ഇറ്റലി കീഴടക്കി ഇന്റര്‍മിലാന്‍; കിരീടനേട്ടത്തിനൊപ്പം തകര്‍പ്പന്‍ നേട്ടവുമായി അര്‍ജന്റീനക്കാരന്‍
Football
ഇറ്റലി കീഴടക്കി ഇന്റര്‍മിലാന്‍; കിരീടനേട്ടത്തിനൊപ്പം തകര്‍പ്പന്‍ നേട്ടവുമായി അര്‍ജന്റീനക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 23rd January 2024, 7:54 am

ഇറ്റാലിയന്‍ സൂപ്പര്‍ കോപ്പ കിരീടം സ്വന്തമാക്കി ഇന്റര്‍മിലാന്‍. നാപോളിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്റര്‍ മിലാന്‍ പരാജയപ്പെടുത്തിയത്. ഇന്റര്‍മിലാന് വേണ്ടി അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലൗട്ടാറോ മാര്‍ട്ടിനെസ് ആണ് വിജയഗോള്‍ നേടിയത്.

ഈ തകര്‍പ്പന്‍ പ്രകടനത്തില്‍ പിന്നാലെ ഒരു അവിസ്മരണീയ നേട്ടമാണ് അര്‍ജന്റീനന്‍ താരത്തെ തേടിയെത്തിയത്. ഇന്റര്‍ മിലാന്റെ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരില്‍ ഒമ്പതാം സ്ഥാനത്തെത്താൻ ലൗട്ടാറോ മാര്‍ട്ടിനെസിന് സാധിച്ചു.

ഇറ്റാലിയന്‍ ക്ലബ്ബിനൊപ്പം 265 മത്സരങ്ങളില്‍ ബൂട്ട്‌കെട്ടിയ അര്‍ജന്റീനന്‍ താരം 123 ഗോളുകളാണ് നേടിയിട്ടുള്ളത്. ഇന്റര്‍മിലാനോപ്പം 123 ഗോളുകള്‍ നേടിയ ക്രിസ്ത്യന്‍ വിയേരിയുടെ ഗോള്‍ നേട്ടത്തിനൊപ്പമെത്താനും ലൗട്ടാറോക്ക് സാധിച്ചു.

അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ 3-4-3 എന്ന ഫോര്‍മേഷനിലാണ് നാപോളി കളത്തിലിറങ്ങിയത്. മറുഭാഗത്ത് 3-5-2 എന്ന ശൈലിയാണ് ഇന്റര്‍ മിലാന്‍ പിന്തുടര്‍ന്നത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാന്‍ സാധിച്ചിരുന്നില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയില്‍ നാപോളി താരം ജിയോവാനി സിമിയോണി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ബാക്കിയുള്ള നിമിഷങ്ങളില്‍ പത്ത് പേരുമായാണ് നാപോളി കളിച്ചത്. ഒടുവില്‍ മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ലൗട്ടാറോ വിജയഗോള്‍ നേടുകയായിരുന്നു.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ തകര്‍പ്പന്‍ വിജയം ഇന്റര്‍മിലാന്‍ സ്വന്തമാക്കുകയായിരുന്നു.

അതേസമയം സിരി എയില്‍ 20 മത്സരങ്ങളില്‍ നിന്നും 16 വിജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും അടക്കം 51 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്റര്‍മിലാന്‍. ഒന്നാമതുള്ള യുവന്റസുമായി ഒരു പോയിന്റ് വ്യത്യാസമാണ് ഇന്ററിനുള്ളത്.

സിരി എയില്‍ ഫ്‌ലോറെന്റീനക്കെതിരെയാണ് ഇന്റര്‍മിലാന്റെ അടുത്ത മത്സരം. ഫ്‌ലോറെന്റീനയുടെ ഹോം ഗ്രൗണ്ടായ സ്റ്റേഡിയോ അര്‍റ്റെമിയോ ഫ്രാന്‍ഞ്ചിയാണ് വേദി.

Content Highlight: Inter Milan won Italian supercopa.