| Monday, 3rd October 2022, 11:31 pm

കാശ് മുടക്കി വാങ്ങിയത് അബദ്ധമായെന്ന് യുണൈറ്റഡ്; നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ സൂപ്പര്‍താരത്തെ ഇങ്ങോട്ട് തന്നേക്കൂവെന്ന് മിലാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മൂന്നിനെതിരെ ആറ് ഗോളുകള്‍ക്ക് തോറ്റതിന് പിന്നാലെ വന്‍ സമ്മര്‍ദത്തിലായിരിക്കുകയാണ് യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗ്. യുണൈറ്റഡ് പ്രതിരോധനിര തകര്‍ന്നടിഞ്ഞ മത്സരത്തിന് പിന്നാലെ സൂപ്പര്‍ ഡിഫന്‍ഡറാകുമെന്ന പ്രതീക്ഷയില്‍ ടീമിലേക്ക് എത്തിച്ച ഡോണി വാന്‍ ഡീ ബീകിനെ കുറിച്ചാണ് ടെന്‍ ഹാഗിന് നേരെ ചോദ്യമുയരുന്നത്.

2020ല്‍ യുണൈറ്റഡിലെത്തിയ ഡോണിക്ക് യുണൈറ്റഡിന് വേണ്ടി ഇതുവരെയും കാര്യമായൊന്നും ചെയ്യാനായിട്ടില്ല. നിരന്തരം പരിക്കിന്റെ പിടിയാലാകുന്ന ഇരുപത്തഞ്ചുകാരന്‍ വല്ലപ്പോഴുമാണ് കളിക്കാനുമിറങ്ങുന്നത്. കഴിഞ്ഞ മത്സരത്തിലും ഡോണിന് ബെഞ്ചിലിരിപ്പായിരുന്നു.

ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി 53 മാച്ചുകളില്‍ റെഡ് ഡെവിള്‍സിന് വേണ്ടി കളത്തിലിറങ്ങിയ ഡോണി 2 ഗോളുകളാണ് നേടിയത്. പക്ഷെ നിരവധി അസിസ്റ്റുകളും പാസുകളും താരം നല്‍കിയിരുന്നു.

പക്ഷെ ഈ സീസണില്‍ മികച്ച പെര്‍ഫോമന്‍സ് കണ്ടെത്താനാകാതെ കഷ്ടപ്പെടുകയാണ് ഡച്ച് മിഡ്ഫീല്‍ഡര്‍. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിഗതികള്‍ വെച്ച് അധികകാലം ഓള്‍ഡ് ട്രാഫോഡില്‍ താരമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡോണിയെ നിലവിലൊരു അധികപ്പറ്റ് പോലെയാണ് കരുതപ്പെടുന്നതെന്ന് പ്രശസ്ത ഫുട്‌ബോള്‍ ജേണലിസ്റ്റ് പീറ്റ് ഒ’റൂര്‍ക്ക് പറഞ്ഞിരുന്നു. ഡോണിക്കും താന്‍ യുണൈറ്റഡിന് അധികപ്പറ്റാണെന്ന് തോന്നിതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ടെന്‍ ഹാഗ് ആവശ്യത്തിന് അവസരം കൊടുത്തില്ലെങ്കില്‍ ഡോണിക്ക് കഷ്ടപ്പാട് നിറഞ്ഞ ഒരു സീസണായിരിക്കും ഇത്. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരം വേറെ ക്ലബിലേക്ക് പോകാന്‍ സാധ്യതയുണ്ട്,’ പീറ്റ് പറയുന്നു.

നേരത്തെ, സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ അജാക്‌സിലേക്ക് മടങ്ങാനൊരുങ്ങിയ വാന്‍ ഡി ബീക്കിന്റെ ശ്രമങ്ങളെ ടെന്‍ ഹാഗ് തടഞ്ഞുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഡോണിയെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇന്റര്‍ മിലാന്‍. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ താരത്തെ ടീമിലെത്തിക്കാനാണ് മിലാന്‍ കോച്ച് സിമോണ്‍ ഇന്‍സാഗി ശ്രമിക്കുന്നത്.

മാര്‍സെലോ ബ്രോസോവിച്ചിന് പരിക്കേറ്റതിന് തുടര്‍ന്ന് മിഡ്ഫീല്‍ഡില്‍ വലിയ തകര്‍ച്ച നേരിടുന്ന മിലാന് ഡോണി കരുത്താകുമെന്നാണ് ഇന്‍സാഗി കരുതുന്നത്. ടെന്‍ ഹാഗ് നല്‍കാനൊരുങ്ങാത്ത കളിക്കാനുള്ള അവസരമാകും ഇന്‍സാഗ് വാഗ്ദാനം ചെയ്യുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlight: Inter Milan interested in signing out of favor Manchester United star in January

We use cookies to give you the best possible experience. Learn more