ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ്ങില്‍ ലയണല്‍ മെസിയുടെ കരാര്‍ വരുന്ന ജൂണില്‍ അവസാനിക്കാനിരിക്കുകയാണ്. ഫിഫ ലോകപ്പ് 2022ല്‍ ലോകചാമ്പ്യനായ താരത്തെ സ്വന്തമാക്കാന്‍ നിരവധി ക്ലബ്ബുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ക്ലബ്ബ് ഫുട്‌ബോളിലെ തന്റെ ഭാവിയെക്കുറിച്ച് മെസി പ്രതികരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.
എന്നാല്‍ എന്ത് വിലകൊടുത്തും മെസിയെ സൈന്‍ ചെയ്യിക്കാന്‍ എത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസവുമായ ഡേവിഡ് ബെക്കാമിന്റെ ക്ലബ്ബായ ഇന്റര്‍ മിയാമി. എല്‍ എക്വിപ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്റര്‍ മിയാമിയുടെ സഹ ഉടമയായ ജോര്‍ജ് മാസ ആണ് മെസിയെ സ്വന്തമാക്കാന്‍ ക്ലബ് എന്ത് വില കൊടുക്കാനും തയാറാണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.
വരുന്ന സീസണില്‍ ലയണല്‍ മെസിയെ സ്വന്തമാക്കുക എന്നതാണ് മാസയുടെ ലക്ഷ്യം. മെസി പി.എസ്.ജിയില്‍ ചേരുന്നതിന് മുമ്പ് തന്നെ ഇന്റര്‍ മിയാമി താരവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പാരീസിയന്‍സുമായുള്ള മെസിയുടെ കരാര്‍ അവസാനിക്കാനിരിക്കെ മെസിയുടെ പ്രതിനിധികളുമായി മാസ സജീവ ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഖത്തര്‍ ലോകകപ്പിനിടെയും മാസ താരത്തിന്റെ പ്രതിനിധികളുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു.
പി.എസ്.ജിയുമായുള്ള കരാര്‍ ദീര്‍ഘിപ്പിക്കുന്നതിനെ കുറിച്ച് മെസി തന്റെ തീരുമാനങ്ങള്‍ ഒന്നും അറിയിച്ചിട്ടില്ല. ലോകകപ്പിന് മുമ്പ് തന്നെ പി.എസ്.ജി താരത്തിന്റെ കരാര്‍ പുതുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വേള്‍ഡ് കപ്പിന് ശേഷം മതിയെന്നായിരുന്നു മെസിയുടെ നിലപാട്. ഇതിനിടെ മെസി മുന്‍ ക്ലബ്ബായ ബാഴ്സലോണയിലേക്ക് തിരിച്ചുപോകുമെന്നുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
എന്നാല്‍ ബാഴ്സ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയുമായി പിരിഞ്ഞാണ് മെസി ക്ലബ്ബ് വിട്ടതെന്നതിനാല്‍ ഇനിയൊരു തിരിച്ചുപോക്കുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Inter Miami wants to sign with Lionel Messi