ഫ്രഞ്ച് വമ്പന്‍ ക്ലബ്ബായ പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങിയ ലയണല്‍ മെസി ആരാധകരെ ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ ലീഗ് കളിക്കാനൊരുങ്ങുകയാണ്. ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിലുള്ള ഇന്റര്‍ മിയാമിയുമായി സൈന്‍ ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന വിവരം താരം തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
മെസിക്ക് പിന്നാലെ ബാഴ്‌സലോണ ഇതിഹാസം സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഇന്റര്‍ മിയാമി സൈന്‍ ചെയ്യാന്‍ ഒരുങ്ങുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബുസ്‌ക്വെറ്റ്‌സ് എം.എല്‍.എസില്‍ എത്തുന്നതോടെ ബാഴ്‌സയിലെ തന്റെ പഴയ സുഹൃത്തായ മെസിക്കൊപ്പം ഒരിക്കല്‍ കൂടി ബൂട്ടണിയാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ബുസ്‌ക്വെറ്റ്‌സിന് പുറമെ ജോര്‍ധി ആല്‍ബയെയും ക്ലബ്ബിലെത്തിക്കാന്‍ ഇന്റര്‍ മിയാമി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ബുസ്‌ക്വെറ്റ്‌സും ആല്‍ബയും ഈ സീസണിന്റെ അവസാനത്തോടെ ബാഴ്‌സയില്‍ നിന്ന് വിടവാങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു. ബ്ലൂഗ്രാനയുടെ നിര്‍ണായക നേട്ടങ്ങളില്‍ പങ്കാളികളായ ഇരുവരും 15ഉം 11ഉം വര്‍ഷമാണ് ക്യാമ്പ് നൗവില്‍ ചെലവഴിച്ചത്.
അതേസമയം, ബുസ്‌ക്വെറ്റ്‌സിനായി രണ്ട് സൗദി അറേബ്യന്‍ ക്ലബ്ബുകളും രംഗത്തുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇന്റര്‍ മിയാമിയുടെ ഓഫറുമായി മുന്നോട്ടുപോകാനാണ് ബുസ്‌ക്വെറ്റ്‌സ് പദ്ധതിയിടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റും ട്രാന്‍സ്ഫര്‍ എക്‌സ്പര്‍ട്ടുമായ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Content Highlights: Inter Miami wants to sign with Sergio Busquets