57 വർഷങ്ങളുടെ ചരിത്രമാണ് ഇറ്റലിയിൽ തകർന്നുവീണത്; സിരി എ രാജാക്കന്മാർ ഇവരാണ്
Football
57 വർഷങ്ങളുടെ ചരിത്രമാണ് ഇറ്റലിയിൽ തകർന്നുവീണത്; സിരി എ രാജാക്കന്മാർ ഇവരാണ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd April 2024, 9:23 am

ഇറ്റാലിയന്‍ സിരി എ കിരീടം സ്വന്തമാക്കി ഇന്റര്‍ മിലാന്‍. എ.സി മിലാനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്റര്‍ മിലാന്‍ കിരീടം ചൂടിയത്. ഈ തകര്‍പ്പന്‍ വിജയത്തോടൊപ്പം മൂന്നു മത്സരങ്ങളില്‍ നിന്നും 27 ജയവും അഞ്ച് സമനിലയും ഒരു തോല്‍വിയും ഉള്‍പ്പെടെ 86 പോയിന്റോടെയാണ് ഇന്റര്‍ മിലാന്‍ ഇറ്റലി കീഴടക്കിയത്. ഇതോടെ ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കെ കിരീടം ഉയര്‍ത്താനും ഇന്ററിന് സാധിച്ചു.

ഇന്റര്‍മിലാന്റെ കിരീടനേട്ടത്തിന് പിന്നാലെ ഇറ്റാലിയന്‍ സിരി എയില്‍ ഒരു ചരിത്ര നേട്ടമാണ് പിറവിയെടുത്തത്. 1967-72 കാലയളവിനു ശേഷം ഇത് ആദ്യമായാണ് സിരി എയില്‍ തുടര്‍ച്ചയായ ആറ് സീസണുകളില്‍ വ്യത്യസ്തമായ പരിശീലകര്‍ക്ക് കീഴില്‍ ടീമുകള്‍ കിരീടം നേടുന്നത്.

2019ല്‍ മാക്‌സ് അല്ലഗിരിക്കും 2020ല്‍ മൗറീസിയോ സാരിക്കും കീഴില്‍ യുവന്റസ് കിരീടം നേടിയപ്പോള്‍ 2021ല്‍ അന്റോണിയോ കോന്റയിലൂടെ ഇന്റര്‍മിലാനും 2022ല്‍ സ്റ്റെഫാനൊ പിയോലിയിലൂടെ എ.സി മിലാനും കിരീടം നേടി. ഇപ്പോഴിതാ ലൂസിയാണോ സ്‌പെല്ലെറ്റിയിലൂടെ ഇന്റര്‍ മിലാന്‍ കിരീടം നേടിയപ്പോള്‍ നീണ്ട 57 വര്‍ഷമായി സിരി എയില്‍ നിലനിന്നിരുന്ന ചരിത്രമാണ് ഇന്റര്‍മിലാന്‍ തിരുത്തി കുറിച്ചത്.

ഇന്റര്‍മിലാന്റെ തട്ടകമായ സാന്‍സിറോയില്‍ നടന്ന മത്സരത്തില്‍ 15 മിനിട്ടില്‍ ഫ്രാന്‍സസ്‌ക്കോ അക്രബിയിലൂടെ ഹോം ടീം ആണ് ആദ്യം മുന്നിലെത്തിയത്. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ ഇന്റര്‍മിലാന്‍ എതിരില്ലാത്ത ഒരു ഗോളിന് മുന്നിട്ട് നില്‍ക്കുകയായിരുന്നു.

രണ്ടാം പകുതി തുടങ്ങി 49ാം മിനിട്ടില്‍ മാര്‍ക്കസ് തുറാം ആഥിതേയര്‍ക്കായി രണ്ടാം ഗോള്‍ നേടി. 80ാം മിനിട്ടില്‍ ഫിക്കായോ ടോമോറിയിലൂടെയാണ് എ.സി മിലാന്റെ ആശ്വാസഗോള്‍ പിറന്നത്.

അവസാന നിമിഷങ്ങളില്‍ മത്സരം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ എ.സി മിലാന്‍ താരങ്ങളായ തിയോ ഹെര്‍ണാണ്ടസ്, ഡേവിഡ് കലാബ്രിയ എന്നിവരും ഇന്റര്‍മിലാന്‍ താരം ഡെന്‍സായ് ഡുംഫ്രീസും ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഇന്റര്‍മിലാൻ തകര്‍പ്പന്‍ വിജയത്തോടെ സ്വന്തം ആരാധകരുടെ മുന്നില്‍ കിരീടം ഉയര്‍ത്തുകയായിരുന്നു.

ഏപ്രില്‍ 27ന് ടോറി നോക്കെതിരെയാണ് ഇന്റര്‍ മിലാന്റെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ യുവന്റസാണ് എ.സി മിലാന്റെ എതിരാളികള്‍.

Content Highlight: Inter Milan won the Italian Serie A title