'മെസിയുടെ ജേഴ്‌സിക്കായി കാത്തിരുന്ന് താരത്തിന്റെ ഷോര്‍ട്ട്‌സ് അടക്കം കട്ടോണ്ടുപോയി'
Football
'മെസിയുടെ ജേഴ്‌സിക്കായി കാത്തിരുന്ന് താരത്തിന്റെ ഷോര്‍ട്ട്‌സ് അടക്കം കട്ടോണ്ടുപോയി'
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd July 2023, 5:02 pm

അമേരിക്കന്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയില്‍ കഴിഞ്ഞ ദിവസമായിരുന്നു അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയുടെ അരങ്ങേറ്റ മത്സരം നടന്നത്. അമേരിക്കന്‍ ക്ലബ്ബിനായി കളിച്ച ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയ മെസിയെ പുകഴ്ത്തി നിരവധിയാളുകളാണ് രംഗത്തെത്തിയത്.

ലോക ചാമ്പ്യന്റെ അമേരിക്കന്‍ ലീഗിലെ അരങ്ങേറ്റ മത്സരം കാണാന്‍ ടെന്നീസ് ഇതിഹാസം സെറീന വില്യംസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തിയിരുന്നു. ലീഗിന് മാത്രമല്ല രാജ്യത്തിന് മുഴുവന്‍ ഇത് അഭിമാന നിമിഷമാണെന്നാണ് ഇന്റര്‍ മയാമിയുടെ ഉടമസ്ഥരില്‍ ഒരാളായ ഡേവിഡ് ബെക്കാം പറഞ്ഞത്.

മത്സരത്തിന് ശേഷമുള്ള ഇന്റര്‍ മയാമിയുടെ ഡ്രസിങ് റൂം വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് ക്ലബ്ബിലെ യുവതാരമായ ബെഞ്ചമിന്‍ ക്രെമാഷി. മെസിയുടെ ജേഴ്‌സിക്കായി താരങ്ങള്‍ക്കിടയില്‍ മത്സരമായിരുന്നെന്നും അവസാനം താരത്തിന്റെ ഷോര്‍ട്ട്‌സ് അടക്കം ആരെക്കൊയോ എടുത്തുകൊണ്ടുപോയെന്നുമാണ് ക്രെമാഷി പറഞ്ഞത്.

‘ഞാന്‍ വളരെ സന്തോഷവാനാണ്. ഒരു സിനിമയിലേത് പോലുള്ള അനുഭൂതിയായിരുന്നു. ഞാന്‍ ടീമിലെ ഒരംഗമായിരുന്നില്ല. മെസിയുടെ കടുത്ത ആരാധകനായിരുന്നു. എല്ലാവരും അദ്ദേഹത്തിന്റെ ജേഴ്‌സിക്ക് വേണ്ടി മത്സരമായിരുന്നു. ഒടുവില്‍ അദ്ദേഹത്തിന്റെ ഷോര്‍ട്ട്‌സ് അടക്കം ആരൊക്കെയോ കട്ടോണ്ടുപോയി,’ ക്രെമാഷി പറഞ്ഞു.

ലീഗ് കപ്പിലെ ആദ്യ മത്സരത്തില്‍ ക്രൂസ് അസൂളിനെതിരെയായിരുന്നു മെസി കളത്തിലിറങ്ങിയത്. 1-1ന്റെ സമനിലയില്‍ പിരിയാനൊരുങ്ങിയ മത്സരത്തിന്റെ 94ാം മിനിട്ടില്‍ മെസിയുടെ ഫ്രീ കിക്കിലൂടെ ഇന്റര്‍ മയാമി ജയിക്കുകയായിരുന്നു. മയാമിയുടെ വിജയത്തിന് പിന്നാലെ മെസിയെ വാനോളം പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആരാധകര്‍.

എം.എല്‍.എസില്‍ ഒറ്റയാള്‍ പോരാട്ടമാണ് മെസി നടത്തിയതെന്നും ലിയോക്ക് മാത്രമെ അതിന് സാധിക്കൂ എന്നും ആരാധകരില്‍ ചിലര്‍ ട്വീറ്റ് ചെയ്തു. മെസിയെ പ്രശംസിക്കുന്നതോടൊപ്പം ക്രിസ്റ്റ്യാനോയെ വിമര്‍ശിച്ചും ചിലര്‍ രംഗത്തെത്തി. മത്സരത്തിന്റെ ആദ്യ ഇലവനില്‍ മെസി ഉണ്ടായിരുന്നില്ല. ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ റോബേര്‍ട്ട് ടെയ്ലറിലൂടെ മയാമി ലീഡെടുക്കുകയായിരുന്നു. രണ്ടാം പകുതിയുടെ 54ാം മിനിട്ടില്‍ ബെഞ്ചമിന്‍ ക്രെമാസ്ചിക്ക് പകരക്കാരനായാണ് പത്താം നമ്പര്‍ കുപ്പായത്തില്‍ ഇതിഹാസം ഇറങ്ങിയത്.

മെസി ഇറങ്ങി പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേക്കും യൂറിയല്‍ അന്റൂന ക്രൂസ് അസൂളിനായി സമനില പിടിച്ചു. മികച്ച വരവേല്‍പ്പായിരുന്നു ലോക ചാമ്പ്യന് അമേരിക്കന്‍ ലീഗിലെ തന്റെ ആദ്യ മത്സരത്തില്‍ ലഭിച്ചത്. ഓരോ തവണ താരം പന്ത് തൊടുമ്പോഴും ഗ്യാലറിയില്‍ മെസി ചാന്റുകള്‍ മുഴങ്ങി.

Content Highlights: They even stole his short – Inter Miami star opens up on what went down with Lionel Messi’s kit