| Thursday, 24th August 2023, 8:45 am

മെസി മാജിക്ക്; ഓപ്പണ്‍ കപ്പില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി

സ്പോര്‍ട്സ് ഡെസ്‌ക്

യു.എസ്. ഓപ്പണ്‍ കപ്പ് സെമി ഫൈനലില്‍ ഇന്റര്‍ മയാമിക്ക് തകര്‍പ്പന്‍ ജയം. സിന്‍സിനാറ്റി എഫ്.സിയെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ മറികടന്നാണ് മയാമിയുടെ ജയം. ഗോളടിച്ചില്ലെങ്കിലും രണ്ട് നിര്‍ണായക ഗോളുകള്‍ക്ക് വഴിയൊരുക്കിയാണ് ഇതിഹാസ താരം ലയണല്‍ മെസി തിളങ്ങിയത്. ഒരാഴ്ചക്കിടെ മയാമിയെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലേക്ക് നയിച്ച് പ്രശംസ നേടിയിരിക്കുകയാണ് താരം.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും 3-3 സമനിലയായ മത്സരത്തിനൊടുവിലായിരുന്നു ഷൂട്ടൗട്ടില്‍ മയാമിയുടെ തകര്‍പ്പന്‍ ജയം. മയാമിയുടെ ആദ്യ രണ്ട് ഗോളുകള്‍ക്കും വഴിയൊരുക്കിയത് മെസിയുടെ പാസുകളായിരുന്നു. മത്സരത്തില്‍ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി പിന്നിലായിരുന്നു. തുടര്‍ന്ന് മെസിയുടെ രണ്ട് അസിസ്റ്റുകളും കംപാനയുടെ ഇരട്ട ഗോളുകളും രക്ഷക്കെത്തുകയായിരുന്നു.

മത്സരത്തിന്റെ 18ാം മിനിട്ടില്‍ ലൂസിയാനോ അക്കോസ്റ്റയിലൂടെ സിന്‍സിനാറ്റി ആദ്യം ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ സിന്‍സിനാറ്റി ഒരു ഗോള്‍ ലീഡുമായി കളം വിട്ടു. രണ്ടാം പകുതിയുടെ 53ാം മിനിട്ടില്‍ ബ്രാണ്ടന്‍ വാസ്‌ക്വസിലൂടെ സിന്‍സിനാറ്റി ലീഡുയര്‍ത്തിയതോടെ മയാമി തോല്‍വിയുടെ വക്കിലെത്തി.

എന്നാല്‍ 68ാം മിനിട്ടില്‍ ഇന്റര്‍ മയാമി ലിയാനാര്‍ഡോ കംപാനയിലൂടെ ഒരു ഗോള്‍ മടക്കിയതോടെ കളിയുടെ ഗതി മാറി. കളി തീരാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ ജോസഫ് മാര്‍ട്ടിനെസിലൂടെ രണ്ടാം ഗോളും നേടി കളി എക്‌സ്ട്രാ ടൈമിലേക്ക് നീട്ടി. അധിക സമയത്ത് ഒരിക്കല്‍ കൂടി പന്ത് വലയിലെത്തിച്ച് കംപാന മയാമിയെ മുന്നിലെത്തിച്ചു. എന്നാല്‍ 114ാം മിനിട്ടില്‍ യൂയ കുബോയിലൂടെ സിന്‍സിനാറ്റി സമനില പിടിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്.

ഷൂട്ടൗട്ടില്‍ മയാമിയുടെ ആദ്യ കിക്കെടുത്ത മെസി ഗോളാക്കി മാറ്റിയപ്പോള്‍ സിന്‍സിനാറ്റിയുടെ അവസാന കിക്കെടുത്ത നിക്ക് ഹാഗുല്‍ന്‍ഡിന് പിഴച്ചതോടെ മയാമി അവിശ്വസനീയ ജയവും ഫൈനല്‍ ബെര്‍ത്തും പിടിച്ചെടുത്തു.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. മെസിയെത്തിയ ശേഷം തോറ്റിട്ടില്ലെന്ന റെക്കോര്‍ഡും ജയത്തോടെ മയാമി നിലനിര്‍ത്തി.

എട്ട് മത്സരങ്ങളില്‍ നിന്ന് 10 ഗോളും മൂന്ന് അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്‌സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.

അതേസമയം, സെപ്റ്റംബര്‍ 28നാണ് യു.എസ് ഓപ്പണ്‍ കപ്പ് ഫൈനല്‍ പോരാട്ടം നടക്കുക.

Content Highlights: Inter Miami wins in US Open Cup semi final

We use cookies to give you the best possible experience. Learn more