ഇന്റര്‍ കോണ്ടിനെന്റല്‍ ലീഗ്സ് കപ്പില്‍ തകര്‍പ്പന്‍ ജയവുമായി ഇന്റര്‍ മയാമി. ഫിലാഡല്‍ഫിയക്കെതിരായ മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് മയാമിയുടെ ജയം. അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ പ്രവേശത്തോടെ മയാമി തോല്‍വിയറിഞ്ഞിട്ടില്ല. തുടര്‍ച്ചയായ ആറാം മത്സരത്തിലും ഗോളടിച്ച് ഇന്റര്‍ മയാമിയെ ഫൈനലിലെത്തിക്കാന്‍ മെസിക്ക് സാധിച്ചു.
മയാമി കുപ്പായത്തില്‍ മെസിയുടെ ഒമ്പതാം ഗോളാണ് ഇന്ന് ഫിലാഡല്‍ഫിയക്കെതിരെ പിറന്നത്. ഇതോടെ ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പട്ടവും മെസി ഉറപ്പിച്ചു. മത്സരത്തിന്റെ മൂന്നാം മിനിട്ടില്‍ തന്നെ ഇന്റര്‍ മയാമി ഫിലാഡല്‍ഫിയക്കെതിരെ ലക്ഷ്യം കണ്ടു. ജോസഫ മാര്‍ട്ടിനെസില്‍ നിന്നായിരുന്നു മയാമിയുടെ ആദ്യ ഗോള്‍ പിറന്നത്. 20ാം മിനിട്ടില്‍ മെസി വല കുലുക്കിയതോടെ മയാമിയുടെ ലീഡ് രണ്ടായി ഉയര്‍ന്നു.
എതിര്‍ ടീമിലെ ആരാധകരെ കൊണ്ട് പോലും കയ്യടിപ്പിക്കുന്നതായിരുന്നു താരത്തിന്റെ ഗോള്‍. മാര്‍ട്ടിനെസില്‍ നിന്ന് പാസ് സ്വീകരിച്ച മെസി ഗോള്‍ പോസ്റ്റില്‍ നിന്ന് 35വാര അകലെ നിന്നാണ് ഗോളിയെയും തനിക്ക് ചുറ്റുമുണ്ടായിരുന്ന മൂന്ന് ഡിഫന്‍ഡര്‍മാരെയും നോക്കുകുത്തികളാക്കി പന്ത് വലയിലെത്തിച്ചത്.
ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്തിട്ടും ഫിലാഡല്‍ഫിയ ഗോള്‍ കീപ്പര്‍ക്ക് പന്ത് തടുക്കാനായില്ല.
ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ജോര്‍ഡി ആല്‍ബ ഗോള്‍ നേടിയതോടെ മയാമി ജയമുറപ്പിച്ചു. രണ്ടാം പകുതിയുടെ 73ാം മിനിട്ടില്‍ അലജാന്ദ്രോ ബെഡോയയിലൂടെ ഫിലാഡല്‍ഫിയ ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും 84ാം മിനിട്ടില്‍ ഡേവിഡ് റൂയിസ് മയാമിയുടെ ഗോള്‍ പട്ടിക തികച്ച് നാലാം ഗോളും നേടിയതോടെ മേജര്‍ സോക്കര്‍ ലീഗിലെ കരുത്തുറ്റ ടീമുകളിലൊന്നായ ഫിലാഡല്‍ഫിയ തോല്‍വി നുണഞ്ഞു. സീസണില്‍ ഈസ്റ്റേണ്‍ കോണ്‍ഫറന്‍സില്‍ മൂന്നാം സ്ഥാനത്തുള്ള ടീമാണ് ഫിലാഡല്‍ഫിയ.
ഫൈനലിലെത്തിയതോടെ മയാമി 2024 കോണ്‍കകാഫ് ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടി. ഇതാദ്യമായാണ് ഇന്റര്‍ മയാമി ചാമ്പ്യന്‍സ് കപ്പിന് യോഗ്യത നേടുന്നത്.
Content Highlights: Inter Miami to the final in Inter Continental Cup