ആ പാസ് മെസി എങ്ങനെയാണ് ഗോളാക്കിയതെന്ന് വിശ്വസിക്കാനാകുന്നില്ല: ഇന്റര്‍ മയാമി താരം
Football
ആ പാസ് മെസി എങ്ങനെയാണ് ഗോളാക്കിയതെന്ന് വിശ്വസിക്കാനാകുന്നില്ല: ഇന്റര്‍ മയാമി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 30th August 2023, 6:11 pm

ഇന്റര്‍ മയാമിയിലെത്തിയതിന് ശേഷം കഴിഞ്ഞ ദിവസമാണ് ലയണല്‍ മെസി എം.എല്‍.എസ് ലീഗില്‍ അരങ്ങേറ്റം നടത്തിയത്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരെയായിരുന്നു മെസിയുടെ അരങ്ങേറ്റം. മത്സരത്തില്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് ഇന്റര്‍ മയാമി വിജയിച്ചിരുന്നു.

ഇന്റര്‍ മയാമിയുടെ അപരാജിത കുതിപ്പിന് മെസിയെ പ്രശംസിച്ച് നിരവധിയാളുകളാണ് രംഗത്തെത്തിയത്. മെസി എത്തിയതിന് ശേഷം കളിച്ച 10 മത്സരങ്ങളിലും മയാമി തോല്‍വി വഴങ്ങിയിട്ടില്ല എന്നതും പ്രത്യേകതയാണ്. ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തില്‍ മെസിയുടെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്റര്‍ മയാമി താരം ഫാരിയാസ്.

ന്യൂയോര്‍ക്കിനെതിരായ മത്സരത്തില്‍ ക്രമാഷി നല്‍കിയ പാസ് മെസി എങ്ങനെയാണ് കണ്ടതെന്ന് അദ്ദേഹത്തോട് ചോദിച്ചിരുന്നെന്നും മെസി ചിരിക്കുകയാണ് ചെയ്തതെന്നും ഫാരിയാസ് പറഞ്ഞു.

‘മത്സരത്തിന് ശേഷം ലോക്കര്‍ റൂമില്‍ ഞാന്‍ ലിയോയുടെ അടുത്തായിരുന്നു ഇരുന്നത്. ആ പാസ് നിങ്ങള്‍ എങ്ങനെയാണ് കണ്ടതെന്ന് അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം ചിരിച്ചുകൊണ്ട് മൂന്ന് വിരലുകള്‍ കൊണ്ടൊരു ആംഗ്യമാണ് എനിക്ക് കാണിച്ചുതന്നത്.

ആ ഗോള്‍ അവിശ്വസനീയമാണ്. സ്ലോ മോഷനില്‍ പോലും, ഒരു സ്പ്ലിറ്റ് സെക്കന്‍ഡ് എപ്പോഴും മെസിക്ക് വളരെ കൂടുതലായി തോന്നും,’ ഫാരിയാസ് പറഞ്ഞു.

ന്യൂയോര്‍ക്ക് റെഡ് ബുള്‍സിനെതിരായ മത്സരത്തിന്റെ 37ാം മിനിട്ടില്‍ ഡീഗോ ഗോമെസിന്റെ ഗോളിലൂടെ മയാമി ലീഡെടുത്തിരുന്നു. ആദ്യ പകുതിയില്‍ വിശ്രമത്തിലായിരുന്ന മെസി രണ്ടാം പകുതിയുടെ 60ാം മിനിട്ടിലാണ് കളത്തിലിറങ്ങിയത്. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് ഇതിഹാസത്തിന്റെ ഗോള്‍ പിറക്കുന്നത്.

മത്സരത്തിന്റെ 89ാം മിനിട്ടില്‍ മെസി സ്‌കോര്‍ ചെയ്തതോടെ കളി 2-0 എന്ന നിലയിലായി. മത്സരത്തിന് ശേഷം നിരവധി ആരാധകരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. പോയിന്റ് പട്ടികയില്‍ നിലവില്‍ 14ാം സ്ഥാനത്താണ് ഇന്റര്‍ മയാമി. നാഷ്വില്‍ എഫ്.സിക്കെതിരെയാണ് ഇന്റര്‍ മയാമിയുടെ അടുത്ത മത്സരം.

അമേരിക്കയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ഇന്റര്‍ മയാമി ജേഴ്‌സിയില്‍ മെസിയെത്തിയതിന് ശേഷം കളിച്ച ഒമ്പത് മത്സരങ്ങളിലും ക്ലബ്ബ് വിജയിച്ചിരുന്നു. ഇതുവരെ പതിനൊന്ന് ഗോളും ആറ് അസിസ്റ്റുകളുമാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Inter Miami teammate praises Lionel Messi