| Saturday, 3rd June 2023, 11:39 pm

മുന്‍ ബാഴ്‌സലോണ കോച്ചിനെ സ്വാധീനിച്ച് മെസിയെ ക്ലബ്ബിലെത്തിക്കാന്‍ ശ്രമം നടത്തി ഇന്റര്‍മിയാമി; റിപ്പോര്‍ട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

മുന്‍ ബാഴ്‌സലോണ പരിശീലകന്‍ ജെറാര്‍ഡോ റ്റാറ്റ മാര്‍ട്ടിനോയെ സ്വാധീനിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയെ ക്ലബ്ബിലെത്തിക്കാന്‍ എം.എല്‍.എസ് ക്ലബ്ബായ ഇന്റര്‍മിയാമി ശ്രമങ്ങള്‍ നടത്തിയതായി റിപ്പോര്‍ട്ട്. അതിനുവേണ്ടി ഇന്റര്‍മിയാമിയുടെ പരീശീലക സ്ഥാനത്തേക്ക് മാര്‍ട്ടിനോയെ സൈന്‍ ചെയ്യിക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ജേണലിസ്റ്റായ ലൂയിസ് ടാപ്പിയയുടെ റിപ്പോര്‍ട്ട് പ്രകാരം ഇന്‍ര്‍മിയാമിയുടെ നിലവിലെ പരിശീലകനായ ഫില്‍ നെവില്ലയുടെ സ്ഥാനത്തേക്കാണ് മാര്‍ട്ടിനോയെ എത്തിക്കാന്‍ ക്ലബ്ബ് പദ്ധതിയിടുന്നത്.

വിഷയത്തില്‍ ഇന്റര്‍മിയാമി പരിശീലകന്‍ ഫില്‍ നെവില്ലയുടെ വാചകങ്ങളും ശ്രദ്ധ നേടുകയാണിപ്പോള്‍. പ്രചരിക്കുന്നത് യഥാര്‍ത്ഥ കാര്യമാണെന്നും മെസിയെ ഇന്റര്‍മിയാമി സൈന്‍ ചെയ്യിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും നെവില്ല പറഞ്ഞു. ദ ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

”ലയണല്‍ മെസിയെയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിനെയും ഇന്റര്‍മിയാമി സൈന്‍ ചെയ്യിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുണ്ടെങ്കില്‍ ഞാന്‍ അത് നിഷേധിക്കുന്നില്ല. ഞാന്‍ ഇന്റര്‍ മിയാമിയില്‍ ജോയിന്‍ ചെയ്ത കാലം മുതല്‍ ലോകത്തിലെ എല്ലാം ടോപ്പ് കളിക്കാരെയും ക്ലബ്ബിലെത്തിക്കാന്‍ ഞങ്ങള്‍ ശ്രമം നടത്തുന്നുണ്ട്,’ നെവില്ല പറഞ്ഞു.

അതേസമയം, ലയണല്‍ മെസിക്ക് വേണ്ടി തങ്ങള്‍ കാത്തിരിക്കുകയാണെന്ന് ബാഴ്‌സലോണ പ്രസിഡന്റ് സാവി ഹെര്‍ണാണ്ടസ് നേരത്തെ പറഞ്ഞിരുന്നു. ബാഴ്‌സലോണ എഫ്.സി മെസിയെ സ്വാഗതം ചെയ്യാനിരിക്കുകയാണെന്ന് അദ്ദേഹത്തിനറിയാമെന്നും ഏത് ക്ലബ്ബിലേക്ക് പോകണമെന്ന് മെസി തീരുമാനിക്കട്ടേയെന്നും സാവി പറഞ്ഞു. മുണ്ടോ ഡീപോര്‍ട്ടീവയോട് സംസാരിക്കുമ്പോഴാണ് സാവി ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘മെസി വരുന്ന ആഴ്ച്ച അവന്റെ ഭാവി ക്ലബ്ബിനെ കുറിച്ച് തീരുമാനിക്കും. ഞങ്ങളവനെ സ്വാഗതം ചെയ്യാന്‍ തയ്യാറെടുത്തിരിക്കുകയാണെന്ന് അവന് നന്നായിട്ടറിയാം. ഒന്നും മാറിയിട്ടില്ല. ഞങ്ങള്‍ക്ക് അവസരങ്ങളുണ്ട്. മെസിയെ ഞങ്ങള്‍ക്കിവിടെ വേണം. എന്തായാലും അവന്‍ തീരുമാനിക്കട്ടെ. ഞങ്ങളുടെ സിസ്റ്റത്തിനൊപ്പം അവനെ ഉള്‍പ്പെടുത്താന്‍ ഞാന്‍ തയ്യാറാണ്,’ സാവി പറഞ്ഞു.

ഈ സീസണിന്റെ അവസാനത്തോടെ പി.എസ്.ജി വിട്ട് ഫ്രീ ഏജന്റാകുന്ന മെസി ശനിയാഴ്ച നടക്കുന്ന മത്സരത്തില്‍ പി.എസ്.ജി ജേഴ്സിയില്‍ അവസാനമായി കളത്തിലിറങ്ങും. പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിച്ചതിന് ശേഷം മാത്രമെ ക്ലബ്ബ് ട്രാന്‍സ്ഫര്‍ വിഷയത്തില്‍ അന്തിമ തീരുമാനം അറിയിക്കുകയുള്ളൂ എന്നും ഈ സീസണില്‍ പാരീസിയന്‍ ക്ലബ്ബിനായി ലീഗ് വണ്‍ ടൈറ്റില്‍ നേടുക എന്നതാണ് മെസിയുടെ ലക്ഷ്യമെന്നും മെസിയുടെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നേരത്തെ അറിയിച്ചിരുന്നു.

Content Highlights: Inter Miami wants to sign with Lionel Messi

We use cookies to give you the best possible experience. Learn more