| Tuesday, 19th July 2022, 1:40 pm

ഞങ്ങള്‍ക്ക് ഏറ്റവും മികച്ച കളിക്കാരെ തന്നെ വേണം; മെസിയെ തൂക്കാനൊരുങ്ങി ഇന്റര്‍ മിയാമി

സ്പോര്‍ട്സ് ഡെസ്‌ക്

ലോകഫുട്‌ബോളിലെ ഏറ്റവും മികച്ച താരമാണ് ലയണല്‍ മെസി. അര്‍ജന്റീനിയന്‍ ഇതിഹാസമായ താരം നിലവില്‍ ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയുടെ ഭാഗമാണ്. മുന്‍ കാലങ്ങളില്‍ ബാഴ്‌സലോണയില്‍ നടത്തിയ പ്രകടനത്തിന്റെ നിഴല്‍ പോലുമല്ലായിരുന്നു പി.എസ്.ജിയിലെ മെസി.

ഭാവിയില്‍ മെസിയെ ടീമിലെത്തിക്കണമെന്നാണ് മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയുടെ ആഗ്രഹം. അമേരിക്കന്‍ സോക്കര്‍ ലീഗാണ് മേജര്‍ ലീഗ് സോക്കര്‍. എ.എല്‍.എസ് എന്നറിയപ്പെടുന്ന ലീഗിലെ പ്രധാന ടീമായ ഇന്റര്‍ മിയാമി മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ സഹഉടമസ്ഥതയിലുള്ളതാണ്.

കരിയറിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ എം.എല്‍.എസിലേക്ക് ചേക്കേറാന്‍ തീരുമാനിക്കുകയാണെങ്കില്‍ മെസിയെ സ്വന്തമാക്കാമെന്ന പ്രതീക്ഷയോടെയാണ് ഇന്റര്‍ മിയാമിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ സാവിയര്‍ അസെന്‍സിയിരിക്കുന്നത്. നിലവില്‍ പി.എസ്.ജിയില്‍ കളിച്ചുകൊണ്ടിരിക്കുന്ന മെസി അവിടുത്തെ കരിയര്‍ അവസാനിച്ചാല്‍ ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുടെ ഇടയിലാണ് അസെന്‍സിയുടെ പ്രതികരണം.

മെസിയെപോലൊരു താരത്തെ ടീമില്‍ എത്തിക്കാന്‍ സാധിക്കുമെന്നും അദ്ദേഹത്തിനെ മറ്റാരുമായി താരതമ്യപെടുത്താന്‍ പറ്റില്ല എന്നും സാവ്യര്‍ പറഞ്ഞു.

‘മെസിയെപ്പോലെയുള്ള താരങ്ങളെ ഞങ്ങള്‍ സ്വന്തമാക്കുമോ? തീര്‍ച്ചയായും, എന്നാല്‍ ചില ജാഗ്രതകളോടു കൂടി മാത്രം. നിങ്ങള്‍ക്ക് മറ്റൊരു താരത്തെയും മെസിയുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല, അദ്ദേഹം വ്യത്യസ്തനാണ്. അങ്ങനെ പറയുമ്പോള്‍ ഞങ്ങള്‍ തിരയുന്നത് അമേരിക്കന്‍ ഫുട്‌ബോളിലെ റഫറന്‍സ് പോയിന്റിലേക്കാണ്. മെസിക്ക് അമേരിക്കന്‍ ഫുട്‌ബോളിന്റെ റഫറന്‍സ് പോയിന്റാകാന്‍ സാധിക്കും,’ സാവിയര്‍ പറഞ്ഞു.

അമേരിക്കന്‍ ഫുട്‌ബോളിനെ മുന്നോട്ട് സഞ്ചിരിപ്പിക്കാന്‍ മെസിയെ പോലെയൊരു വലിയ താരം വേണമെന്നും മെസിയെ ടീമിലെത്തിക്കുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അമേരിക്കന്‍ ഫുട്‌ബോളിന്റെ റഫറന്‍സ് പോയിന്റാകാന്‍ മികച്ച താരങ്ങളെ ആവശ്യമാണ്. അവരെ ടീമിലെത്തിക്കുകയെന്നത് ഞങ്ങളുടെ ആത്മാര്‍ത്ഥമായ ആഗ്രഹം കൂടിയാണ്. മെസിയെ ടീമിലെത്തിച്ചാല്‍ അദ്ദേഹവും പിന്നെ ബാക്കിയുള്ളവരും എന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറ്റാന്‍ സാധിക്കും,’ സ്പാനിഷ് മാധ്യമം മുണ്ടോ ഡീപോര്‍റ്റീവോയോട് അസെന്‍സി പറഞ്ഞു.

ബാഴ്സലോണയില്‍ മുമ്പ് ജോലി ചെയ്തിട്ടുള്ള അസെന്‍സി ഇന്റര്‍ മിയാമിയിലേക്ക് ചേക്കേറണമെന്നുള്ളത് മെസിയുടെ മാത്രം തീരുമാനമാണെന്നും പറഞ്ഞു. മികച്ച താരങ്ങളെ ടീമിന്റെ ഭാഗമാക്കാന്‍ ഇന്റര്‍ മിയാമി ശ്രമിക്കുമെന്നും മെസി ലോകത്തിലെ ഏറ്റവും മികച്ച താരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2023 വരെയാണ് മെസിയുടെ പി.എസ്.ജി കരാറുള്ളത്. അതിനു ശേഷം അതൊരു വര്‍ഷത്തേക്കു കൂടി പുതുക്കാന്‍ കഴിയുമെന്ന ഉടമ്പടിയും കരാറിലുണ്ട്. എന്നാല്‍ മുപ്പത്തിയഞ്ചാം വയസിലും പ്രതിഭക്ക് യാതൊരു കുറവും സംഭവിക്കാത്ത താരം കുറച്ചു വര്‍ഷങ്ങള്‍ കൂടി യൂറോപ്പില്‍ തുടരാനാണ് സാധ്യത.

Content Highlights: Inter Miami wants Lionel Messi In future

We use cookies to give you the best possible experience. Learn more