ഈ സീസണിന്റെ അവസാനത്തോടെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ് അമേരിക്കന്‍ ക്ലബ്ബിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയായിരുന്നു. യൂറോപ്യന്‍ ലീഗില്‍ നിന്ന് ബ്രേക്ക് എടുത്ത താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിക്കൊപ്പം എം.എല്‍.എസ് കളിക്കാനാണ് പദ്ധതിയിട്ടത്.
1230 കോടി രൂപയുടെ വേതനത്തില്‍ രണ്ട് വര്‍ഷത്തെ കരാറിലാണ് മെസി ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യുക. ഇരുകൂട്ടര്‍ക്കും സമ്മതമെങ്കില്‍ കരാര്‍ അവസാനിച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് കൂടി ക്ലബ്ബില്‍ തുടരാനും അവസരമുണ്ട്. മെസി ഇന്റര്‍ മിയാമിക്കൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ബാഴ്‌സലോണ ഇതിഹാസവും മെസിയുടെ സുഹൃത്തുമായ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ബെക്കാം ക്ലബ്ബിലെത്തിക്കുമെന്ന വിവരം വാര്‍ത്തയാകുന്നത്.
ഈ സീസണിന്റെ അവസാനത്തോടെയാണ് ബുസ്‌ക്വെറ്റ്‌സും ബാഴ്‌സലോണ ക്ലബ്ബിലെ തന്റെ ഒരു പതിറ്റാണ്ടിലേറെയുള്ള ജീവിതത്തിന് വിരാമമിടുന്നത്. ക്യാമ്പ് നൗവില്‍ നിന്ന് പടിയിറങ്ങിയ താരം ഏത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന തീരുമാനം അറിയിച്ചിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസമാണ് അമേരിക്കന്‍ ക്ലബ്ബിലേക്ക് കൂടുമാറ്റം നടത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
തൊട്ടുപിന്നാലെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ബെക്കാമിന്റെ ഈ സീസണിലെ മൂന്നാമത്തെ വമ്പന്‍ സൈനിങ്ങിനെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ബാഴ്‌സലോണയുമായി ഈ സീസണില്‍ പിരിഞ്ഞ ജോര്‍ധി ആല്‍ബയെ കൂടി ക്ലബ്ബിലെത്തിക്കാനാണ് ഇന്റര്‍ മിയാമിയുടെ നീക്കം. മെസിക്കൊപ്പം ബാഴ്‌സയില്‍ മനോഹര അധ്യായങ്ങള്‍ തീര്‍ത്ത താരങ്ങളാണ് ബുസ്‌ക്വെറ്റ്‌സും ആല്‍ബയും.
Inter Miami have started negotiations with Jordi Alba.