിലെ സ്ഥിതിയില്‍ മടങ്ങിപ്പോക്ക് സാധ്യമല്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ശേഷം പോകുന്നതിന് തടസ്സമില്ലെന്നും ഐ.ജി പറഞ്ഞു.

മൊബൈല്‍ റീചാര്‍ജ് ചെയ്യാനുള്ള സംവിധാനമില്ലെന്ന തൊഴിലാളികളുടെ ആവശ്യം പരിഹരിക്കാന്‍ കെട്ടിട ഉടമകളെ ചുമതലപ്പെടുത്തി.

അഞ്ച് ക്യാംപുകള്‍ സന്ദര്‍ശിച്ച ശ്രീജിത്ത് നൂറോളം തൊഴിലാളികളോട് സംസാരിക്കുകയും ചെയ്തു. അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് പൊലീസ് ഉദ്യോഗസ്ഥരെയും കെട്ടിട ഉടമകളെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

We use cookies to give you the best possible experience. Learn more