Football
റയല്‍ മാഡ്രിഡ് ഇതിഹാസത്തെ സ്വന്തമാക്കണം; മത്സരിച്ച് ഇന്റര്‍ മയാമിയും സൗദി ക്ലബ്ബും
സ്പോര്‍ട്സ് ഡെസ്‌ക്
2023 Aug 03, 11:13 am
Thursday, 3rd August 2023, 4:43 pm

ലയണല്‍ മെസിയുടെ ഇന്റര്‍ മയാമിയും സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ അഹ്‌ലിയും റയല്‍ മാഡ്രിഡ് ഇതിഹാസം സെര്‍ജിയോ റാമോസിനെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ജൂണില്‍ ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയുമായി പിരിഞ്ഞ റാമോസ് നിലവില്‍ ഫ്രീ ഏജന്റാണ്. റാമോസിന്റെ പഴയ ക്ലബ്ബായ സെവില്ലയടക്കം താരത്തെ സൈന്‍ ചെയ്യാന്‍ രംഗത്തുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നാല് തവണ യുവേഫ ചാമ്പ്യന്‍സ് ലീഗ് വിന്നറായ റാമോസിനായി ഇന്റര്‍ മയാമിയാണ് മുന്‍ പന്തിയിലെന്നാണ് ടൊഡോഫിച്ചാജെസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മെസിക്കൊപ്പം പി.എസ്.ജിയില്‍ രണ്ട് സീസണ്‍ ചെലവഴിച്ച റാമോസ് സാമ്പത്തിക പ്രശ്‌നങ്ങള്‍ കാരണമാണ് പാരീസ് വിട്ടതെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇനിയേത് ക്ലബ്ബുമായി സൈനിങ് നടത്തുമെന്ന കാര്യത്തില്‍ താരം ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

എന്നാല്‍ സെര്‍ജിയോ റാമോസിനെ ടീമിലെത്തിക്കേണ്ടതില്ല എന്ന് മെസി ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. മെസിക്കൊപ്പം തന്നെ ബുസ്‌ക്വെറ്റ്സും ആല്‍ബയും റാമോസിന്റെ കാര്യത്തില്‍ വിമുഖത പ്രകടിപ്പിച്ചുവെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബാഴ്സ – റയല്‍ മാഡ്രിഡ് എല്‍ ക്ലാസിക്കോ മത്സരത്തില്‍ മൂവരും റാമോസുമായി പലവട്ടം ഏറ്റുമുട്ടിയതാണ്. മെസി പി.എസ്.ജിയിലെത്തിയപ്പോഴും ഇരുവര്‍ക്കുമിടയിലെ അകല്‍ച്ച പൂര്‍ണമായും അവസാനിച്ചിട്ടുമില്ലായിരുന്നു.

അതേസമയം, റാമോസിനെ സ്വന്തമാക്കാന്‍ എം.എല്‍.എസിലെ മറ്റൊരു ക്ലബ്ബ് രംഗത്തുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പി.എസ്.ജിയില്‍ കരാര്‍ അവസാനിക്കുന്ന റാമോസിനായി നിലവിലെ എം.എല്‍.എസ് ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസ് എഫ്.സിയാണ് താരത്തെ ടീമിലെത്തിക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഫിച്ചാജെസ് റിപ്പോര്‍ട്ട് ചെയ്തത്.

മെസിയും ബുസ്‌ക്വെറ്റ്‌സും ആല്‍ബയും അമേരിക്കന്‍ മണ്ണിലെത്തിയതോടെ മറ്റൊരു ലാ ലിഗ പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുക എന്ന ഉദ്ദേശത്തോടെയാണ് ലോസ് ആഞ്ചലസ് റാമോസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ആരാധകര്‍ പറയുന്നത്.

മുന്‍ റയല്‍ മാഡ്രിഡ് സൂപ്പര്‍ താരവും ലോസ് ബ്ലാങ്കോസില്‍ റാമോസിന്റെ സഹതാരവുമായ ഗാരത് ബെയ്ല്‍ ബൂട്ടണിഞ്ഞ ക്ലബ്ബാണ് ലോസ് ആഞ്ചലസ്.

ഇന്റര്‍ മയാമി എം.എല്‍.എസില്‍ പുതിയ ബാഴ്‌സയെ സൃഷ്ടിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലെ ചാമ്പ്യന്‍മാരായ ലോസ് ആഞ്ചലസ് അമേരിക്കന്‍ മണ്ണില്‍ പുതിയ റയല്‍ മാഡ്രിഡിനെ തന്നെ പടുത്തുയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും ആരാധകര്‍ ആവേശത്തോടെ പറയുന്നു.

എന്നാല്‍ ഇത്തരം അഭ്യൂഹങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കും മറുപടി പറയാന്‍ ലെജന്‍ഡറി ഡിഫന്‍ഡര്‍ക്ക് മാത്രമേ സാധിക്കൂ. റാമോസിന്റെ വരവ് മേജര്‍ ലീഗ് സോക്കറിന്റെ പ്രശസ്തിയും ബ്രാന്‍ഡ് വാല്യുവും ഉയര്‍ത്തും എന്ന കാര്യത്തില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഒരു സംശയവുമില്ല.

Content Highlights: Inter Miami wants to sign with Sergio Ramos