| Thursday, 8th June 2023, 1:12 pm

മെസിക്ക് പുറമെ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് ഇന്റര്‍ മിയാമിയിലേക്ക്? റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍ മയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പുറത്തുവന്നത്. ദീര്‍ഘ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ മെസി തന്നെയാണ് ഇക്കാര്യം ഔദ്യാഗികമായി അറിയിച്ചത്. രണ്ട് വര്‍ഷത്തെ കരാറിലാണ് താരം എം.എല്‍.എസ് ക്ലബ്ബുമായി സൈന്‍ ചെയ്യുക.

മെസിക്ക് പുറമെ ബാഴ്‌സലോണ ഇതിഹാസം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ഇന്റര്‍ മയാമിയിലേക്ക് ചേക്കേറുമെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സീസണോടെ ബാഴ്‌സലോണയുമായുള്ള കരാര്‍ അവസാനിച്ച ബുസ്‌ക്വെറ്റ്‌സ് കഴിഞ്ഞ ദിവസമാണ് ക്യാമ്പ് നൗവിന്റെ പടിയിറങ്ങിയത്. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ബുസ്‌ക്വെറ്റ്‌സിനെ സ്വന്തമാക്കാന്‍ ഇന്റര്‍ മിയാമി പദ്ധതിയിടുന്നുണ്ട് എന്ന വിവരം റിപ്പോര്‍ട്ട് ചെയ്ത്.

ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മയാമിയിലേക്ക് മെസിക്ക് പുറമെ ബുസ്‌ക്വെറ്റ്‌സിനെ കൂടി സൈന്‍ ചെയ്യിക്കാന്‍ താത്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ വിഷയത്തില്‍ ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിരുന്നില്ല.

ഇതിനിടെ മെസിയും ബുസ്‌ക്വെറ്റ്‌സും ആല്‍ബയും നേരത്തെ പദ്ധതിയിട്ടിരുന്നെന്നും മൂവരും ഒരുമിച്ച് ഇന്റര്‍ മിയാമിയില്‍ ബൂട്ടുകെട്ടുന്നുമുള്ള അഭ്യൂഹങ്ങള്‍ മെസി തള്ളിക്കളഞ്ഞിരുന്നു. താന്‍ വ്യക്തിപരമായിട്ടാണ് തീരുമാനമെടുത്തിട്ടുള്ളതെന്നും മറ്റ് രണ്ട് പേര്‍ക്കുമൊപ്പം ഒരേ ക്ലബ്ബില്‍ കളിക്കാമെന്ന യാതൊരു പദ്ധതിയും നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരുവരുടെയും ക്ലബ്ബ് ട്രാന്‍സ്ഫര്‍ മറ്റുള്ളവരെ പോലെ താനും ഉറ്റുനോക്കുന്നുണ്ടെന്നും മെസി കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെസി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നാണ് ആരാധകര്‍ ഒന്നടങ്കം വിശ്വസിച്ചിരുന്നത്. മെസിയുടെ പിതാവും ബാഴ്‌സലോണ പ്രസിഡന്റ് ജുവാന്‍ ലപോര്‍ട്ടയും കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

മെസിക്ക് ബാഴ്‌സലോണയിലേക്ക് മടങ്ങാനാണ് താത്പര്യമെന്നും എന്നാല്‍ ക്ലബ്ബുമായി ചര്‍ച്ച ചെയ്ത് മറ്റ് തടസങ്ങള്‍ ഒന്നുമില്ലെങ്കില്‍ മാത്രമെ ക്ലബ്ബുമായി സൈനിങ് നടത്തുകയുള്ളൂ എന്നും മെസിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് മെസിയെ സൈന്‍ ചെയ്യുന്നതില്‍ നിന്ന് ബാഴ്‌സലോണക്ക് വിലങ്ങുതടി ആയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Inter Miami wants to sign with Sergio Busquets, report

We use cookies to give you the best possible experience. Learn more