| Wednesday, 29th June 2022, 2:32 pm

'റൊണാള്‍ഡോയെയൊന്നും ഞങ്ങള്‍ക്ക് വേണ്ട'; താരത്തിനെ സ്വന്തമാക്കാനുള്ള അവസരം വേണ്ടെന്ന് വെച്ച് ഇറ്റാലിയന്‍ ക്ലബ്ബ്

സ്പോര്‍ട്സ് ഡെസ്‌ക്

അടുത്ത സീസണില്‍ എന്താണ് ചെയ്യേണ്ടെതെന്ന് അറിയാതെ നില്‍ക്കുകയാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. കഴിഞ്ഞ സീസണില്‍ ഒരു കിരീടം പോലും നേടാന്‍ സാധിക്കാതിരുന്ന ടീമായിരുന്നു യുണൈറ്റഡ്.

പുതിയ കോച്ച് ടീമില്‍ വരികയും ടീം അഴിച്ചുപണികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. എങ്കിലും ടീമില്‍ നിന്നും ഒരുപാട് താരങ്ങള്‍ പോകുകയല്ലാതെ പുത്തന്‍ താരങ്ങളൊന്നും ടീമിലേക്ക് എത്തിയിട്ടില്ല. ഇത് ടീമിലെ സൂപ്പര്‍ താരമായ റൊണാള്‍ഡൊയെ അസ്വസ്ഥനാക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

ഈ കാരണം കൊണ്ട് റോണൊ ടീം വിടുമെന്ന അഭ്യൂഹങ്ങളും ഒരുപാടുണ്ടായിരുന്നു. എന്നാല്‍ ഈ കാര്യങ്ങള്‍ക്കൊന്നും ഇതുവരെ തീരുമാനങ്ങള്‍ എത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട് പ്രകാരം റൊണാള്‍ഡോയെ സ്വന്തമാക്കാനുള്ള അവസരം ഇറ്റാലിയന്‍ ക്ലബ്ബായ ഇന്റര്‍ മിലാന്‍ നിരസിച്ചുവെന്നാണ്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുന്നതിനിടെ പോര്‍ച്ചുഗീസ് താരത്തെ സ്വന്തമാക്കാന്‍ ലഭിച്ച അവസരം ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാന്‍ നിരസിച്ചുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. താരത്തിന്റെ ഏജന്റായ ജോര്‍ജ് മെന്‍ഡസ് റൊണാള്‍ഡോയെ ഇന്റര്‍ മിലാന് ഓഫര്‍ ചെയ്തുവെങ്കിലും സീരി-എ ക്ലബിന് താരത്തില്‍ താല്പര്യമില്ലെന്നാണ് ലാ റിപ്പബ്ലിക്ക റിപ്പോര്‍ട്ടു ചെയ്യുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ നിലനിര്‍ത്താനാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് താല്‍പര്യമെങ്കിലും താരം ക്ലബില്‍ പൂര്‍ണമായും തൃപ്തനല്ലെന്നാണ് വാര്‍ത്തകളില്‍ സൂചിപ്പിക്കുന്നത്. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ ക്ലബിന്റെ ഇടപെടല്‍ പരിമിതമായത് വരുന്ന സീസണില്‍ കിരീടങ്ങള്‍ നേടാനുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ സാധ്യതകള്‍ ഇല്ലാതാക്കുമെന്നു കരുതുന്ന റൊണാള്‍ഡോ മറ്റു ക്ലബ്ബുകളിലേക്ക് ട്രാന്‍സ്ഫര്‍ പരിഗണിക്കുന്നുണ്ട്.

ഇതിന്റെ ഭാഗമായി ഏജന്റായ ജോര്‍ജ് മെന്‍ഡസ് താരത്തെ ഇന്റര്‍ മിലാന് ഓഫര്‍ ചെയ്തെങ്കിലും ‘നോ’ എന്നായിരുന്നു അവരുടെ മറുപടിയെന്ന് റിപ്പോട്ടുകള്‍ വ്യക്തമാക്കുന്നത്. ചെല്‍സിയില്‍ നിന്നും ലോണ്‍ കരാറില്‍ ടീമിലെത്തിക്കുന്ന റൊമേലു ലുക്കാക്കുവും അര്‍ജന്റീന താരം ലൗടാരോ മാര്‍ട്ടിനസും ചേര്‍ന്ന് അടുത്ത സീസണില്‍ ടീമിന്റെ മുന്നേറ്റനിരയെ നയിക്കുമെന്ന പദ്ധതിയാണ് ഇന്റര്‍ മിലാന്റേത്.

അതേസമയം ക്ലബ് വിടാന്‍ ആഗ്രഹമുണ്ടെങ്കിലും ഒരു വര്‍ഷം കൂടി കരാര്‍ ബാക്കിയുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ടു കൊടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തിന്റെ അവസാന ദിനങ്ങളില്‍ യുവന്റസില്‍ നിന്നും മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചു വന്നതു പോലെയൊരു അപ്രതീക്ഷിത ട്രാന്‍സ്ഫര്‍ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

Content Highlights: Inter Milan said no to Cristiano Ronaldo

We use cookies to give you the best possible experience. Learn more