| Wednesday, 23rd August 2023, 2:07 pm

കിരീടമുറപ്പിച്ച് മെസിയും കൂട്ടരും വീണ്ടുമിറങ്ങുന്നു; ഇതിഹാസം ഇതും നേടുമെന്ന് ആരാധകര്‍

സ്പോര്‍ട്സ് ഡെസ്‌ക്

യു.എസ് സോക്കര്‍ കപ്പ് സെമി ഫൈനലില്‍ ഇന്റര്‍ മയാമി സിന്‍സിനാറ്റിയെ നേരിടും. ഓപ്പണ്‍ കപ്പിലെ മെസിയുടെ ആദ്യ മത്സരമാകുമിത്. ജൂണില്‍ മെസി എത്തുന്നതിന് മുമ്പ് നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ ബിര്‍മിങ്ഹാം ലീജിയന്‍ എഫ്.സിയെ തോല്‍പ്പിച്ചാണ് മയാമി സെമി ഫൈനലിലെത്തിയത്.

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം ഇതുവരെ കളിച്ച എല്ലാ മത്സരങ്ങളിലും ഗോളടിച്ച മെസി കിരീടം ലക്ഷ്യമിട്ടാകും മത്സരത്തിനിറങ്ങുക. എന്നാല്‍ ലീഗ്‌സ് കപ്പ് ഫൈനലില്‍ ജേതാക്കളായതിന് ശേഷം മെസി വിശ്രമത്തില്‍ തുടരുകയാണെങ്കില്‍ സിന്‍സിനാറ്റിക്കെതിരായ മത്സരത്തില്‍ താരം പങ്കെടുക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബുധനാഴ്ച ടി.ക്യൂ.എല്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ മെസി പങ്കെടുക്കുമെന്ന് ഇന്റര്‍ മയാമിയുടെ പരിശീലകന്‍ മാര്‍ട്ടിനോ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

‘ഇതിനെ കുറിച്ച് കഴിഞ്ഞ ദിവസം ഞങ്ങള്‍ സംസാരിച്ചിരുന്നു. സാധാരണ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ മെസി വിശ്രമിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ച അതിനുള്ള ദിവസമല്ല. അദ്ദേഹത്തിന് കളിക്കാന്‍ താത്പര്യമുണ്ട്,’ മാര്‍ട്ടിനോ പറഞ്ഞു.

അതേസമയം, അമേരിക്കന്‍ ലീഗ് ക്ലബ്ബായ ഇന്റര്‍ മയാമിയിലെത്തിയ ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്‌സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും സമനിലയില്‍ തുടര്‍ന്നതോടെ പെനാല്‍ട്ടി ഷൂട്ടൗട്ടിലാണ് മെസിപ്പട കപ്പുയര്‍ത്തിയത്. ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കളിച്ച ഏഴ് മത്സരങ്ങളിലും സ്‌കോര്‍ ചെയ്ത് ടീമിനെ ജയത്തിലേക്ക് നയിക്കാന്‍ മെസിക്ക് സാധിച്ചിരുന്നു.

ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളും ഒരു അസിസ്റ്റുമാണ് മെസിയുടെ സമ്പാദ്യം. ലീഗ്സ് കപ്പില്‍ മയാമിക്കായി കപ്പുയര്‍ത്തിയതോടെ മറ്റൊരു റെക്കോഡ് കൂടി മെസിയെ തേടിയെത്തിയിരുന്നു. ഫുട്ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ താരമെന്ന റെക്കോഡാണ് മെസി സ്വന്തമാക്കിയത്. ഇതോടെ 44 ടൈറ്റിലുകളാണ് മെസിയുടെ പേരിലുള്ളത്.

Content Highlights:  Inter Miami VS Cincinnati

We use cookies to give you the best possible experience. Learn more