ലീഗ്‌സ് കപ്പില്‍ ഇന്റര്‍ മയാമിയുടെ രണ്ടാം മത്സരത്തില്‍ അറ്റ്‌ലാന്റ യുണൈറ്റഡിനെ തകര്‍ത്തെറിഞ്ഞ് മെസിപ്പട. ഇന്റര്‍ മയാമിയുടെ ഹോം ഗ്രൗണ്ടായ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് മയാമിയുടെ വിജയം.
മെസിയുടെ ഇരട്ട ഗോളിലാണ് മയാമി ലീഗ്‌സ് കപ്പിലെ തങ്ങളുടെ രണ്ടാം വിജയവും കൈപ്പിടിയിലൊതുക്കിയത്. ഇതോടെ ഗ്രൂപ്പ് സ്റ്റാന്‍ഡിങ്‌സില്‍ ഒന്നാം സ്ഥാനത്തെത്താനും മയാമിക്ക് സാധിച്ചു.
മത്സരത്തിന്റെ എട്ടാം മിനിട്ടില്‍ തന്നെ മയാമി ലീഡ് നേടിയിരുന്നു. അറ്റ്‌ലാന്റയുടെ ഗോള്‍മുഖത്തെ വിറപ്പിച്ച ഷോട്ടുമായി മെസിയാണ് മയാമിയെ മുമ്പിലെത്തിച്ചത്. ബുസ്‌ക്വെറ്റ്‌സിന്റെ ഷോട്ട് കാലില്‍ കൊരുത്ത് ഗോള്‍മുഖം ലക്ഷ്യമാക്കി മെസി ഓടിയടുത്തു. ഗോളിനായുള്ള ആദ്യ ശ്രമം പോസ്റ്റില്‍ തട്ടി റീ ബൗണ്ട് ആയെങ്കിലും മെസിയുടെ കൃത്യമായ ആന്റിസിപ്പേഷന്‍ ആദ്യ ഗോളിന് വഴിയൊരുക്കി.
ആദ്യ ഗോള്‍ പിറന്ന് 14ാം മിനിട്ടില്‍ മയാമി വീണ്ടും ഗോള്‍ നേടി. റോബര്‍ട്ട് ടെയ്‌ലറിന്റെ അസിസ്റ്റില്‍ മെസി തന്നെയാണ് മയാമിയുടെ ലീഡ് ഇരട്ടിയാക്കിയത്.
ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മയാമിയുടെ മൂന്നാം ഗോളും പിറന്നു. രണ്ടാം ഗോളില്‍ മെസിക്ക് അസിസ്റ്റ് നല്‍കിയ ടെയ്‌റിനായിരുന്നു ഇത്തവണ ഗോള്‍ നേടാനുള്ള ഊഴം. ക്രെമാസിച്ചിന്റെ അസിസ്റ്റില്‍ ടെയ്‌ലര്‍ വലകുലുക്കിയപ്പോള്‍ ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയം ആവേശത്തില്‍ അലതല്ലി.
രണ്ടാം പകുതിയുടെ എട്ടാം മിനിട്ടില്‍ മയാമി വീണ്ടും ലീഡ് ഊട്ടിയുറപ്പിച്ചു. തന്റെ രണ്ടാം ഗോളിന് അവസരമൊരുക്കിയ ടെയ്‌ലറിന്റെ രണ്ടാം ഗോളിന് മെസി അസിസ്റ്റ് നല്‍കിയപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ പുതിയ അറ്റാക്കിങ് ഡുവോയുടെ പിറവി കൂടിയായിരുന്നു ഡി.ആര്‍.വി പി.എന്‍.കെ സ്റ്റേഡിയത്തില്‍ കണ്ടത്. മെസിയുടെ ആദ്യ മത്സരത്തിലും ടെയ്‌ലര്‍ ഗോളടിച്ചിരുന്നു.
കളിയവസാനിക്കാന്‍ നാല്‍പ്പത് മിനിട്ടിനടുത്ത് സമയമുണ്ടെന്നിരിക്കെ ഗോള്‍ മടക്കാനുള്ള അറ്റ്‌ലാന്റയുടെ എല്ലാ ശ്രമവും പരാജയപ്പെട്ടു. 86ാം മിനിട്ടില്‍ പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതും അറ്റ്‌ലാന്റക്ക് തിരിച്ചടിയായി.
മയാമിയുടെ പ്രതിരോധ താരം ക്രിസ്റ്റഫര്‍ മെക്‌വേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയതോടെ വീണുകിട്ടിയ അവസരം മുതലാക്കാന്‍ അറ്റ്‌ലാന്റ ശ്രമിച്ചെങ്കിലും ഗോള്‍ കീപ്പര്‍ ഡ്രേക് കലണ്ടര്‍ അതിന് അനുവദിച്ചില്ല. അറ്റ്‌ലാന്റെ താരം തിയാഗോ അല്‍മാഡയുടെ ഷോട്ട് കലണ്ടര്‍ തടുത്തിട്ടതോടെ എതിരില്ലാത്ത നാല് ഗോളിന്റെ വിജയം മെസിയും സംഘവും ആഘോഷിച്ചു.
ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് ജെ-യില്‍ സ്റ്റാന്‍ഡിങ്‌സില്‍ ഓന്നാമതെത്താനും ഹെറോണ്‍സിന് സാധിച്ചു.
മേജര്‍ ലീഗ് സോക്കറിലാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം. ലീഗില്‍ മെസിയുടെ ആദ്യ മത്സരമാണിത്. പോയിന്റ് പട്ടികയില്‍ 12ാം സ്ഥാനത്തുള്ള ഷാര്‍ലെറ്റാണ് എതിരാളികള്‍.
ഇതിന് പുറമെ ആഗസ്റ്റ് 24ന് മയാമിയിലെ ആദ്യ നോക്ക് ഔട്ട് മത്സരവും മെസി കളിക്കും. യു.എസ്. ഓപ്പണ്‍ കപ്പിന്റെ സെമി ഫൈനലില്‍ കരുത്തരായ സിന്‍സിനാറ്റിയെയാണ് ഇന്റര്‍ മയാമിക്ക് നേരിടാനുള്ളത്.
Content highlight: Inter Miami with second win in Leagues Cup