അമേരിക്കന്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്റര്‍ മയാമി. ടൊറോന്റോക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് മയാമിയുടെ ജയം. റോബേര്‍ട്ട് ടെയ്‌ലറിന്റെ ഇരട്ട ഗോളുകളും ഫക്കുണ്ടോ ഫാരിയസ്, ബെഞ്ചമിന്‍ ക്രിമാഷി എന്നിവരുടെ ഇരട്ട ഗോളുകളുമാണ് മയാമിയെ ജയത്തിലേക്ക് നയിച്ചത്.
സെപ്റ്റംബര്‍ മൂന്നിന് അന്താരാഷ്ട് ഇടവേള എടുത്തതിന് ശേഷം അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഇന്റര്‍ മയാമിയില്‍ റീ ജോയിന്‍ ചെയ്ത മത്സരം കൂടിയായിരുന്നു ഇത്. എന്നാല്‍ മത്സരത്തിനിടെ പരിക്കേറ്റതിനാല്‍ താരത്തിന് കളിക്കളത്തില്‍ നിന്ന് പിന്‍വാങ്ങേണ്ടി വന്നത് ആരാധകരെ നിരാശരാക്കി.
മത്സരത്തിന്റെ 37ാം മിനിട്ടിലാണ് ജോഡി ആല്‍ബയെയും മെസിയെയും മയാമി പിന്‍വലിച്ചത്. ഇരു താരങ്ങളും പരിക്കിന്റെ പിടിയാലയതിനാല്‍ സെപ്റ്റംബര്‍ 25ന് ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഒര്‍ലാന്‍ഡോ സിറ്റിക്കെതിരായ മത്സരത്തില്‍ മെസിയും ആല്‍ബയും കളിക്കാന്‍ സാധ്യതയില്ലെന്നും എന്നാല്‍ ഇരുവരുടെയും പരിക്ക് ഗുരുതരമല്ലെന്നും പരിശീലകന്‍ മാര്‍ട്ടിനോ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
‘ഇന്റര്‍ മയാമിയുടെ വരാനിരിക്കുന്ന മത്സരത്തില്‍ ഇരുവരും കളിക്കാന്‍ സാധ്യത കാണുന്നില്ല. മെസിയുടെയും ആല്‍ബയുടെയും പരിക്ക് ഗുരുതരമല്ല. ഇരുവര്‍ക്കും മസില്‍ ഇഞ്ച്വറിയോ സാരമായ പരിക്കോ ഇല്ല,’ മാര്‍ട്ടിനോയുടെ വാക്കുകള്‍ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മെസി എത്തിയതിന് ശേഷം ഇന്റര്‍ മയാമി കളിച്ച 11 മത്സരങ്ങളില്‍ ടീം തോല്‍വിയറിഞ്ഞിരുന്നില്ല. എന്നാല്‍ മെസിയുടെ അഭാവത്തില്‍ അറ്റ്‌ലാന്‍ഡാ യുണൈറ്റഡിനെതിരായ മത്സരത്തില്‍ മയാമി പരാജയം നുണഞ്ഞിരുന്നു. ടൊറോന്റോക്കെതിരായ മത്സരത്തില്‍ ജയം തിരിച്ചുപിടിച്ചതോടെ മയാമി അപരാജിത കുതിപ്പ് തുടരാനൊരുങ്ങുകയാണെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
എം.എല്‍.എസ്. ലീഗില്‍ 31 പോയിന്റോടെ 13ാം സ്ഥാനത്താണ് നിലവില്‍ ഇന്റര്‍ മയാമി.
Content Highlights: Inter Miami wins against Toronto